‘ആ ബുദ്ധികേന്ദ്രം സിൻവർ, ഇത് അവസാനത്തിന്റെ തുടക്കം മാത്രം’: പോരാട്ടം തുടരുമെന്ന് നെതന്യാഹു

Mail This Article
ജറുസലം∙ ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാൻ വിതച്ച തീവ്രവാദത്തിന്റെ വിത്തുകൾ ഓരോന്നായി ഇസ്രയേൽ നശിപ്പിക്കുകയാണെന്നും തുടരുമെന്നും നെതന്യാഹു എക്സിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഹമാസ് തട്ടിക്കൊണ്ടു പോയ അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
‘‘ഒരു വർഷം മുൻപാണ് യഹ്യ സിൻവറിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തിയത്. ജർമനിയിലെ കൂട്ടക്കൊലയ്ക്കു ശേഷം ഇസ്രയേൽ ജനത നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ഞങ്ങളുടെ 1200 പൗരൻമാരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുട്ടികൾ ജീവനോടെ കുഴിച്ചിടപ്പെട്ടു, പുരുഷൻമാരുടെ തലയറുത്തു. 251 ഇസ്രയേലുകാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം സിൻവറാണ്. ഐഡിഎഫിന്റെ സമർഥരായ സൈനികർ റാഫയിൽ വച്ച് സിൻവറിനെ വധിച്ചിരിക്കുകയാണ്.’’– നെതന്യാഹു പറഞ്ഞു.
‘‘ഇത് ഒന്നിന്റെയും അവസാനമല്ല, അവസാനിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണ്. 101 ബന്ദികളെ കൂടി മോചിപ്പിക്കണം, ഹമാസ് ആയുധംവച്ച് കീഴടങ്ങണം. അതുവരെ പോരാട്ടം തുടരും. ബന്ദികളാക്കപ്പെട്ടവരെ ഉപദ്രവിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടി തരുന്നു. നിങ്ങളെ ഇസ്രയേൽ കീഴടക്കും, നീതി നടപ്പാക്കും. പശ്ചിമേഷ്യയിൽ ഇറാൻ സൃഷ്ടിച്ച തീവ്രവാദത്തിന്റെ അച്ചുതണ്ട് തകർന്നടിയുകയാണ്. നസ്‌റല്ല, മുഹ്‌സിൻ, ഹനിയ, ദെഫ്, സിൻവർ എല്ലാവരും കൊല്ലപ്പെട്ടു. ഇറാനിലും ഇറാഖിലും യെമനിലും സിറിയയിലും ലബനനിലും വിതച്ച തിവ്രവാദത്തിന്റെ വിത്തുകൾ ഇസ്രയേൽ പിഴുതെറിയും.’’– നെതന്യാഹു മുന്നറിയിപ്പ് നൽകി.