‘ഡല്‍ഹിയിലെ ജനങ്ങളോട് കണക്കു പറയേണ്ടി വരും’: മോദിക്കു പിന്നാലെ കേജ്‍രിവാളിനെതിരെ അമിത് ഷാ
Mail This Article
ന്യൂഡല്‍ഹി∙ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി അരവിന്ദ് കേജ്‍രിവാൾ കോടികള്‍ പൊടിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘‘കുറച്ചു കുട്ടികള്‍ വീട്ടില്‍ എന്നെ കാണാന്‍ വന്നു. ഡല്‍ഹിക്ക് വേണ്ടി അരവിന്ദ് കേജ്‍രിവാൾ എന്താണ് ചെയ്തത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. ഒരു വലിയ ചില്ലുകൊട്ടാരം പണിതുവെന്ന് അതിലൊരാള്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സര്‍ക്കാര്‍ വാഹനമോ, ബംഗ്ലാവോ എടുക്കില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇന്ന് ഡല്‍ഹിക്കാരുടെ പണം ഉപയോഗിച്ച് അദ്ദേഹം ഒരു ചില്ലുകൊട്ടാരം നിര്‍മിച്ചു. കേജ്‍രിവാൾ ജീ നിങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങളോട് കണക്കു പറയേണ്ടി വരും’’ – അമിത് ഷാ പറഞ്ഞു.
ഡല്‍ഹിയില്‍ ചേരി നിവാസികള്‍ക്കുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേജ്‍രിവാളിനെതിരെ നടത്തിയ വിമർശനങ്ങൾ ഏറ്റുപിടിച്ചാണ് അമിത് ഷായുടെ വിമർശനം. കേജ്‍രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ കോടികളാണ് ചെലവഴിച്ചതെന്നായിരുന്നു മോദിയുടെ ആരോപണം. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 30,000ത്തിലധികം വീടുകള്‍ പിഎം ആവാസ് യോജനയുടെ കീഴില്‍ പണിതുനല്‍കി. ആം ആദ്മി ഡല്‍ഹിയിലെ വിദ്യാഭ്യാസരംഗത്തെ മോശമാക്കിയെന്നും മോദി പറഞ്ഞു.
2,700 കോടി രൂപയ്ക്ക് വീട് പണിത, 8,400 കോടി മുടക്കിയ വിമാനത്തില്‍ പറക്കുന്ന, 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ചില്ലുകൊട്ടാരം പരാമര്‍ശം വരുന്നത് ശരിയല്ല. ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലധികവും നടന്നിട്ടില്ലെന്നുമായിരുന്നു കേജ്‍രിവാളിന്റെ വിമർശനം.