ADVERTISEMENT

അദ്‌ഭുതകരമായ ബുദ്ധിശക്‌തിയും സംഘാടനാസാമർഥ്യവും രാഷ്‌ട്രീയ ലക്ഷ്യവും ഉണ്ടായിരുന്ന ടി.കെ.മാധവനാണ് സാമുദായിക അവശതകൾ പരിഹരിക്കേണ്ടതു പ്രാദേശികമായല്ലെന്ന് ആദ്യം മനസ്സിലാക്കിയത്. അദ്ദേഹം സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്‌ത വൈക്കം സത്യഗ്രഹം അധഃകൃതർ എന്നറിയപ്പെടുന്ന സമുദായങ്ങളുടെ പൗരാവകാശങ്ങളെ ഭാരതീയ, രാഷ്‌ട്രീയ കാര്യങ്ങളുടെ മുന്നണിയിലേക്കു കൊണ്ടുവന്നു... വൈക്കം സത്യഗ്രഹം ഒന്നുതന്നെ മാധവനെ കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ മഹാന്മാരിലും ഒരാളായി ഗണിക്കാൻ ധാരാളം മതിയാവും.’’ 

∙ സർദാർ കെ.എം.പണിക്കർ. ( അഡ്വ.പി.കെ.മാധവൻ എഴുതിയ ടി.കെ.മാധവന്റെ ജീവചരിത്രത്തിന്റെ അവതാരികയിൽനിന്ന്). 

 

അനീതിക്കെതിരായ തീപ്പൊരി വീഴുന്നത് ചില ത്യാഗമനസ്സുകളിലാണ്. അതിനെ കഠിനയത്നത്തിലൂടെ ഉലയൂതിയെടുക്കുമ്പോഴാണ് സാമൂഹികവിപ്ലവം സാധ്യമാകുന്നത്. വൈക്കത്ത് അവർണർക്കു ക്ഷേത്രത്തിനു പുറത്തെ വഴികളിൽപോലും സ‍ഞ്ചാരസ്വാതന്ത്ര്യമില്ല എന്ന കാര്യം ശ്രദ്ധിച്ചതു ടി.കെ.മാധവനാണ്. ദേശീയ പ്രസ്ഥാനത്തിന്റെ, മഹാത്മാഗാന്ധിയുടെ പിന്തുണയോടെ പോരാടാനാണ് അദ്ദേഹം ഉറച്ചത്. കോൺഗ്രസുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്തുകൊടുക്കാൻ സർദാർ കെ.എം.പണിക്കരും സന്നദ്ധനായി. 

ആദ്യമായി പങ്കെടുത്ത കാക്കിനഡ സമ്മേളനത്തിൽ തന്നെ തന്റെ നിലപാടുകൾക്കനുകൂലമായ നയം കോൺഗ്രസിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ മാധവനു കഴിഞ്ഞു. എവിടെയും കടന്നുചെല്ലാനുള്ള തന്റേടവും എന്തും പറഞ്ഞു ബോധ്യപ്പെടുത്താനുള്ള കഴിവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. മാധവനോടു ഗാന്ധിജിക്ക് അതിരറ്റ വാത്സല്യം ഉണ്ടായിരുന്നു. 

ചെട്ടികുളങ്ങര കണ്ണമംഗലം ആലുംമൂട്ടിൽ കേശവൻചാന്നാരുടെയും കോമലേഴത്ത് ഉമ്മിണിയമ്മയുടെയും മകനായ ടി.കെ. മാധവൻ 1885 സെപ്റ്റംബർ രണ്ടിനാണ് ജനിച്ചത്. വിവിധ വിഷയങ്ങളിൽ പാണ്ഡിത്യം നേടി. 1914ൽ ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടു. തുടർന്നു 1915ൽ ദേശാഭിമാനി പത്രം ആരംഭിച്ചു. 

ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും വിശ്വാസം ഒരുപോലെനേടി, വൈക്കം സത്യഗ്രഹത്തിൽ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും പ്രവർത്തകരെ കോൺഗ്രസുകാർക്കൊപ്പം അണിനിരത്താൻ കഴിഞ്ഞു. ക്ഷേത്ര പ്രവേശന വിളംബരം വരെ ജീവിച്ചിരിക്കാൻ സാധിച്ചില്ലെങ്കിലും, ക്ഷേത്ര പ്രവേശനം ഒരു പ്രധാന പ്രശ്‌നമാക്കിത്തീർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ടി.കെ.മാധവൻ 44–ാം വയസ്സിൽ 1930 ഏപ്രിൽ 27ന് ആണ് അന്തരിച്ചത്. 

‘അദ്ഭുതാവഹമായ പ്രവർത്തനശേഷിയുള്ള നേതാവ്’ എന്നായിരുന്നു ടി.കെ.മാധവനെ ഗാന്ധിജി വിശേഷിപ്പിച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ മാത്രമല്ല, ജാതിമതഭേദമെന്യേ ഇന്ത്യയെ മുഴുവൻ തന്നെ വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമാക്കിയതു ടി.കെ. മാധവന്റെ അദ്ഭുതകരമായ കർമകുശലതയാണെന്നു സഹോദരൻ അയ്യപ്പൻ വിലയിരുത്തി. 

