മണലിൽ സൂക്ഷിക്കാനോ? കാരറ്റ് കേടാകാതിരിക്കാൻ ഇനി ഇങ്ങനെ ചെയ്യാം
Mail This Article
ബീറ്റ കരോട്ടിന്‍, ആന്‍റി ഓക്സിഡന്റുകള്‍, നാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങി പോഷകങ്ങളുടെ കലവറയായ കാരറ്റ് എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപ്രദമാണ്. എന്നാല്‍, പെട്ടെന്ന് ചീഞ്ഞുപോകുന്ന ഒരു പച്ചക്കറിയാണ് ഇത്. തണുപ്പ്കാലമാകുമ്പോള്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തുന്ന കാരറ്റ് സൂക്ഷിച്ചുവയ്ക്കാന്‍ അത്ര എളുപ്പമല്ല. ഏതാനും ദിവസം കഴിയുമ്പോള്‍ത്തന്നെ ഇത് കേടായിപ്പോകും. കൂടുതല്‍ കാലം ഫ്രെഷായി സൂക്ഷിച്ചുവയ്ക്കാനിതാ ചില ടിപ്പുകള്‍...
പേപ്പർ ബാഗുകളില്‍ സൂക്ഷിക്കുക
കാരറ്റ് കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്. കാരറ്റ് സൂക്ഷിക്കുന്നതിന് മുമ്പ് ഒരു പത്രത്തിലോ പേപ്പർ ബാഗിലോ പൊതിയുന്നത് ഈര്‍പ്പത്തില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും രക്ഷിക്കും.
മണലില്‍ സൂക്ഷിക്കുക
ആദ്യം തന്നെ കാരറ്റ് നന്നായി കഴുകി ഉണക്കിയെടുക്കുക. ശേഷം മണല്‍ നിറച്ച ഒരു പാത്രത്തില്‍ ഇത് വയ്ക്കുക. ഇത്തരത്തില്‍ രണ്ടാഴ്ച വരെ കാരറ്റ് കേടാകാതെ സൂക്ഷിക്കാം.
റഫ്രിജറേറ്ററില്‍ ശരിയായി സൂക്ഷിക്കുക
കാരറ്റ് റഫ്രിജറേറ്ററിനുള്ളില്‍ ശരിയായി സംഭരിച്ചാൽ, മൂന്നാഴ്ച വരെ കേടാകാതെ നിലനിൽക്കും. ഇതിനായി ആദ്യം കാരറ്റ് വൃത്തിയായി കഴുകി ഉണക്കുക. ഒരു പ്ലാസ്റ്റിക് ബാഗിലോ പേപ്പർ ടവലിലോ പൊതിഞ്ഞ് റഫ്രിജറേറ്ററിന്‍റെ ഡ്രോയറിൽ സൂക്ഷിക്കുക. കാരറ്റ് ഇലകള്‍ ഉണ്ടെങ്കില്‍ അവ ആദ്യമേ മാറ്റണം എന്ന കാര്യം ശ്രദ്ധിക്കുക. പച്ചിലകൾ ഈർപ്പം വലിച്ചെടുക്കുന്നതിനാല്‍, കാരറ്റ് പെട്ടെന്ന് വാടിപ്പോകാന്‍ ഇത് കാരണമാകും.
അരിഞ്ഞ കാരറ്റ് സൂക്ഷിക്കാന്‍
ജോലിക്ക് പോകേണ്ട തിരക്കുള്ളവര്‍ക്ക് പച്ചക്കറികള്‍ എന്നും കഴുകി അരിഞ്ഞെടുക്കുക എന്നത് പ്രായോഗികമല്ല. അതിനാല്‍,കാരറ്റ് തൊലി കളഞ്ഞ് അരിഞ്ഞ് ഒരു സിപ്പ് ലോക്ക് ബാഗിൽ സൂക്ഷിക്കാം. ഇത് ഫ്രിഡ്ജില്‍ വയ്ക്കുക.
വെള്ളത്തില്‍ സൂക്ഷിക്കുക
ആദ്യം കേള്‍ക്കുമ്പോള്‍ അത്ര നല്ലതായി തോന്നില്ലെങ്കിലും, ക്യാരറ്റ് അര മാസം വരെ ഫ്രഷ് ആയി നിലനിർത്താനുള്ള എളുപ്പവഴിയാണിത്. ഇതിനായി ആദ്യം തന്നെ, കാരറ്റിന്‍റെ രണ്ടറ്റങ്ങളും ചെത്തിക്കളഞ്ഞ്, തൊലി കളഞ്ഞ് വൃത്തിയാക്കുക. ഇത് ഒരു ജാറിലോ പ്ലാസ്റ്റിക് ബാഗിലോ വച്ച് അതില്‍ ശുദ്ധമായ വെള്ളം നിറയ്ക്കുക. മൂന്നാലു ദിവസം കൂടുമ്പോള്‍ ഈ വെള്ളം മാറ്റി കൊടുക്കാന്‍ ശ്രദ്ധിക്കണം.