ഡൽഹി മുഖ്യമന്ത്രി ആര്?; ബിജെപി നിയമസഭാ കക്ഷിയോഗം നാളെ ഉച്ചയ്ക്കു ശേഷം

Mail This Article
ന്യൂഡൽഹി ∙ പുതിയ ഡൽഹി മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നാളെ അവസാനിക്കും. ബിജെപിയുടെ നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുമെന്നാണ് വിവരം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 ബിജെപി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ നടന്നേക്കും.
വനിത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണെങ്കിൽ 27 വർഷത്തിനു ശേഷം സുഷമ സ്വരാജിനു പിൻഗാമിയായി ബിജെപിക്കു മറ്റൊരു വനിത കൂടി വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുഷമയ്ക്കു ശേഷം കോൺഗ്രസിന്റെ ഷീല ദീക്ഷിത് 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്നു. അരവിന്ദ് കേജ്‌രിവാൾ രാജിവച്ചതിനു പിന്നാലെ അതിഷിയെ എഎപി മുഖ്യമന്ത്രിയാക്കിയിരുന്നു. മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ഷാലിമാർ ബാഗിലെ നിയുക്ത എംഎൽഎയുമായ രേഖ ഗുപ്ത, ഗ്രേറ്റർ കൈലാഷിൽ എഎപിയുടെ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റോയി എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ ഉയരുന്നത്.
പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അധികാരമേറ്റ് ആദ്യ 100 ദിവസത്തിനുള്ളിൽ പുതിയ സർക്കാരിന്റെ മുൻഗണനകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുക, നഗരത്തിലെ ശുചിത്വം ഉറപ്പാക്കുക, വായു മലിനീകരണവും യമുന മലിനീകരണവും പരിഹരിക്കുക എന്നിവ ഉൾപ്പെടും.