‘മത്സരത്തിലുടനീളം ബോളിങ്ങിലും ക്യാപ്റ്റൻസിയിലും അസാമാന്യ മികവ്; ബുമ്ര കപിലിന്റെ വഴിയേ’
Mail This Article
ഈ വിജയം ക്യാപ്റ്റൻ എന്ന നിലയിലും ബോളർ എന്ന നിലയിലും ജസ്പ്രീത് ബുമ്രയ്ക്ക് അവകാശപ്പെട്ടതാണ്. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിൽ തകർന്നുപോയ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഒന്നാം ദിവസത്തിന്റെ അവസാനം 3 വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ സ്പെല്ലായിരുന്നു. മത്സരത്തിലുടനീളം ബോളിങ്ങിലും ക്യാപ്റ്റൻസിയിലും ബുമ്ര മികവുകാട്ടി.
കപിൽ ദേവിനു ശേഷം ബോളിങ് മികവിലൂടെ ടീമിനെ ആകെ ഉത്തേജിപ്പിക്കുന്ന ഇന്ത്യൻ നായകൻ ബുമ്രയാണെന്ന് നിസ്സംശയം പറയാം. രണ്ടാം ദിവസം ഭാരം കൂടിയ റോളർ ഉപയോഗിക്കാനുള്ള ഓസ്ട്രേലിയയുടെ തീരുമാനം അവർക്കുതന്നെ തിരിച്ചടിയായി. ഡ്രോപ് ഇൻ പിച്ചിന്റെ പ്രവചനാതീതമായ സ്വഭാവം കൃത്യമായി ഉപയോഗപ്പെടുത്തിയ ഇന്ത്യൻ പേസർമാരും പ്രശംസ അർഹിക്കുന്നു.
മറുവശത്ത് ഓസ്ട്രേലിയൻ പേസർമാർ നിരാശപ്പെടുത്തിയെന്നു തന്നെ പറയേണ്ടിവരും. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിന്റെയും കെ.എൽ.രാഹുലിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് ഗംഭീരമായി. ഇത്തരമൊരു പിച്ചിൽ എത്രമാത്രം ക്ഷമയോടെയും കരുതലോടെയും ബാറ്റ് ചെയ്യണമെന്ന് രാഹുൽ കാട്ടിത്തന്നു. ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സ്ലോട്ട് സുരക്ഷിതമാണെന്ന് ജയ്സ്വാൾ തന്റെ ഇന്നിങ്സിലൂടെ തെളിയിച്ചു.
വിരാട് കോലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവും അടുത്ത മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഗുണകരമാകും. ഓഫ് സ്പിന്നർമാർക്കെതിരെ പതറാറുള്ള ഓസ്ട്രേലിയയ്ക്കെതിരെ ആർ.അശ്വിനെ കളിപ്പിക്കാവുന്നതാണ്. രോഹിത് ശർമയും ശുഭ്മൻ ഗില്ലും തിരിച്ചുവരുന്നതോടെ ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും പുറത്തിരിക്കേണ്ടി വരും.