ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസ് നിയമഭേദഗതി തയാറാക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നു തുറന്നു സമ്മതിച്ചു സിപിഎം. ഇക്കാര്യത്തിൽ നോട്ടപ്പിശകു സംഭവിച്ചു എന്നു മുഖ്യമന്ത്രി വിശദീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് വീഴ്ച പരസ്യമായി സമ്മതിച്ചത്. എന്നാൽ ആരുടെ ജാഗ്രതക്കുറവാണ് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാതെ വിജയരാഘവൻ ഒഴിഞ്ഞുമാറി.

∙ കേന്ദ്ര നേതൃത്വം ഇടപെട്ട് അല്ലേ തിരുത്തിയത് ?

പാർട്ടി എന്നു പറഞ്ഞാൽ കേന്ദ്ര നേതൃത്വം കൂടി ഉൾക്കൊള്ളുന്നതാണ്. പാർട്ടി ഒരു വ്യക്തി അല്ലല്ലോ. 

∙ ഉപദേശകരുടെ ഭാഗത്തു വീഴ്ച ഉണ്ടായോ ?

ജാഗ്രതക്കുറവാണ്. അല്ലെങ്കിൽ തിരുത്തേണ്ട കാര്യമില്ലല്ലോ. ഏതെങ്കിലും വ്യക്തിയുടെയോ ഉപദേശകന്റെയോ വീഴ്ച എന്നു പറഞ്ഞിട്ടില്ല. ശരിയായ ഉദ്ദേശ്യത്തോടെ ഒരു കാര്യം ചെയ്യുമ്പോൾ അത് ആ അളവിൽ എത്തുന്നില്ല എങ്കിൽ തിരുത്തലുകൾ വേണ്ടി വരും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

നിയമഭേദഗതി തിരക്കിട്ടു പിൻവലിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചു മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.  ഭേദഗതിയെ ന്യായീകരിച്ച നിയമമന്ത്രി എ.കെ.ബാലന്റെ പ്രതികരണത്തോടു വിയോജിപ്പും യോഗത്തിലുണ്ടായി.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം

തദ്ദേശ തിരഞ്ഞെടുപ്പിന് അപ്പുറം നിയമസഭാ തിരഞ്ഞെടുപ്പു തന്നെ മുന്നിൽ കണ്ടുള്ള പ്രചാരണ രീതികൾ അവലംബിക്കാൻ സിപിഎം. തദ്ദേശ സ്ഥാപനങ്ങളുടെ നേട്ടങ്ങൾക്കൊപ്പം സർക്കാരിന്റെ വികസന നേട്ടങ്ങളും കേരളമാകെ പ്രചാരണ വിഷയമാക്കാനുള്ള നീക്കം ഇതുകൊണ്ടാണ് . തദ്ദേശ പ്രചാരണത്തിന് എൽഡിഎഫ് നടത്തുന്ന രണ്ടു പരിപാടികളിലും മുഖ്യമന്ത്രി വികസന സന്ദേശം നൽകും. എല്ലാ കാര്യങ്ങളിലും എൽഡിഎഫിനെ വിശ്വാസത്തിലെടുത്തു പോകാനും ധാരണയായി. 

തിരഞ്ഞെടുപ്പിൽ ബിജെപി സഹകരണം ഒപ്പിച്ചെടുക്കാനാണു യുഡിഎഫ് ശ്രമിക്കുന്നത് എന്ന് എ.വിജയരാഘവൻ ആരോപിച്ചു.

∙ വളരെ തുറന്നു പറഞ്ഞുകഴിഞ്ഞു. ഒരു തവണ അല്ലേ തുറക്കാൻ കഴിയൂ. പറഞ്ഞ് അവസാനിപ്പിച്ച കാര്യം വീണ്ടും ഇങ്ങനെ ചോദിക്കണോ?

– എ.വിജയരാഘവൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com