തിരഞ്ഞെടുപ്പ് കളറാക്കാം, ഹരിതവും; 5776 ടൺ മാലിന്യം ഒഴിവാക്കാൻ ചെയ്യേണ്ടത്
Mail This Article
പാലക്കാട് ∙ കോവിഡ് വ്യാപനത്തിനിടയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പായി മാറ്റാനുള്ള ശ്രമത്തിലാണു തിരഞ്ഞെടുപ്പു കമ്മിഷനും അനുബന്ധ ഏജൻസികളും. നാട്ടിലെ മത്സരം ആകെക്കൂടി കളറാക്കണം. എന്നാൽ അതു പ്ലാസ്റ്റിക്കും ഫ്ലെക്സും ഉപയോഗിച്ചാകരുത് എന്നാണ് ഇത്തവണത്തെ സന്ദേശവും അഭ്യർഥനയും.
‘മാലിന്യത്തിൽ മഹാമാരി വർധിക്കും. പ്ലാസ്റ്റിക് വസ്തുക്കൾ പരമാവധി ഒഴിവാക്കുകയാണ് അത് പ്രതിരോധിക്കാനുള്ള പ്രധാന വഴി. മണ്ണിൽ ലയിക്കാതെ കിടക്കുന്ന വസ്തുക്കൾ അപകടം വിളിച്ചുവരുത്തുമെന്ന് ഒാർമിക്കണം. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം നടപ്പാക്കാൻ ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായാണു സംവിധാനം ഒരുക്കുന്നത്.
രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഉദ്യോഗസ്ഥരും സഹകരിച്ചാൽ ഈ തിരഞ്ഞെടുപ്പ് ഹരിതാഭമാക്കി മാറ്റാം. പ്രചാരണത്തിനു പരമാവധി പ്രകൃതിസൗഹൃദ ഉൽപന്നങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുമെന്നു സ്ഥാനാർഥിയും നേതാക്കളും സംഘടനകളും തീരുമാനിക്കണം. സ്വന്തം ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും കൂടിയാണത്.’
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 21,863 വാർഡുകളിലാണ് മത്സരം. ലഭ്യമായ കണക്കുപ്രകാരം 75,013 പേരാണ് മത്സരിക്കുന്നത്. പതിവുരീതിയിലെ പ്രചരണമായാൽ ഇവർ ഉപയോഗിക്കുന്ന പ്രചാരണ സമാഗ്രികൾ, ഭക്ഷണപ്പൊതികൾ, ഡിസ്പോസിബിൾ വസ്തുക്കൾ. വെള്ളക്കുപ്പികൾ എന്നിവ ഉൾപ്പെടെ വൻ മാലിന്യക്കൂമ്പാരമാണു വരാൻ പോകുന്നത്. വോട്ടെടുപ്പ് കേന്ദ്രങ്ങളിലേത് വേറെ. തദ്ദേശ തിരഞ്ഞെടുപ്പ് മാലിന്യ ഉൽപാദന പ്രവർത്തനമായി മാറ്റരുതെന്നാണ് അഭ്യർഥന.
സ്ഥാനാർഥികൾ ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശവാഹകരായി മാറണം. മാലിന്യം ഒഴിവാക്കാൻ വോട്ടെടുപ്പു ദിവസവും സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസുകളിലും നടപ്പാക്കേണ്ട വ്യവസ്ഥകളും തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഹരിത പെരുമാറ്റച്ചട്ടം പാലിക്കാനും നടപ്പാക്കാനും ജില്ലകൾതോറും ശുചിത്വ, ഹരിത കേരള മിഷൻ സംവിധാനം ഒരുക്കിയിരിക്കുന്നു.
തുണി, നമ്പായ, പാള–ബോർഡുകൾ
കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്തതോ എഴുതി തയാറാക്കിയതോ ആയ ബോർഡുകൾ. കോട്ടണും പേപ്പറും ഉപയോഗിച്ചുളള ബോർഡുകൾ, പനമ്പായ, പുൽപ്പായ, ഒാല, ഈറ, മുള, പാള എന്നിവകൊണ്ടുളള ബോർഡുകളും. അനുമതിയുളള സ്ഥലങ്ങളിൽ ഡിജിറ്റൽബോർഡ് സ്ഥാപിക്കാം.
