ADVERTISEMENT

‘ചേരികൾക്കും കുടിലുകൾക്കും നടുവിൽ ഗംഭീരങ്ങളായ ആരാധനാലയങ്ങൾ പണിയാൻ അയയ്ക്കപ്പെട്ടവനല്ല ക്രിസ്തു. ഹൃദയങ്ങളെ ആരാധനാലയങ്ങളും ആത്മാവിനെ അൾത്താരയും മനസ്സിനെ പുരോഹിതനുമാക്കാൻ വന്നവനാണ്’– ഇതെഴുതിയ ഖലീൽ ജിബ്രാന്റെ നാട് ലബനനാണ്. ആ ലബനനിന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് 20 കിലോമീറ്റർ അകലെ ‘അച്ചാനെ’ എന്ന സ്ഥലത്തെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ കേരളത്തിലെ യാക്കോബായ സഭയുടെ തദ്ദേശീയ അധ്യക്ഷന് ഇന്ന് അഭിഷേകമാണ്. ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്കാബാവായാകുന്നു. അദ്ദേഹത്തെ നേരിൽ കാണുമ്പോൾ മുറിയിലെ മേശപ്പുറത്ത് ഖലീൽ ജിബ്രാന്റെ കവിതകളുടെ പുസ്തകമുണ്ടായിരുന്നു.

ജിബ്രാന്റെ വരികളുടെ ആത്മാവ് മാർ ഗ്രിഗോറിയോസിന്റെ വാക്കുകളിലുണ്ടായിരുന്നു. സമാധാനത്തെ അദ്ദേഹം വെല്ലുവിളിയായും സാധ്യതയായും കാണുന്നു. സഭ പണിതുകൊടുക്കുന്നതല്ല പള്ളിയെന്നും ജനം പണിതുണ്ടാക്കുന്നതാണെന്നും അദ്ദേഹം കരുതുന്നു. നിയമവും കോടതിയും ഹൃദയങ്ങളെ ചേർത്തുകൊള്ളണമെന്നില്ലെന്നും ഹൃദയങ്ങൾ ചേർന്നാൽ കോടതിയും വ്യവഹാരവും വേണ്ടിവരില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

കേരളത്തിലെ സുറിയാനി ക്രൈസ്തവ സമൂഹത്തിലെ വളരെ പഴക്കമുള്ള വഴക്കാണ് ഓർത്തഡോക്സ് – യാക്കോബായ സഭകൾ തമ്മിലുള്ളത്. പിളർന്നും വളർന്നും നീങ്ങുന്ന ഇരുസഭകൾക്കുമിടയിൽ സൗഹൃദത്തിനു പലരും പലവട്ടം ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. വഴി പിരിഞ്ഞും ഇടയ്ക്കൊന്നു ചേരാൻ ശ്രമിച്ചും പിന്നെയും പിണങ്ങിയും കോടതി വ്യവഹാരങ്ങളിൽ കുടുങ്ങിയും ഭിന്നിച്ചും അതങ്ങനെ തുടരുകയാണ്. 

ജോസഫ് മാർ ഗ്രിഗോറിയോസിന് ഇക്കാര്യത്തെക്കുറിച്ചു പക്ഷേ, ശുഭപ്രതീക്ഷയുണ്ട്. രണ്ടുവിഭാഗങ്ങളുടെയും പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം പ്രത്യാശയുടെ ഒലിവ് ഇല നീട്ടാനും സഹവർത്തിത്വത്തിനായി കൈകൊടുക്കാനും തയാറാണെന്നു പറയുന്നു. അദ്ദേഹം ഒരു പശ്ചാത്താപത്തിന്റെ അനുഭവം തുറന്നുപറഞ്ഞു. കുറെക്കാലം മുൻപു പള്ളി പിടിച്ചെടുക്കലും മറ്റുമായി സഭാവഴക്കു സജീവമായിരുന്ന സമയം യാക്കോബായ സഭയുടെ കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞതിലൊരു വാചകം ഇങ്ങനെയായിരുന്നു– ‘ആരോടു ക്ഷമിച്ചാലും ഓർത്തഡോക്സ് വിഭാഗത്തിന്റെ കാതോലിക്കാബാവായോടു ക്ഷമിക്കില്ല.’ കാലം ചെയ്ത ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയനായിരുന്നു അന്ന് കാതോലിക്കാബാവാ.

