ADVERTISEMENT

പാലക്കാട് / കാസർകോട് ∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമിച്ചതു താൻ തന്നെയെന്നു കെ.വിദ്യ സമ്മതിച്ചതായി അഗളി പൊലീസ് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 

കാസർകോട് കരിന്തളം കോളജിലെ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിൽ തന്നേക്കാൾ യോഗ്യതയുള്ളയാൾ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞാണു സർട്ടിഫിക്കറ്റ് നിർമിച്ചത്. സർട്ടിഫിക്കറ്റിലെ വാചകങ്ങൾ തന്റെ മൊബൈലിലാണു ടൈപ്പ് ചെയ്തത്. ആസ്പയർ ഫെലോഷിപ്പിനു മഹാരാജാസ് കോളജിൽ നിന്നു കിട്ടിയ സർട്ടിഫിക്കറ്റിൽ നിന്നു കോളജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും ക്യാം സ്കാനർ ഉപയോഗിച്ചു സ്കാൻ ചെയ്ത് ഇമേജ് ആക്കി. കോളജിന്റെ ലോഗോ ഗൂഗിളിൽ നിന്നു ഡൗൺലോഡ് ചെയ്തു. ഇവയെല്ലാം ചേർത്താണു സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ മൊബൈൽ താഴെ വീണു കേടുപറ്റിയതിനാൽ ഉപേക്ഷിച്ചുവെന്നാണു പൊലീസിനോടു പറഞ്ഞത്. 

അട്ടപ്പാടി ഗവ.കോളജിലെ അഭിമുഖത്തിനും ഇതിന്റെ പകർപ്പ് സമർപ്പിച്ചു. അഭിമുഖം കഴിഞ്ഞു മടങ്ങുമ്പോൾ, സംശയം ഉന്നയിച്ച് അവിടത്തെ അധ്യാപിക വിളിച്ചതോടെ അതിന്റെ അസ്സൽ അട്ടപ്പാടി ചുരത്തിൽ പൊലീസ് എയിഡ് പോസ്റ്റ് കഴിഞ്ഞുള്ള രണ്ടാമത്തെ വളവിൽ വച്ചു കീറി കാട്ടിലേക്ക് എറിഞ്ഞു. വിദ്യയുടെ മെയിലിൽ നിന്ന് ഇതു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ വച്ചു പരിചയപ്പെട്ട കോഴിക്കോട് കുട്ടോത്തുള്ള റോവിത്തിന്റെ വീട്ടിൽ ഈ മാസം എട്ടിനാണു താൻ എത്തിയതെന്നും വിദ്യ പൊലീസിനോടു പറഞ്ഞു. 

50,000 രൂപയുടെ ബോണ്ട്, സമാനതുകയ്ക്കു 2 പേരുടെ ഉറപ്പ് എന്നീ വ്യവസ്ഥകളോടെയാണു മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കാവ്യ സോമൻ ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്നും വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച സ്ഥലം, ഉപകരണം എന്നിവയെക്കുറിച്ച് അറിയാൻ കസ്റ്റഡിയിൽ വിടണമെന്നും അസി.പബ്ലിക് പ്രോസിക്യൂട്ടർ വി.വഹാബ് വാദിച്ചു. 

അതേസമയം, കരിന്തളം ഗവ.കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ 3 ദിവസത്തിനകം ഹാജരാകാൻ നീലേശ്വരം എസ്എച്ച്ഒ കെ.പ്രേംസദൻ നോട്ടിസ് നൽകി. അറസ്റ്റിന് അപേക്ഷ നൽകാനാണു നീലേശ്വരം പൊലീസ് കോടതിയിൽ എത്തിയതെങ്കിലും ജാമ്യം അനുവദിച്ചതോടെയാണ് നോട്ടിസ് നൽകാൻ തീരുമാനിച്ചത്. ഒരു കേസിൽ കോടതി ജാമ്യം അനുവദിച്ചയാളെ സമാന സ്വഭാവമുള്ള കേസിൽ വീണ്ടും അറസ്റ്റ് ചെയ്യുന്നത് അനുചിതമാണെന്ന നിയമോപദേശത്തെത്തുടർന്നാണ് ഇതെന്ന് പൊലീസ് പറഞ്ഞു. 

English Summary: K Vidya released on Bail

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com