സ്പീഡ് പണ്ടേ കൂടുതൽ; ഞാനാണോ ടീമിലെ സ്റ്റൈൽ മന്നൻ?: കെ.പി. രാഹുൽ
Mail This Article
വയസ്സ് 20 മാത്രം. പക്ഷേ, വാക്കുകളിലും കളത്തിലെ ഷോട്ടുകളിലും പ്രായത്തെക്കാൾ പക്വതയും പൂർണതയും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓമനപ്പുത്രനും ഗോളടിവീരനുമാണു കെ.പി.രാഹുൽ ഇപ്പോൾ. ‘കഴിഞ്ഞതു കഴിഞ്ഞു. ചില മത്സരങ്ങളിൽ നമുക്കു പോയിന്റ് എടുക്കാമായിരുന്നു. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ചെയ്യേണ്ടതു ഗ്രൗണ്ടിലാണ്. ഇനി അടുത്ത മത്സരത്തിലാണു ശ്രദ്ധ. കഠിനമായി പരിശീലിക്കുന്നു.100% അർപ്പണത്തോടെ കളിക്കുന്നു’ – ‘മനോരമ ന്യൂസി’നു നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു. രാഹുലിന്റെ വാക്കുകളിൽനിന്ന്:
∙ പോസിറ്റീവ് കോച്ച്
കോച്ച് കിബു വ്യത്യസ്തനാണ്. എളിമയുള്ള ആളാണ്. കളിക്കാർ ഹാപ്പിയായി ഇരിക്കാൻ ആഗ്രഹിക്കുന്നു. എല്ലാവരെയും കരുതലോടെ കാണുന്നു. ഞാൻ പരുക്കേറ്റ് ഇരുന്നപ്പോൾ മുറിയിൽവന്നു വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. പ്രതീക്ഷിക്കാത്ത ഫലം വരുമ്പോൾ പല പരിശീലകരും നിരാശ കാണിക്കും. പക്ഷേ, ഈ കോച്ച് പോസിറ്റീവാണ്. അടുത്ത മത്സരത്തിൽ നോക്കാം എന്നു പറയും.
∙ ബ്ലാസ്റ്റേഴ്സ് കമ്പനി
എല്ലാവരുമായും ഞാൻ കമ്പനിയാണ്. വിദേശതാരങ്ങൾ, നാട്ടുകാർ എന്ന വ്യത്യാസമൊന്നുമില്ല. ടീമിലെ മലയാളികളുമായി രസമായി പോകുന്നു. ഫാൻസിനെ ‘മിസ്’ ചെയ്യുന്നു. അവരുടെ ഇമോഷനും മിസ് ചെയ്യുന്നു. ആരാധകർ വേണം. അതാണു ഫുട്ബോൾ. പക്ഷേ, ഇപ്പോൾ ഇതല്ലാതെ വഴിയില്ല.
∙ സ്പീഡിന്റെ രഹസ്യം
എന്റെ സ്പീഡിന്റെ രഹസ്യം എന്താണെന്നു പലരും ചോദിക്കുന്നു. രഹസ്യമൊന്നുമില്ല. സ്കൂളിൽ പഠിക്കുമ്പോൾ അവിടെ അത്‌ലറ്റിക്സാണുണ്ടായിരുന്നത്. 100 മീറ്റർ ഓട്ടവും മറ്റുമായിരുന്നു. ചെറുപ്പത്തിലേ ഞാൻ ‘സ്പീഡി’ ആയിരുന്നു. ദൈവം തന്നതാവാം.
∙ സ്റ്റൈൽ മന്നൻ
ഞാനാണോ ടീമിലെ സ്റ്റൈൽ മന്നൻ? എനിക്കറിയില്ല. എന്നെക്കാൾ നന്നായി വസ്ത്രം ധരിക്കുന്നവരുണ്ട്. പിന്നെ, ചിലപ്പോൾ തലമുടി കളർ ചെയ്തെന്നിരിക്കും. അത്ര തന്നെ.
English Summary: Interview with KBFC young star KP Rahul