പേര് നിര്‍ദേശിച്ചത് അബദ്ധമായി; വേദിയിൽ നേതാക്കളെ 'കുത്തി' അടൂർ പ്രകാശ്

Mail This Article
കോന്നി∙ എഐസിസി അംഗീകരിച്ച സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ബാധ്യസ്ഥനാണെന്ന് അടൂർ പ്രകാശ് എംപി. കോന്നിയിൽ മൽസരിക്കാൻ ഒരാളുടെ പേരു പാർട്ടി ചോദിച്ചപ്പോൾ അബദ്ധത്തിൽ താൻ റോബിൻ പീറ്ററുടെ പേരു പറഞ്ഞു. അത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു. താൻ 1996ൽ കോന്നിയിൽ മൽസരിക്കാൻ വരുമ്പോൾ റോബിൻ പീറ്റർ പഞ്ചായത്ത് അംഗമാണ്. അതിനു ശേഷം ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും അംഗമായി. ഇപ്പോൾ പ്രമാടം പഞ്ചായത്ത് പ്രസിഡന്റാണ്. അങ്ങനെയാണ് പേരു പറഞ്ഞത്. താൻ വന്ന ശേഷമാണ് അദ്ദേഹം പഞ്ചായത്ത് അംഗമായതെന്ന പ്രചാരണം ശരിയല്ല. സീനിയറായ നേതാവാണ്. അതുകൊണ്ടാണ് പേരു പറഞ്ഞത്. ഇപ്പോൾ പി.മോഹൻരാജാണ് സ്ഥാനാർഥി. അദ്ദേഹത്തിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ ഇടഞ്ഞുനിന്ന അടൂർ പ്രകാശിനെ അനുനയിപ്പിച്ചാണ് നേതാക്കൾ വേദിയിലെത്തിച്ചത്. ഡിസിസി അപമാനിച്ചതിനാല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ലെന്ന് അടൂര്‍ പ്രകാശ് രാവിലെ നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് ആദ്യം മുല്ലപ്പള്ളി രാമചന്ദ്രനും പിന്നീട് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി.കണ്‍വന്‍ഷന്‍ വേദിയിലെത്തിയ അടൂര്‍ പ്രകാശിന് അണികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.
അതേസമയം, ഐക്യത്തോടെ പ്രവർത്തിക്കാത്തതിനു ജനങ്ങൾ യുഡിഎഫിനു നൽകിയ താക്കീതാണ് പാലാ തിരഞ്ഞെടുപ്പു ഫലമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകൾ മനസിലാക്കി യുഡിഎഫ് ഒന്നിച്ചു പ്രവർത്തിക്കണം. പാലായിലേതു പോലെ വോട്ട് മറിച്ചു നൽകാൻ ബിജെപി – സിപിഎം ധാരണയുണ്ട്. 5 മണ്ഡലങ്ങളിലും ഇത്തരത്തിൽ ധാരണയിലാണ് അവർ മൽസരിക്കുന്നത്. പ്രചാരണ രംഗത്ത് അടൂർ പ്രകാശ് സജീവമായി ഉണ്ടാകും. രാഷ്ട്രീയത്തിൽ ചില പ്രയാസങ്ങൾ ഉണ്ടാകും. എങ്കിലും പാർട്ടിയാണ് വലുത്. പാർട്ടി ഇല്ലെങ്കിൽ ആരുമില്ലെന്നും ചെന്നിത്തല കോന്നിയിൽ പറഞ്ഞു. സോദരർ തമ്മിലുള്ള പോരൊരു പോരല്ല, സൗഹൃദങ്ങളുടെ കലങ്ങി മറിയൽ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.