‘പിന്നീട് അദ്ദേഹത്തെ യാത്രയ്ക്കിടയിൽ ഞാൻ കണ്ടു സംസാരിച്ചു. അന്നു പറഞ്ഞ വാക്കുകളിൽ പശ്ചാത്താപമുണ്ടെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ക്ഷമിക്കില്ലെന്ന നിലപാട് ക്രൈസ്തവമല്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്റേതടക്കമുള്ള ഇടവകപ്പള്ളി പോലും കൈവിട്ടുപോവുകയും പൂർവികരെ സംസ്കരിച്ച സെമിത്തേരിയിൽ പ്രാർഥനയർപ്പിക്കാൻ സാഹചര്യമില്ലാതെ വരികയും ഇടവകാംഗങ്ങളായ പലരും പൊലീസ് മർദനത്തിനു വിധേയരാവുകയുമൊക്കെ ചെയ്ത നാളുകളിൽ വൈകാരികമായൊരു പ്രതികരണമായിരുന്നു അത്. അക്കാര്യം ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം അതെക്കുറിച്ചു തിരിച്ചൊന്നും പറഞ്ഞില്ല. മറ്റു പലകാര്യങ്ങളും ഞങ്ങൾ സംസാരിച്ചു. സൗഹൃദത്തോടെ പിരിയുകയും ചെയ്തു. ആ സൗഹൃദാന്തരീക്ഷം എന്തുകൊണ്ടൊക്കെയോ മുന്നോട്ടു കൊണ്ടുപോകാൻ സാഹചര്യമൊത്തുവന്നില്ല. 

Q മധ്യസ്ഥരില്ലാതെ ഇരുകാതോലിക്കാബാവാമാർക്കും തർക്കവിഷയങ്ങൾ സംസാരിച്ച് ക്രിസ്തുവിനു ചേരുന്ന മട്ടിലൊരു പരിഹാരം കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്? 

എന്റെ മുൻഗണനകളിലൊന്ന് അതാണ്. കോടതി വ്യവഹാരത്തിനു വേണ്ടി വരുന്ന പണം സമൂഹത്തിനു പ്രയോജനപ്പെടണം. കുഞ്ഞുങ്ങൾ ജോലിക്കും പഠനത്തിനുമായി വെളിനാടുകളിൽ ചേക്കേറേണ്ടിവരുന്നു. നമ്മുടെ പ്രായമായവർ അഭയവും തണലുമില്ലാതെ ഒറ്റയ്ക്കു കഴിയേണ്ടിവരുന്നു. ഭാഷയിലും പ്രവൃത്തിയിലും അക്രമം നിറയുന്നു. ഇതിനൊക്കെ പരിഹാരം കണ്ടെത്താനാണ് എന്റേതടക്കമുള്ള ക്രൈസ്തവസഭകൾ ശ്രമിക്കേണ്ടത്. അതിനുള്ള പണവും അധ്വാനവും സമയവും തമ്മിലടിച്ചു തീർക്കേണ്ടതല്ല. ഇരുകൂട്ടരുടെയും വിശ്വാസപരമായ സവിശേഷതകൾ നിലനിർത്തി യാഥാർഥ്യ ബോധത്തോടെ സഹോദരങ്ങളായി സഹകരിക്കാനാകണം. എത്രയോ കുടുംബങ്ങൾക്കുള്ളിൽ തന്നെ ഇരുവിഭാഗത്തിലും പെട്ടവരുണ്ട്? വിവാഹബന്ധം വഴിയൊക്കെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇരുവിഭാഗത്തിലും പെട്ട കുടുംബങ്ങൾ എത്രയോ ഉണ്ട്. ഇരുകൂട്ടർക്കുമറിയാം, സഹോദരങ്ങളാണ് അപ്പുറത്തെന്ന്. എന്നിട്ടും ഇങ്ങനെയൊക്കെ ആകുന്നതിൽ സങ്കടമുണ്ട്. അതു മാറ്റണം. കേസിൽ ജനിച്ച് കേസിൽ ജീവിച്ച് കേസിൽ മരിക്കുന്നവരായിപ്പോകരുത് സഭാംഗങ്ങൾ. എന്റെ പേരിലുമുണ്ട് കേസുകൾ. മുറിവേറ്റവരാണ് എല്ലാവരും. അതുണക്കാനാണു ശ്രമം. 

