‘ഐഎസ്എല്ലില്‍ മലയാളി താരങ്ങളുടെ എണ്ണം കൂട്ടണം, സൂപ്പർ ലീഗ് കേരളയിൽ പുതിയ ടീമുകൾ വരും’
![firoz-miran-1 firoz-miran-1](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/11/2/firoz-miran-1.jpg?w=1120&h=583)
Mail This Article
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി താരങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കാന്‍ സാധിക്കണമെന്ന് സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാൻ. സൂപ്പർ ലീഗ് കേരളയിലെ കഴിവു തെളിയിക്കുന്ന യുവതാരങ്ങൾക്ക് ഉയർന്ന ലീഗുകളിൽ അവസരം കിട്ടുമെന്നാണു പ്രതീക്ഷയെന്നും ഫിറോസ് മീരാൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. ‘‘സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ ഡെവലപ്പ്മെന്റൽ താരങ്ങളായി 40 പേരിൽ കൂടുതലുണ്ട്. ആദ്യ റൗണ്ട് മുതൽ എട്ടാം റൗണ്ട് വരെയുള്ള മത്സരങ്ങൾ നോക്കിയാൽ ഇവരിലുണ്ടായ മാറ്റമെന്നത് വളരെ വലുതാണ്. തിരുവനന്തപുരം കൊമ്പൻസിൽ അഷർ, കണ്ണൂരിന്റെ റിഷാദ് തുടങ്ങിയ താരങ്ങൾക്ക് പന്തു കിട്ടുമ്പോൾ തന്നെ സ്റ്റേഡിയത്തിലെ മാറ്റം നമുക്കു മനസ്സിലാകും. ഓരോ ടീമിലും ഇങ്ങനെയുള്ള താരങ്ങള്‍ ഉയർന്നുവരുന്നുണ്ട്.’’
‘‘സൂപ്പർ ലീഗിലെ പ്രതിഭകൾ ഉറപ്പായും ഉയർന്ന ലീഗുകളിലേക്കു പോകുമെന്നാണു പ്രതീക്ഷ. നിലവിൽ 33 മത്സരങ്ങളാണ് സൂപ്പര്‍ ലീഗിലുള്ളത്. കൂടുതൽ ടീമുകൾ വരുന്നത് അനുസരിച്ച് ലീഗിന്റെ ദൈർഘ്യവും കൂടും. വരും വർഷങ്ങളിൽ രണ്ടോ, മൂന്നോ ജില്ലകളിൽനിന്നുള്ള ടീമുകളും ലീഗിൽ കളിക്കും. വയനാട്, കൊല്ലം, കാസർകോട് ജില്ലകളുടെ ടീമുകൾ ഉണ്ടാകുമെന്നാണു കരുതുന്നത്. തെക്കൻ കേരളത്തിൽ ഇനിയും ടീമുകൾക്കു സാധ്യതയുണ്ട്.’’
![super-league-kerala super-league-kerala](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/10/25/super-league-kerala.jpg?w=845&h=440)
‘‘ഒരു ഘട്ടം കഴിഞ്ഞാൽ താരങ്ങൾക്ക് അടുത്തതിലേക്കു പോകാൻ സാധിക്കണം. കൂടുതൽ ഗെയിം ടൈം കിട്ടണം. ഈ വർഷം കേരള ഫുട്ബോൾ അസോസിയേഷനും സ്കോർ ലൈനും ചേർന്ന് 870 മത്സരങ്ങളാണ് ഗ്രാസ്റൂട്ട് ലെവലിൽ സംഘടിപ്പിച്ചത്. മൂവായിരത്തോളം കുട്ടികളാണ് അതിന്റെ ഭാഗമായത്. അണ്ടർ 13, 14, 17 അതിനു ശേഷം കെപിഎൽ, സൂപ്പർ ലീഗ് കേരള, തുടർന്ന് ഐ ലീഗ് അല്ലെങ്കിൽ ഐഎസ്എൽ, അങ്ങനെ അവസരങ്ങൾ ഉണ്ടാക്കുകയെന്നതു വളരെ പ്രധാനമാണ്. ഐഎസ്എല്ലിലെ 45 കേരള താരങ്ങൾ എന്നതിൽനിന്ന് ഉറപ്പായും മാറ്റം വരണം.’’
