പുഴയിലെ മെസ്സിക്കു ‘കരയിലെ’ നെയ്മാർ മറുപടി; കട്ടൗട്ടിൽ ആരാധക പോരാട്ടം

Mail This Article
കോഴിക്കോട്∙ പുല്ലാവൂരിൽ നദിയില്‍ ഉയർത്തിയ അർജന്റീന താരം ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ടിനു സമീപം നെയ്മാറിന്റെ കട്ടൗട്ട് ഉയർത്തി ബ്രസീൽ ആരാധകർ. മെസ്സിയുടെ കട്ടൗട്ടിന്റെ ചിത്രങ്ങളും വിഡിയോയും രാജ്യാന്തര തലത്തിൽ വൈറലായിരുന്നു. അർജന്റീന മാധ്യമങ്ങളിൽ കോഴിക്കോട്ടെ പുല്ലാവൂർ ഗ്രാമത്തിലെ മെസ്സി ആരാധകരുടെ റിപ്പോർട്ടുകളും വന്നിരുന്നു.
മെസ്സിയുടെ കട്ടൗട്ട് തയാറാക്കി സ്ഥാപിക്കുന്നതിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തു. മുപ്പത് അടിയോളമുള്ള മെസ്സിയുടെ കട്ടൗട്ടിനു സമീപം 40 അടിയുള്ള നെയ്മാറിന്റെ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ സ്ഥാപിച്ചത്. നവംബർ 20നാണ് ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിനു തുടക്കമാകുന്നത്.
22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ പോരാട്ടം. സൗദി, മെക്സിക്കോ, പോളണ്ട് ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അർജന്റീന കളിക്കേണ്ടത്. 25ന് സെർബിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. സ്വിറ്റ്സർലൻഡ്, കാമറൂൺ, സെർബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണു ബ്രസീൽ.
English Summary: Neymar cut out in Pullavur river