നിരാശ! വീഴ്ച ആദ്യ പകുതിയിൽ തന്നെ; ഉസ്ബക്കിസ്ഥാനു മുന്നിൽ വീണ് ഇന്ത്യ
Mail This Article
അൽ റയാൻ (ഖത്തർ) ∙ ഓസ്ട്രേലിയയ്ക്കെതിരെ തോറ്റത് രണ്ടാം പകുതിയിലെങ്കിൽ ഇത്തവണ വീഴ്ച ആദ്യ പകുതിയിൽ തന്നെ! 90 മിനിറ്റും ഒരേ മികവോടെ കളിക്കുക എന്ന പ്രാഥമിക പാഠം മറന്ന ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ ഉസ്ബക്കിസ്ഥാനെതിരെ നിരാശാജനകമായ തോൽവി (3–0). ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിലെ പോരാട്ടവീര്യം മറന്നാണ് ഇന്നലെ ഇന്ത്യയുടെ നിറംമങ്ങിയ പ്രകടനം.
കളിയുടെ 4–ാം മിനിറ്റിൽ തന്നെ ആദ്യഗോൾ വഴങ്ങിയ ഇന്ത്യ ഇടയ്ക്കിടെയുള്ള മിന്നലാട്ടങ്ങൾ മാത്രമാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയം നിറഞ്ഞ ആരാധകർക്കു മുന്നിൽ കാഴ്ചവച്ചത്. തോൽവിയോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷ മങ്ങി. 23ന് സിറിയയ്ക്കെതിരെയാണ് ബി ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം.
ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ പകുതി ഗോൾ വഴങ്ങാതെ ചെറുത്തു നിന്നെങ്കിൽ ഇത്തവണ ഹാഫ് ടൈമിനു മുൻപാണ് ഇന്ത്യ 3 ഗോളുകളും വഴങ്ങിയത്. അബോസെബക് ഫയ്സുല്ലായേവ് (4–ാം മിനിറ്റ്), ഇഗോർ സെർജിയേവ് (18), ഷെർസോദ് നസ്റുല്ലായേവ് (45+4) എന്നിവരാണ് ഉസ്ബക്കിസ്ഥാന്റെ ഗോളുകൾ നേടിയത്. 2 ഗോളിനു പിന്നിലായ ശേഷം ഇന്ത്യ ഉണർന്നു കളിച്ചെങ്കിലും ആദ്യ പകുതിയുടെ അധികസമയത്തു വന്ന മൂന്നാം ഗോൾ തളർത്തി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മലയാളി താരം കെ.പി.രാഹുൽ ചടുലമായ മുന്നേറ്റങ്ങളിലൂടെ കളം നിറഞ്ഞെങ്കിലും ഗോൾ നേടായില്ല. രാഹുലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് ഇന്ത്യയ്ക്കു വലിയ നിരാശയായി.
ഫയ്സുല്ലാവിനെ മാർക് ചെയ്യുന്നതിൽ ഇന്ത്യൻ പ്രതിരോധനിര വരുത്തിയ പിഴവാണ് ഉസ്ബെക്കിസ്ഥാന്റെ ആദ്യ ഗോളിൽ കലാശിച്ചത്. സെക്കൻഡ് പോസ്റ്റിൽ നിന്നുള്ള ഹെഡർ വലകുലുക്കിയപ്പോൾ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു നിസ്സഹായനായി. 16–ാം മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ നിന്നായിരുന്നു ഉസ്ബക്കിസ്ഥാന്റെ രണ്ടാം ഗോൾ. രാഹുൽ ഭെകെ വിട്ടുനൽകിയ പന്തിൽ നിന്ന് ഉസ്ബക്കിസ്ഥാന്റെ മുന്നേറ്റം. ആകാശ് മിശ്ര ക്ലിയർ ചെയ്ത പന്ത് പോസ്റ്റിലിടിച്ച് വന്നുവീണത് സെർജീവിന്റെ കാൽക്കൽ. തകർപ്പൻ ഷോട്ടിൽ പന്ത് അനായാസം വലയിൽ. പിന്നാലെ ബോൾ പൊസഷനിൽ ഇന്ത്യ മുൻതൂക്കം നേടിയെങ്കിലും അപ്രതീക്ഷിതമായി മൂന്നാം ഗോളും വന്നു. ഭെകെയുടെ പിഴവിൽ നിന്നു തന്നെ കിട്ടിയ പന്ത് റീബൗണ്ടിലൂടെ വലയിലെത്തിച്ചത് നസ്റുല്ലായേവ്.
ഇന്നലെ മറ്റു മത്സരങ്ങളിൽ ഓസ്ട്രേലിയ 1–0ന് സിറിയയെയും ഖത്തർ തജിക്കിസ്ഥാനെയും തോൽപിച്ചു (1–0).