 

ഗാന്ധിജി ദുഃഖിതനായി

‘വൈക്കം സത്യഗ്രഹത്തിലുണ്ടായിരുന്ന മാധവൻ ഇപ്പോൾ എവിടെയുണ്ട്?’ 1934ൽ കോഴിക്കോട്ടു വന്നപ്പോൾ മഹാത്മജി ചോദിച്ചു. മാധവൻ മരിച്ചുപോയല്ലോ, അക്കാര്യം അറിഞ്ഞില്ലേയെന്ന് അവിടെയുണ്ടായിരുന്നവർ തിരക്കിയപ്പോൾ ഗാന്ധിജി ദുഃഖിതനായി. മാധവന്റെ ചരമവാർത്ത അറിയിക്കുമ്പോൾ ഗാന്ധിജി യേർവാഡ ജയിലിലായിരുന്നു. ഉപവാസത്തിലായിരുന്ന അദ്ദേഹത്തിന് അധികൃതർ ആ സന്ദേശം കൈമാറിയില്ല. കേരളത്തിൽ കാലെടുത്തുവച്ചതു മുതൽ താൻ മാധവനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് അദ്ദേഹം സങ്കടത്തോടെ പറഞ്ഞു. 

 

മന്നത്ത് പത്മനാഭൻ 

സത്യഗ്രഹത്തിന്റെ വിജയത്തിന് 500 പേരടങ്ങുന്ന സവർണജാഥ സംഘടിപ്പിച്ച് തിരുവനന്തപുരത്തെത്തി സഞ്ചാരസ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശന വിളംബരത്തിനും വേണ്ടിയുള്ള നിവേദനം രാജകൊട്ടാരത്തിൽ എത്തിക്കണമെന്ന് ഒരു കത്തിലൂടെ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു. 500 സവർണരെ സംഘടിപ്പിക്കുന്നത് അക്കാലത്ത് എളുപ്പമുള്ള കാര്യമല്ലാത്തതിനാൽ ടി.കെ.മാധവൻ ഉൾപ്പെടെയുള്ളവർ വിവരം മന്നത്ത് പത്മനാഭനെ ധരിപ്പിച്ചു. അങ്ങനെയാണ് സവർണജാഥ മന്നത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്നു പുറപ്പെട്ടത്. 1924 നവംബർ 1 മുതൽ 11 വരെ ആയിരുന്നു ജാഥ. 

 

കെ.പി.കേശവമേനോൻ 

കോൺഗ്രസ് കാര്യദർശിയായിരുന്ന കെ.പി.കേശവമേനോൻ 1924 മാർച്ച് 20നു പുറപ്പെടുവിച്ച അഭ്യർഥനയോടെയാണ് വൈക്കം സത്യഗ്രഹത്തിന് ആദ്യചുവടുവച്ചത്. സത്യഗ്രഹത്തിനു വൊളന്റിയർമാരെ ക്ഷണിച്ചുള്ളതായിരുന്നു അഭ്യർഥന. അയിത്തവും തൊടീലും കേരളത്തിൽനിന്ന് അകറ്റുമെന്നു പ്രതിജ്ഞ ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കെ.പി.കേശവമേനോൻ, ബാരിസ്റ്റർ എ.കെ.പിള്ള എന്നിവർ സമരത്തിനു മുൻപേ തന്നെ പ്രചാരണം നടത്തിയിരുന്നു. രണ്ടാം ഘട്ടമായി അറസ്റ്റ് വരിച്ചവരിൽ കെ.പി.കേശവമേനോൻ ഉൾപ്പെട്ടു. എ.കെ.പിള്ള, വേലായുധമേനോൻ, ടി.ആർ.കൃഷ്ണസ്വാമി അയ്യർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, ബാരിസ്റ്റർ ജോർജ് ജോസഫ് തുടങ്ങിയ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. 

 

കെ. കേളപ്പൻ 

വൈക്കം സത്യഗ്രഹം കേളപ്പജിയുടെ അവിശ്രമമായ പ്രവർത്തനങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഗുരുവായൂർ സത്യഗ്രഹത്തിലൂടെ, ഉപ്പു സത്യഗ്രഹം അടക്കമുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ, മദ്യവർജന പ്രസ്ഥാനത്തിലൂടെ കേരള ഗാന്ധിയായി മാറുകയായിരുന്നു കെ.കേളപ്പൻ. എൻഎസ്എസ് സ്ഥാപക പ്രസിഡന്റായ കെ.കേളപ്പൻ (1889–1971) വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച അയിത്തോച്ചാടന കമ്മിറ്റിയുടെ അധ്യക്ഷനും ഗുരുവായൂർ സത്യഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയും ആയിരുന്നു. 1930 ൽ കോഴിക്കോട് നിന്നു പയ്യന്നൂരിലേക്ക് ഉപ്പ് സത്യഗ്രഹ ജാഥ നയിച്ച കേളപ്പൻ വ്യക്തി സത്യഗ്രഹത്തിനായി ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയനാണ്.

English Summary : Writeup about TK Madhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com