‘വസ്ത്രത്തിന്റെ പേരിൽ വനിതകളെ അപമാനിക്കാൻ സിപിഎം നേതാക്കൾക്ക് നാണമില്ലേ ?’
![k-sudhakaran k-sudhakaran](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/3/3/k-sudhakaran.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ തറക്കൊള്ള നടത്തിയിട്ടും മുഖ്യമന്ത്രി തലയുയർത്തി പൊലീസ് അകമ്പടിയിൽ നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പൊലീസിനെയും മുഖ്യമന്ത്രിയെയും നിയന്ത്രിക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ തയാറാകണം. സർക്കാരിനെതിരെ സമരത്തിനെത്തുന്നവരുടെ ഡ്രസ് കോഡ് അവരവരാണ് തീരുമാനിക്കുന്നത്, സിപിഎം അല്ല. വസ്ത്രധാരണത്തിന്റെ പേരിൽ വനിതകളെ അപമാനിക്കാൻ സിപിഎം നേതാക്കൾക്ക് നാണമില്ലേയെന്നും കെപിസിസി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സുധാകരൻ ചോദിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സംബന്ധിച്ച വിഷയം സമഗ്രമായി അന്വേഷിക്കണം. കലക്ടറെയല്ല, കോർപറേഷനെയാണ് പിരിച്ചു വിടേണ്ടത്. ഇന്നത്തെ സ്ഥിതിയുടെ ഉത്തരവാദികൾ കോർപറേഷനാണ്. സർക്കാരിനെതിരെ ഇടതുപക്ഷത്തുനിന്നുപോലും വിമർശനം ഉയരുകയാണ്. ഇടതുപക്ഷത്തിൽ പുനർവിചിന്തനം നടക്കുന്നു എന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം കാണിക്കുന്നത്. ജനവികാരം സർക്കാരിനെതിരെ തിരിയുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ സിപിഎം തകർത്തു. ചെറുപ്പക്കാർ പഠനത്തിനായി കേരളത്തിൽനിന്ന് വിദേശത്തേക്ക് രക്ഷപ്പെടുകയാണ്.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഒരു വർഷത്തെ പരിപാടികളോടെ ആഘോഷിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. മാർച്ച് 30ന് വൈക്കത്ത് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. ആഘോഷവുമായി ബന്ധപ്പെട്ട് 5 പ്രചാരണ ജാഥകൾ 28, 29 തീയതികളിൽ നടക്കും. മാർച്ച് 13ന് കേന്ദ്രനയങ്ങൾക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തും. പുനഃസംഘടനയ്ക്കായി നാല് ഡിഡിസികളുടെ പട്ടിക കിട്ടിയെന്നും ബാക്കി പട്ടിക കിട്ടിക്കഴിഞ്ഞാൽ പുനഃസംഘടന പൂർത്തിയാക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. സംവരണം പൂർണമായും പാലിച്ചായിരിക്കും പുനഃസംഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: K Sudhakaran slams CPM leaders