ലീഗ് ദേശീയ നിർവാഹക സമിതി നാളെ ചെന്നൈയിൽ; കോൺഗ്രസിലെ പ്രശ്നങ്ങളും ചർച്ചയാകും
Mail This Article
മലപ്പുറം ∙ നീണ്ട ഇടവേളയ്ക്കു ശേഷം മുസ്‌ലിം ലീഗ് ദേശീയ നിർവാഹക സമിതി നാളെ യോഗം ചേരുമ്പോൾ പ്രധാന അജൻഡയായി 2024 പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ യോഗത്തിനു വേദിയാകുന്നതു ചെന്നൈയാണ്.
പോഷക സംഘടനകളെ സജീവമാക്കൽ, ദേശീയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തൽ, പാർട്ടിയുടെ 75–ാം വാർഷികാഘോഷ പരിപാടികൾക്കു രൂപം നൽകൽ എന്നിവയും ചർച്ചയാകും. സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ സൗഹൃദ സംഗമങ്ങൾ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സംഘടിപ്പിക്കുന്നതിലും തീരുമാനമുണ്ടാകും. നിർവാഹക സമിതിക്കു ശേഷം നാളെ വൈകിട്ട് ചെന്നൈയിൽ നടക്കുന്ന സംഗമത്തിൽ രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
ദേശീയ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങൾ യോഗത്തിൽ മുഖ്യ ചർച്ചയാകും. കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ രാജിയുൾപ്പെടെയുള്ള കാര്യങ്ങൾ സ്വാഭാവികമായും ചർച്ചയ്ക്കുവരുമെന്നു മുതിർന്ന നേതാവ് പറഞ്ഞു. കോൺഗ്രസ് ദുർബലമാകുന്നതിൽ ആശങ്കയുള്ള ഒട്ടേറെ നേതാക്കൾ ലീഗിലുണ്ട്.
Content Highlight: Muslim League