ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതനായി. മദ്യനയക്കേസിൽ അറസ്റ്റിലായി 17 മാസത്തിനു ശേഷമാണ് ജയിൽ മോചനം. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപയുടെ ബോണ്ട് നൽകുകയും പാസ്പോർട്ട് സറണ്ടർ ചെയ്യുകയും വേണം എന്നായിരുന്നു നിബന്ധന. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.

ജാമ്യത്തിനായി സിസോദിയയെ വിചാരണ കോടതിയിലേക്ക് അയയ്ക്കുന്നതു നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നു കോടതി നിരീക്ഷിച്ചു. 17 മാസമായി ജയിലിൽ കഴിയുന്ന ഒരാളുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. വേഗത്തിൽ വിചാരണ നടത്തണമെന്ന പൗരന്റെ അവകാശം ലംഘിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം 2023 ഫെബ്രുവരി 26നാണു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് അതേവർഷം മാർച്ച് 9ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തി.

ഡൽഹി സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപന സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ഇതോടെ ‘ഒന്നെടുത്താൽ ഒന്നു സൗജന്യം’ ഉൾപ്പെടെയുള്ള ഓഫറുകളുമായി മദ്യവിൽപന മത്സരാധിഷ്ഠിതമായി. വ്യവസ്ഥകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപു കമ്പനികൾക്കു കൈമാറിയെന്നും ഇതു ടെൻഡർ നേടാൻ സഹായകരമായെന്നുമാണ് ആരോപണം. കമ്പനികൾക്ക് ലൈസൻസ് ഫീസിൽ 144.36 കോടി രൂപ ഇളവു നൽകിയതിലൂടെ സർക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ആരോപണമുണ്ട്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ചു.

English Summary:

Manish Sisodia bail liquor scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com