ADVERTISEMENT

തിരുവനന്തപുരം ∙ വിവാദമായ പൊലീസ് ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഓർഡിനൻസ് പിൻവലിക്കാൻ ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നിയമസഭയിൽ വിശദമായി ചർച്ച ചെയ്തശേഷം സൈബർ‌ സുരക്ഷയ്ക്കായി പുതിയ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. 

നിലവിലുള്ള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്.

ഈ മാസം 22ന് ഓർഡിനൻസ് പുറത്തിറങ്ങി. എന്നാൽ, പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നു. സർക്കാരിനെ വിമർശിക്കുന്നവരെ കുടുക്കാനാണ് പുതിയ നിയമമെന്നും വിമർശനമുണ്ടായി. സിപിഎം കേന്ദ്രനേതൃത്വവും പുതിയ നീക്കത്തെ എതിർത്തു. തുടർന്ന്, നിയമഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിൽ ചര്‍ച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നിയമം നടപ്പിലാക്കരുതെന്ന് ഡിജിപിയും നിർദേശം നൽകി.

Content highlights: Kerala police act: Governor signed repealing ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com