ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; മുറിക്കുള്ളിൽ കുടുങ്ങിയ ജീവനക്കാരി വെന്തുമരിച്ചു
![electric-scooter-fire-2011 രാജാജിനഗർ നാഗവാര ജംക്ഷനിൽ ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ തീപിടിത്തം (ഇടത്), മരിച്ച പ്രിയ (വലത്)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/11/20/electric-scooter-fire-2011.jpg?w=1120&h=583)
Mail This Article
ബെംഗളൂരു ∙ രാജ്കുമാർ റോഡ് നവരംഗ് ജംക്‌ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. ഇവിടത്തെ കാഷ്യർ പ്രിയ (20) യാണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും തീകെടുത്തൽ തുടർന്നു.
തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് ശ്വാസതടസ്സം നേരിട്ടു. സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.