ADVERTISEMENT

തിരുവനന്തപുരം∙ തിരുവോണനാളിൽ കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിനുശേഷം അക്രമികൾ ആദ്യം വിവരം ധരിപ്പിച്ചത് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിനെയാണെന്ന ആരോപണത്തിന് മറുപടിയുമായി എംപി നേരിട്ട് രംഗത്ത്. ഈ ആരോപണം തെളിയിക്കേണ്ട ബാധ്യത അത് ഉന്നയിച്ച മന്ത്രിക്കാണെന്ന് അടൂർ പ്രകാശ് മനോരമ ന്യൂസിനോടു പറഞ്ഞു. പ്രതികളാരും തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

‘ഞാൻ പാർലമെന്റ് അംഗമായിട്ട് ഒന്നേകാൽ വർഷമായി. ഈ മണ്ഡലത്തിനു കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള ആളുകൾ വിളിക്കാറുണ്ട്. പാർട്ടിയുള്ളവരും അല്ലാത്തവരും വിളിക്കും. സിപിഎമ്മിന്റെ ആളുകൾ പോലും അവരുടെ ആവശ്യമുന്നയിച്ച് ഫോണിൽ വിളിക്കാറുണ്ട്. ആവശ്യങ്ങൾ ന്യായമെന്ന് തോന്നിയാൽ അതു ചെയ്തുകൊടുക്കേണ്ടത് എന്റെ ചുമതലയാണ്’ – അടൂർ പ്രകാശ് പറഞ്ഞു.

‘കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സഹായം ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. അത് മാർക്സിസ്റ്റ് പാർട്ടി ശീലിച്ചുവന്ന കാര്യമാണ്. അതിലേക്ക് കോൺഗ്രസിനെക്കൂടി വലിച്ചിഴയ്ക്കാനാണ് ശ്രമം. ഇപ്പോൾ എല്ലാ സൗകര്യങ്ങളും അവർക്കുണ്ടല്ലോ. ഭരണം അവരുടെ കയ്യിലാണ്. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് എന്നെ പ്രതികൾ വിളിച്ചിട്ടുണ്ടെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ആരോപണം ഉന്നയിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജനും പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിൽ ആനാവൂർ നാഗപ്പനും ഏറ്റെടുക്കുന്നതാകും നല്ലത്’ – അടൂർ പ്രകാശ് പറഞ്ഞു.

‘ഈ കൊലക്കേസുമായി ബന്ധപ്പെട്ട പ്രതികളിലൊരാള്‍ സിഐടിയുക്കാരനാണ്. ഇത് മറച്ചുപിടിക്കാനുള്ള തന്ത്രമായാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും അന്വേഷണം നടക്കുകയാണല്ലോ. ഈ പറഞ്ഞ ആരോപണവും അന്വേഷിക്കട്ടെ. ഞാൻ പൊതുപ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായി. 23 വർഷം എംഎൽഎയായിരുന്നു. രണ്ടു പ്രാവശ്യം മന്ത്രിയായിരുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരം ഇടപെടലൊന്നും നടത്തിയിട്ടില്ല – അടൂർ പ്രകാശ് പറഞ്ഞു.

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്നായിരുന്നു മന്ത്രി ഇ.പി. ജയരാജന്‍ ആരോപിച്ചത്. കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്‍റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ അടൂര്‍ പ്രകാശിനെതിരെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐയും രംഗത്തെത്തി. ഇരട്ടക്കൊലയിലേക്കു നയിച്ച ഫൈസല്‍ വധശ്രമക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചതിന് തെളിവായാണ് ഓഡിയോ പുറത്തുവിട്ടത്. വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതി ഷജിത്തിന്റേതാണ് ശബ്ദരേഖ.

English Summary: Venjaramoodu Twin Murder: Adoor Prakash against the allegations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com