ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മിഷൻ ചെയ്യുന്ന ഇക്കൊല്ലം തന്നെ രണ്ടാം ഘട്ടത്തിന്റെയും നിർമാണം തുടങ്ങും. അദാനി പോർട്സ് പൂർണമായി പണം മുടക്കുന്ന രണ്ടാംഘട്ടം 2028ൽ പൂർത്തിയാക്കും. നാലു വർഷംകൊണ്ട് 9600 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് കേരളത്തിലെത്തുക. ഈ വർഷം മാത്രം ഏതാണ്ടു 3000 കോടി രൂപ ചെലവിടുന്നതോടെ ഇത് സംസ്ഥാനത്ത് ഒരു വർഷം ഒരു കമ്പനിയിൽ നിന്നുള്ള ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാകും.

ആദ്യഘട്ടം പ്രവർത്തനം തുടങ്ങി, തുടർച്ചയായി രണ്ടുവർഷം 75% ശേഷി ഉപയോഗിക്കാനായാൽ രണ്ടാംഘട്ടം തുടങ്ങണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാൽ, രണ്ടാംഘട്ടം ഉദ്ദേശിച്ചതിലും നേരത്തേ 2028ൽ പൂർത്തിയാക്കുന്നതോടെ 40 വർഷത്തിനു പകരം 45 കൊല്ലം അദാനിക്കു തുറമുഖം കൈവശം വയ്ക്കാം. പരിസ്ഥിതി അനുമതിക്കു വേണ്ടിയുള്ള പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിനു മുൻപിലാണ്. ഇപ്പോഴുള്ള 3 കിലോമീറ്റർ പുലിമുട്ട് 4 കിലോമീറ്ററായും 800 മീറ്റർ ബെർത്ത് 2 കിലോമീറ്ററായും രണ്ടാംഘട്ടത്തിൽ മാറും. ഒരു വർഷം 30 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഇതോടെ ആർജിക്കുക. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകും.

കരാർ പ്രകാരം 2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന ആദ്യഘട്ട നിർമാണം നിശ്ചയിച്ചതിലും അഞ്ചുവർഷം വൈകിയെങ്കിലും സർക്കാരിനു വരുമാനം നൽകിത്തുടങ്ങുന്നതിനെ ഇതു ബാധിക്കില്ല. 2034 മുതൽ സർക്കാരിനു വരുമാനം ലഭിച്ചുതുടങ്ങും.

സർക്കാരിന്റെ വരുമാനം (സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ)

2034ൽ ഒരു ശതമാനം, പരമാവധി വരുമാനവിഹിതം 40 %.

2034ൽ– 12.33 കോടി രൂപ

2035ൽ –25.98 കോടി

2036ൽ– 40.97 കോടി

800 മീറ്റർ ബെർത്ത് വരും, രണ്ടു മദർ ഷിപ് അടുക്കും

ട്രയൽ റൺ ഘട്ടത്തിൽ ഒരു മദർ ഷിപ് അടുപ്പിക്കാനുള്ള ബെർത്ത് സൗകര്യമാണു വിഴിഞ്ഞത്തുള്ളത്. കമ്മിഷനിങ് ഘട്ടത്തിൽ 800 മീറ്റർ ബർത്ത് പൂർത്തിയാകുന്നതോടെ ഒരേസമയം രണ്ടു ഷിപ്പുകൾ അടുപ്പിക്കാം. വിവിധ തുറമുഖങ്ങളിലേക്കുള്ള കണ്ടെയ്നറുകളുമായി പുറപ്പെടുന്ന വലിയ ചരക്കുകപ്പലാണു മദർ ഷിപ്. ഈ കപ്പലിലെ കണ്ടെയ്നറുകൾ ചെറിയ ഫീഡർ കപ്പലുകൾ എത്തിയാണു സമീപ തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്നത്. കപ്പൽ ഗതാഗതത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും വരുമാനം ലഭിക്കുന്നതുമായ ട്രാൻസ്‍ഷിപ്മെന്റ് എന്ന പ്രക്രിയയാണു നാളത്തെ ട്രയൽ റണ്ണിനു പിന്നാലെ വിഴിഞ്ഞത്തു നടക്കുക. 16.5 മീറ്റർ വീതം ആഴമുള്ള മുന്ദ്ര, വിശാഖപട്ടണം തുറമുഖങ്ങളിൽ മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ മദർ ഷിപ്പുകൾ അടുക്കുന്നത്. 20 മീറ്റർ ആഴമുള്ള വിഴിഞ്ഞം ആ നിലയ്ക്ക് ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം കൂടിയായി മാറുകയാണ്.

8493.44 കോടിയുടെ പദ്ധതി

∙ഒന്നാംഘട്ടത്തിലെ ആകെ പദ്ധതിച്ചെലവ് 8493.44 കോടി രൂപ

∙പിപിപി മാതൃകയിൽ നിർമാണത്തിനായി മാത്രം 4089 കോടി

∙അദാനിയുടെ വിഹിതം 2454 കോടി (60.01 %)

∙കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വയബിലിറ്റി ഗ്യാപ് ഫണ്ടായി 1635 കോടി (39.99 %)

∙പുലിമുട്ടിനും ഗതാഗതത്തിനും സംസ്ഥാനം മുടക്കേണ്ടത് 5000 കോടി.

∙കേന്ദ്രത്തിനു സംസ്ഥാനം തിരിച്ചു കൊടുക്കേണ്ടതു വരുമാനത്തിന്റെ 20 %

English Summary:

Second phase construction of vizhijam port

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com