Q സഭാവഴക്കിൽ അനുരഞ്ജനം സാധ്യമാണോ? ‌

അതിന്റെ സാധ്യത തള്ളിക്കളയില്ല. സഭ ദൈവത്തിന്റേതാണ്. സഹോദരങ്ങളാണ് ഇരുപക്ഷത്തും. ഒരേ വിശ്വാസവും ഒരേ പൈതൃകവും ഒരേ ആരാധനയും ഒരേ ആചാരവുമുള്ളവരാണ്. മലങ്കരസഭ പണ്ട് ഒന്നായിരുന്നു. പക്ഷേ കാലങ്ങളായി രണ്ടു സഭയായി തന്നെയാണു പ്രവർത്തിക്കുന്നത്. നമുക്കിനി പരസ്പരം വേദനിപ്പിക്കാതിരിക്കാനെങ്കിലും ശ്രമിക്കേണ്ടിയിരിക്കുന്നു. ക്ഷമിക്കുകയും പൊറുക്കുകയും പാപം ചെയ്തവരെ സ്വീകരിക്കുകയും ചെയ്ത ക്രിസ്തുവിനെക്കുറിച്ചാണ് ഇനി നമ്മൾ പറയേണ്ടത്. പള്ളിയും സെമിത്തേരിയും സംഘർഷസ്ഥലമായിക്കൂടാ. നമ്മൾ നല്ല മനുഷ്യരാകാനാണു ശ്രമിക്കേണ്ടത്. 

Q മനുഷ്യരെ വിഭജിക്കാതിരിക്കാൻ മതനേതാക്കൾക്കു കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? 

A
മതബാഹുല്യം, ബഹുസ്വരത, വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം അതൊക്കെയാണ് ഇന്ത്യയുടെ രാഷ്ട്രീയമായ അസ്തിത്വത്തിന്റെ കാതൽ. അതൊന്നും നിഷേധിക്കപ്പെടരുത്. ഇതര വിശ്വാസങ്ങളെ ആദരിക്കണം. അവമതിപ്പു പാടില്ല.  മതപരിവർത്തനത്തിനു ശ്രമിക്കരുത്. ഒരാൾ സ്വമേധനയാ പരിവർത്തനപ്പെട്ട് ഏതു വിശ്വാസം സ്വീകരിക്കുന്നതും തെറ്റല്ല. സംഘടിതമായും ആസൂത്രിതമായും മതം വളർത്താൻ ആരും ശ്രമിക്കേണ്ടതില്ല. 

Q ക്രൈസ്തവ സഭകളിൽ അദൃശ്യമായെങ്കിലും ജാതിയും വിവേചനവും നിലനിൽക്കുന്നുണ്ടോ? 

ജാതി, വംശം, സാമ്പത്തിക നില, കുടുംബപശ്ചാത്തലം...യാക്കോബായ സഭയിൽ വിശ്വാസികൾക്ക് ഇതൊന്നും ഒന്നിനും തടസ്സമാവില്ല. പള്ളിഭരണവും  പൗരോഹിത്യവുമൊന്നും ആ പരിഗണനകളുടെ പേരിൽ ആർക്കും നിഷേധിക്കപ്പെടില്ല. 

Q 13 വയസ്സിൽ പൗരോഹിത്യത്തിന്റെ ആദ്യപടിയിലേക്കു കാൽവച്ചയാളാണ്. വേണ്ടിയിരുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? 