![firoz-navas-meeran-1 സൂപ്പര്‍ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനും.](https://img-mm.manoramaonline.com/content/dam/mm/mo/sports/football/images/2024/11/2/firoz-navas-meeran-1.jpg)
ലാഭം ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടുള്ളവരാണ് സൂപ്പർ ലീഗിലെ നിക്ഷേപകരെന്നും ഫ്രാഞ്ചൈസികളുടെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചാണ് ലീഗ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഫിറോസ് മീരാൻ വ്യക്തമാക്കി. ‘‘ഇന്ത്യയിൽ ഫുട്ബോളിനെ കൂടുതലായി പിന്തുടരുന്ന രണ്ടോ, മൂന്നോ സ്ഥലങ്ങൾ എടുത്താൽ ഒന്ന് കേരളമായിരിക്കും. നമുക്ക് ഒരു ഫുട്ബോൾ പാരമ്പര്യമുണ്ട്. ഫുട്ബോളിനായി ഒരു സുസ്ഥിരമായ സംവിധാനം തയാറാക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. സൂപ്പർ ലീഗ് കേരളയുടെ ബജറ്റ് 6–8 കോടി വരെ ഒക്കെയാണ്. സൂപ്പർ ലീഗിലെ ടീമുകളുടെ ഉടമകൾ ഒരുപാട് പണം ഒഴുക്കിക്കളയാൻ ആഗ്രഹിക്കുന്ന ആളുകളല്ല. പക്ഷേ ലാഭം ഇല്ലെങ്കിലും കുഴപ്പമില്ല എന്നു ചിന്തിക്കുന്നവരാണ്. ആദ്യം കുറച്ചുകൂടി ഉയർന്ന ബജറ്റിലായിരുന്നു ലീഗ് ആലോചിച്ചത്. പിന്നീട് മാറ്റങ്ങൾ വരുത്തിയാണ് ബജറ്റ് ചുരുക്കിയത്. നഷ്ടം ഉണ്ടായാൽ തന്നെ അതിന്റെ അളവ് വളരെ കൂടുതൽ ആണെങ്കിൽ ഫ്രാഞ്ചൈസികൾക്കു നിലനിൽക്കാൻ ബുദ്ധിമുട്ടായിരിക്കും. അത് അനുസരിച്ചാണ് സൂപ്പർ ലീഗ് ആസൂത്രണം ചെയ്തിരിക്കുന്നത്.’’
![super-league സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ എന്നിവർ വിജയികൾക്കുള്ള ട്രോഫിക്ക് അരികെ](https://img-mm.manoramaonline.com/content/dam/mm/mo/sports/football/images/2024/11/2/super-league.jpg)
‘‘കേരളത്തിൽ ടർഫുകളുടെ നിർമാണത്തിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുടക്കിയിട്ടുള്ള തുക അഞ്ഞൂറ് കോടിയിലേറെയാണ്. പണ്ട് കളിച്ചുകൊണ്ടിരുന്ന പാടങ്ങളും ഗ്രൗണ്ടുകളും ഒക്കെ ഇല്ലാതാകുകയാണ്. പക്ഷേ മറ്റൊരു വശത്ത് ടര്‍ഫുകള്‍ ഉയർന്നുവരുന്നുണ്ട്. എന്നാലും ഇന്ത്യ പോലൊരു രാജ്യത്ത് കായിക മേഖലയിൽ ഒരുപാടു മുന്നേറാനുമുണ്ട്. അതു കുറച്ചു സമയം എടുക്കുന്ന പ്രക്രിയ തന്നെയാണ്. സൂപ്പർ ലീഗ് വന്നപ്പോൾ പല സ്റ്റേഡിയങ്ങളിലും ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു. ആദ്യ ചുവടായി അതിനെ കാണാം. സ്റ്റേഡിയങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ട്. വലിയ സ്റ്റേഡിയങ്ങൾക്കു പകരം മീഡിയം ലെവൽ ഗ്രൗണ്ടുകളാണ് നമുക്ക് ആവശ്യം. സൂപ്പർ ലീഗിൽ തൃശൂരും കണ്ണൂരും അടുത്ത തവണ മത്സരങ്ങൾ നടക്കും.’’– ഫിറോസ് മീരാൻ പ്രതികരിച്ചു.