പേപ്പർ കൊടികൾ
കൊടികൾ പേപ്പറിലോ, കോട്ടൺ തുണിയിലോ നിർമിക്കണം. (കണ്ടാൽ തുണിപോലെ തോന്നുന്ന നോൺ വൂവൺ പോളിപ്രോപ്പലിൻ എന്ന വസ്തു പ്ലാസ്റ്റിക്കാണ്, നിരോധിച്ചിട്ടുണ്ട്)
സഞ്ചിയിൽ കുടിവെള്ളം
സ്ഥാനാർഥി പര്യടനത്തിനും വീടു സന്ദർശനത്തിനും പോകുന്ന സ്ക്വാഡുകൾ സ്റ്റീൽബോട്ടിൽ കൂടി സഞ്ചിയിൽ കരുതി കുപ്പിവെള്ളം ഒഴിവാക്കണം. വാഹനത്തിൽ വാട്ടർ ഡിസ്പെൻസറും കപ്പും സൂക്ഷിക്കാനും മറക്കരുത്.
സോപ്പിട്ടു കഴുകി പാത്രങ്ങൾ
കോവിഡ് വ്യാപനത്തിന്റെ അന്തരീക്ഷത്തിൽ സ്വയം സോപ്പിട്ട് കഴുകി വൃത്തിയാക്കുന്ന കപ്പുകളും പാത്രങ്ങളും ഭക്ഷണത്തിന് ഉപയോഗിക്കണം. സമ്മേളനങ്ങളിലും റാലികളിലും ഒരേ കപ്പ് കൂടുതൽ പേർ ഉപയോഗിക്കാതെ ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകൾ കരുതുക.
പ്രകൃതി, വാഹനം
പര്യടനവാഹനം പ്രകൃതിസൗഹൃദ വസ്തുക്കൾക്കൊണ്ട് അലങ്കരിക്കുക. ഫ്ലെക്സും പ്ലാസ്റ്റിക്കും തെർമോകോളും ഒഴിവാക്കുക. സ്ഥാനാർഥി സ്വീകരണത്തിനു പ്ലാസ്റ്റിക് മാലകളും പൂക്കളും വേണ്ട.
ഭക്ഷണം വേറെ വേറെ
പ്രചരണത്തിനിടയിൽ പ്രവർത്തകർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു പരമാവധി ഒഴിവാക്കണം. സ്വന്തം പാത്രങ്ങൾ ഇതിനായി ഉപയോഗിക്കാം. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. സ്റ്റീൽപാത്രങ്ങളും കപ്പുകളും തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതസേന വഴിയും ലഭ്യമാക്കാം.
ചുമരിൽ ബ്രഷ്കൊണ്ടെഴുത്ത്
ചുമരിൽ ബ്രഷുകൊണ്ടുതന്നെ എഴുതണം, ഫ്ലെക്സ്, ഫോട്ടോ ഫ്ലെക്സുകൾ ഒട്ടിക്കുന്നതും ഒഴിവാക്കണം. ആർച്ചുകൾക്ക് കോട്ടൺ തുണി ബാനർ ഉറപ്പാക്കുക.
ഹരിത നോട്ടിസ്
തിരഞ്ഞെടുപ്പു പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾ അച്ചടിക്കുന്ന നോട്ടിസുകളിൽ ഹരിതസന്ദേശം എഴുതണം.
വോട്ടെടുപ്പ് കഴിഞ്ഞാൽ
ബോർഡുകളും കൊടികളും തോരണങ്ങളും സ്ഥാപിച്ചവർതന്നെ അവ തരംതിരിച്ചു ഹരിതകർമ സേനകൾക്ക് നൽകണം. വോട്ടേഴ്സ് സ്ലിപ്പുകളും ഇങ്ങനെ ശേഖരിക്കാം.
5776 ടൺ തിരഞ്ഞെടുപ്പു മാലിന്യം
സാധാരണ രീതിയിൽ, പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കളും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും വോട്ടെണ്ണലും നടന്നാൽ സംസ്ഥാനത്ത് മൊത്തം ഉണ്ടാകുന്ന മാലിന്യത്തിന്റെ ഏകദേശ കണക്ക്. (ഹരിതകേരള മിഷൻ തയാറാക്കിയത്)
തിരഞ്ഞെടുപ്പ് നടക്കുന്ന മൊത്തം തദ്ദേശ സ്ഥാപനങ്ങൾ–1199
ആകെ വാർഡുകൾ– 21,863
സ്ഥാനാർഥികളുടെ പ്രതീക്ഷിക്കുന്ന എണ്ണം– 75,000 ലേറെ
ബാനറുകൾ, ഹോർഡിങ്ങുകൾ– 1800 ടൺ
കൊടി തോരണങ്ങൾ – 1400 ടൺ
പ്ലാസ്റ്റിക് കുപ്പിവെള്ളം – 1234 ടൺ
ഡിസ്പോസിബിൾ കപ്പുകൾ, പാത്രങ്ങൾ,
നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകൾ, മറ്റ് ഉൽപന്നങ്ങൾ–1342 ടൺ
മൊത്തം മാലിന്യത്തിന്റെ അളവ്– 5776 ടൺ
English Summary: For local body election Go Green says Election Commission