കേരളത്തിൽനിന്നുള്ളവർക്ക് കർണാടകയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
Mail This Article
ബെംഗളൂരു∙ കേരളത്തിൽനിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ്19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. കർണാടക സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി പിസിആർ പരിശോധനയുടെ റിപ്പോർട്ടാണ് കൈവശം വയ്ക്കേണ്ടത്.
നേരത്തെ, കേരളത്തിൽനിന്ന് ബെംഗളൂരുവിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് അറിയിച്ചിരുന്നു. സർട്ടിഫിക്കറ്റ് കൈയിലില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു.
‘കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരിശോധന ഊർജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 341 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ദിവസവും 34,000 സാംപിളുകൾ എന്ന നിലയ്ക്ക് പരിശോധനകൾ നടത്തണം. നിലവിൽ ഇത് 20,000 – 22,000 ആണ്. പോസിറ്റീവ് ആകുന്നവരെ ഐസലേറ്റ് ചെയ്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റും.’ – ബിബിഎംപി ആരോഗ്യ വിഭാഗത്തിന്റെ യോഗത്തിനു ശേഷം മഞ്ജുനാഥ പ്രസാദ് പറഞ്ഞു.
English Summary: No entry for people from Kerala without COVID negative test report: Top Bengaluru official