ബിഹാറിനെ ‘കറക്കി വീഴ്ത്താൻ’ രഞ്ജി മത്സരം തുമ്പയിലേക്ക് മാറ്റണോ എന്ന് ‘കൺഫ്യൂഷൻ’; ഒടുവിൽ കാര്യവട്ടത്തു തന്നെ ഉറപ്പിച്ചു!
![kerala-cricket-team-wicket-celebration kerala-cricket-team-wicket-celebration](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/22/kerala-cricket-team-wicket-celebration.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന കേരളത്തിന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ തന്നെ നടക്കും. ബിഹാറിനെതിരെ നാളെ മുതലാണ് മത്സരം. സച്ചിൻ ബേബി നയിക്കുന്ന കേരള ടീം ഏറ്റവും ഒടുവിൽ മധ്യപ്രദേശിനെതിരെ കളിച്ചതും കാര്യവട്ടത്തായിരുന്നു. ആ മത്സരത്തിൽ തോൽവിയുടെ വക്കിൽനിന്ന് പൊരുതിയാണ് കേരളം സമനില പിടിച്ചത്.
ബിഹാറിനെതിരായ അടുത്ത മത്സരം സ്പിന്നിന് അനുകൂലമായ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നടത്തുന്നതു പരിഗണിച്ചിരുന്നു. ജയം ലക്ഷ്യമിടുന്ന കേരളത്തിന് കൂടുതൽ അനുകൂലമാവുക സ്പോർട്സ് ഹബിലെ പേസർമാർക്കു കൂടി അനുകൂലമായ പിച്ചായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മത്സരം അവിടെത്തന്നെ നടത്താൻ തീരുമാനിച്ചത്.
എലീറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തുള്ള കേരളം ബിഹാറിനെതിരെ ജയത്തോടെ ക്വാർട്ടറിലെത്താമെന്ന പ്രതീക്ഷയിലാണ്. 26 പോയിന്റുള്ള ഹരിയാന ക്വാർട്ടർ ഉറപ്പിച്ചു. 21 പോയിന്റുള്ള കേരളവും 19 പോയിന്റുള്ള കർണാടകയും തമ്മിലാണ് രണ്ടാം സ്ഥാനത്തിനുള്ള മത്സരം.