A
ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ പെരുമ്പിള്ളി തിരുമേനിയാണ് (കാലം ചെയ്ത ഗീവർഗീസ് മാർ ഗ്രിഗോറിയോസ്) ശെമ്മാശപ്പട്ടം തന്നത്. ആ കുപ്പായവും തൊപ്പിയുമൊക്കെ എപ്പോഴും അണിയണമെന്ന് അദ്ദേഹം നിർബന്ധിച്ചിരുന്നു. സ്കൂളിലും കോളജിലുമൊക്കെ അക്കാലത്ത് അതിന്റെയൊരു സ്വാതന്ത്ര്യക്കുറവു തോന്നിയിട്ടുണ്ട്. സഹപാഠികൾ ഈ വേഷത്തെ കളിയാക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ‘ചാമരം’ സിനിമ ഇറങ്ങിയ കാലത്തു ഞാൻ മഹാരാജാസിൽ വിദ്യാർഥിയാണ്. അതിലെ നെടുമുടി വേണു അവതരിപ്പിച്ച പുരോഹിതന്റെ കഥാപാത്രത്തെ വച്ച് കൂട്ടുകാർ പരിഹസിച്ചിട്ടുണ്ട്. പളളി, പ്രാർഥന അങ്ങനെയൊരു രീതിയിൽ വളർന്നു വന്നതുകൊണ്ട് ഇതൊന്നും അസ്വാഭാവികമായി തോന്നിയിട്ടില്ല. പരുമല തിരുമേനിയുടെ കുടുംബത്തിൽനിന്ന് ഒരാൾ പൗരോഹിത്യത്തിലേക്കു വരണമെന്നു പറഞ്ഞതു പെരുമ്പിള്ളി തിരുമേനിയാണ്. കുടുംബത്തിലെ പല തലമുറയിൽ പലരെയായി ആലോചിച്ച് അവസാനം അത് എന്നിലേക്കു വരികയായിരുന്നു. പരുമല തിരുമേനിയുടെ രണ്ടാം തലമുറയിലുള്ളയാളാണ് എന്റെ അപ്പൂപ്പൻ. അദ്ദേഹത്തെ വൈദികനാക്കണമെന്ന് പരുമല തിരുമേനി ആഗ്രഹിച്ചിരുന്നു. അതു നടന്നില്ല. പിന്നീട് എന്റെ അപ്പൂപ്പന്റെ സഹോദരനെയും പരുമല തിരുമേനി അതിനായി ആലോചിച്ചു. അദ്ദേഹം കുറച്ചുകാലം പരുമലയിൽ പോയി താമസിക്കുകയും സുറിയാനി പഠിക്കുകയുമൊക്കെ ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്നു പിൻമാറി. പരുമല തിരുമേനിക്ക് അതിൽ നിരാശയുണ്ടായിരുന്നു. ഇക്കാര്യമൊക്കെ എന്റെ അപ്പൂപ്പൻ പെരുമ്പിള്ളി തിരുമേനിയോടു പറഞ്ഞിട്ടുണ്ട്. 

‘‘മലങ്കരസഭ പണ്ട് ഒന്നായിരുന്നു. പക്ഷേ കാലങ്ങളായി രണ്ടു സഭയായിത്തന്നെയാണു പ്രവർത്തിക്കുന്നത്. നമുക്കിനി പരസ്പരം വേദനിപ്പിക്കാതിരിക്കാനെങ്കിലും ശ്രമിക്കേണ്ടിയിരിക്കുന്നു. ക്ഷമിക്കുകയും പൊറുക്കുകയും പാപം ചെയ്തവരെ സ്വീകരിക്കുകയും ചെയ്ത ക്രിസ്തുവിനെക്കുറിച്ചാണ് ഇനി നമ്മൾ പറയേണ്ടത്. പള്ളിയും സെമിത്തേരിയും സംഘർഷസ്ഥലമായിക്കൂടാ’’

Q യാക്കോബായ സഭയുടെ രാഷ്ട്രീയാഭിമുഖ്യം എങ്ങോട്ട്? 

