‘രാജ്യത്തുടനീളം ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കും’: പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് ടിം കുക്ക്
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആപ്പിൾ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി. ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഡൽഹിയിൽ തുടങ്ങുന്നതിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് നന്ദിയർപ്പിച്ചുകൊണ്ട് ടിം കുക്ക് ട്വീറ്റ് ചെയ്തു.
‘‘ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. സാങ്കേതിക വിദ്യ ഇന്ത്യയുടെ ഭാവിയിൽ പുരോഗമനപരമായ പ്രതിഫലനം സൃഷ്ടിക്കുമെന്ന കാഴ്ചപ്പാട് പങ്കുവച്ചു. വിദ്യാഭ്യാസം, നിർമാണം, വികസനം, പരിസ്ഥിതി തുടങ്ങിയവയിൽ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തും. രാജ്യത്തുടനീളം നിക്ഷേപം നടത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’’– ടിം ട്വിറ്ററിൽ കുറിച്ചു.
ഇതേ ട്വീറ്റ് പ്രധാനമന്ത്രിയും പങ്കുവച്ചു. ‘‘താങ്കളെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയിലുണ്ടാകുന്ന മാറ്റത്തിന് ടെക്നോളജി നൽകുന്ന ഊർജം ഉൾപ്പെടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനായി’ – പ്രധാനമന്ത്രി കുറിച്ചു.
കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടശേഷമാണ് ടിം കുക്ക് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. മുംബൈയിലാണ് ആപ്പിളിന്റെ ആദ്യ സ്റ്റോർ തുറന്നത്.
English Summary: Apple CEO Tim Cook meets PM Modi