ചരൺജിത് സിങ് ഛന്നി അധികാരമേറ്റു; രാഹുൽ വന്നു, അമരിന്ദർ വിട്ടുനിന്നു

Mail This Article
ചണ്ഡീഗഡ്∙ പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി ചരൺജിത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എസ്.എസ്. രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് വിട്ടുനിന്നു.
ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും ചടങ്ങിൽ പങ്കെടുത്തു.
രാജിവച്ച അമരിന്ദർ സിങ്ങിന്റെ മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഛന്നി, ദലിത് സിഖ് വിഭാഗത്തിൽനിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ്. അമരിന്ദറിനെ നീക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടു രംഗത്തുവന്ന മന്ത്രിസംഘത്തിലെ പ്രമുഖനാണ്. പിസിസി പ്രസിഡന്റും അമരിന്ദറിന്റെ എതിരാളിയുമായ നവജ്യോത് സിങ് സിദ്ദുവിന്റെ വിശ്വസ്തനായ ഛന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു.
ഹൈക്കമാൻഡിന്റെ വിശ്വസ്തയായ മുൻ കേന്ദ്രമന്ത്രി അംബിക സോണിയെ ആദ്യം പരിഗണിച്ചെങ്കിലും മുഖ്യമന്ത്രിയാകാനില്ലെന്ന് അവർ അറിയിച്ചു. സുനിൽ ഝാക്കർ, പ്രതാപ്സിങ് ബാജ്‌വ എന്നിവരുടെ പേരുകളും ഉയർന്നെങ്കിലും പിന്നീട് മന്ത്രി സുഖ്ജിന്ദർ സിങ് രൺധാവയെ കേന്ദ്രീകരിച്ചായി ചർച്ചകൾ. എന്നാൽ ഛന്നിയെ തിരഞ്ഞെടുത്തതായി നിയമസഭാ കക്ഷിയോഗത്തിനുശേഷം ഹരീഷ് റാവത്ത് അറിയിക്കുകയായിരുന്നു. അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏതാനും മാസം മാത്രമാകും ഛന്നിയുടെ കാലാവധി.
English Summary :Charanjit Channi Sworn In As Punjab Chief Minister, Rahul Gandhi Attends