ആർക്കു വോട്ടു ചെയ്യണമെന്നു പറയില്ല. നിർണായകഘട്ടങ്ങളിൽ കിട്ടിയ പിന്തുണ മറക്കരുതെന്നു പറയാറുണ്ട്. പള്ളികളും സെമിത്തേരിയും നഷ്ടപ്പെടുന്ന കാലത്തു സർക്കാർ സഹായിച്ചിട്ടുണ്ട്. അതിനു നന്ദിയുണ്ട്. അതേസമയം ചിലപ്പോഴൊക്കെ പൊലീസ് ക്രൂരമായി ഇടപെട്ട സാഹചര്യവും ഉണ്ടായി. സർക്കാരുകൾക്കു പരിമിതിയുണ്ട്. അതു മനസ്സിലാക്കും. മുഖ്യമന്ത്രി പിണറായിയും അതിനുമുൻപ് ഉമ്മൻചാണ്ടിയും സഭാപ്രശ്നം രമ്യമായി പരിഹരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തവരാണ്. വ്യക്തിപരമായി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും പി.രാജീവും ബിനോയ് വിശ്വവും സുരേഷ് ഗോപിയുമൊക്കെ അടുപ്പമുള്ളവരാണ്. യാക്കോബായ സഭയിൽ വിശ്വാസികളുടെ രാഷ്ട്രീയ പ്രവർത്തനസ്വാതന്ത്ര്യത്തെ പുരോഹിതൻമാർ ചോദ്യം ചെയ്യാറില്ല. അങ്ങനെ വഴങ്ങുന്നവരുമല്ല ഞങ്ങളുടെ കൂട്ടത്തിലുള്ള ആളുകൾ. 

Q യാക്കോബായ സഭയുടെ കാതോലിക്കാബാവാ എന്ന നിലയിൽ എന്താണ് ഏറ്റവും വലിയ വെല്ലുവിളി? 

സമാധാനമാണു വെല്ലുവിളി. അതു തന്നെയാണു സാധ്യതയും. സഭയിൽ, ലോകത്ത്, രാജ്യത്ത്, കുടുംബത്തിൽ, നാട്ടിൽ, മനസ്സിൽ എല്ലായിടത്തും സമാധാനമാണു വേണ്ടത്. 

എട്ടിൽ പഠിക്കുമ്പോൾ പട്ടമണി‍ഞ്ഞു 

ചെറുകിട കർഷകകുടുംബത്തിലായിരുന്നു ജനനം. 4 സഹോദരങ്ങളായിരുന്നു. ചെറുപ്പത്തിൽ ഗുരുതരമായ മഞ്ഞപ്പിത്തബാധയിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. രോഗം ഗുരുതരമായതിനെത്തുടർന്നു സഹോദരി മരിച്ചു. കളികളിലും സ്പോർട്സിലുമൊക്കെ താൽപര്യമുണ്ടായിരുന്നു. പറ്റിയാൽ നാവികസേനയിലൊരു ജോലി കിട്ട‌ണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം.

പിന്നീട് അൾത്താര ബാലനായി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പെരുമ്പിള്ളി തിരുമേനി വീട്ടിലെത്തി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മഞ്ഞനിക്കര ദയറായിൽ വച്ചു ശെമ്മാശനായത്. ജോസഫ് മാർ ഗ്രിഗോറിയോസിന്റെ ജീവിതത്തിൽ മാർച്ച് 25 പ്രധാനപ്പെട്ട ദിവസമാണ്. 1974ൽ മാർച്ച് 25നാണ് വൈദികപട്ടത്തിനു മുന്നോടിയായി ശെമ്മാശനാകുന്നത്. അന്നു പട്ടമേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. 1984 മാർച്ച് 25ന് വൈദികനായി. ബെംഗളുരു സെന്റ് മേരീസ് പള്ളിയിലും പിന്നീട് ലണ്ടനിലെ സെന്റ് തോമസ് സിറിയൻ പള്ളിയിലും വികാരിയായി. 10 വർഷത്തിനു ശേഷം 1994 ജനുവരി 14ന് ആണ് റമ്പാൻ സ്ഥാനത്തേയ്ക്കു വരുന്നത്. രണ്ടാം ദിവസം ജനുവരി 16ന് 33–ാം വയസ്സിൽ കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയോടെ മെത്രാപ്പൊലീത്ത സ്ഥാനമേറ്റു.

English Summary:

New Catholicos Joseph Mar Gregorios: Joseph Mar Gregorios, the new Catholicos, prioritizes peace and reconciliation within the Jacobite Syrian Christian Church. He hopes to bridge the long-standing division with the Orthodox Church and foster unity within the community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com