കുഞ്ഞുണ്ടായ ശേഷം 80 ശതമാനം പുരുഷന്മാരും ഭാര്യമാരെ ചതിക്കും: വഞ്ചനാരോപണത്തിനു പിന്നാലെ യൂട്യൂബറുടെ പഴയ വിഡിയോ വൈറൽ
Mail This Article
കരിയറും കുടുംബജീവിതവും ഒരേപോലെ കൊണ്ടുപോകുന്നതിലൂടെയാണ് യൂട്യൂബറായ ഗൗരവ് തനേജ ലക്ഷക്കണക്കിന് ആരാധകരെ നേടിയത്. ആരാധകർക്കിടയിൽ ഫ്ലൈയിങ് ബീസ്റ്റ് എന്നറിയപ്പെടുന്ന ഗൗരവ് തനേജ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ കണ്ടന്റിലൂടെയല്ല. മറിച്ച് അദ്ദേഹത്തിനെതിരെ ഭാര്യ ഋതു റാത്തി ഉയർത്തിയതായി കരുതുന്ന ഗുരുതരമായ വഞ്ചന ആരോപണത്തെ തുടർന്നാണ്. ഇതിനിടെ ഇപ്പോൾ കുടുംബ ബന്ധത്തെക്കുറിച്ചും പുരുഷന്മാർ ഭാര്യമാരെ വഞ്ചിക്കുന്നതിനെക്കുറിച്ചും കാലങ്ങൾക്കു മുൻപേ ഗൗരവ് പങ്കുവച്ച ഒരു വിഡിയോയും വൈറലായിട്ടുണ്ട്.
താൻ വിവാഹബന്ധത്തിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും കുട്ടികളുടെ സംരക്ഷണ ചുമതലയ്ക്കായി നിയമ പോരാട്ടം നടത്തണോ വേണ്ടയോ എന്ന് ആലോചിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ഒരു യുവതിയുടേതായി പുറത്തുവന്ന വിഡിയോയാണ് ആരോപണങ്ങൾക്ക് ആധാരം. ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജുമായി യുവതി സംസാരിക്കുന്നതാണ് ദൃശ്യം. വിഡിയോയിൽ യുവതിയുടെ മുഖം വ്യക്തമല്ലെങ്കിലും ഗൗരവിന്റെയും ഋതുവിന്റെയും ആരാധകർ വളരെ പെട്ടെന്നുതന്നെ അത് ഋതുവാണെന്ന് കണ്ടെത്തുകയായിരുന്നു. തൊട്ടു പിന്നാലെ ഇക്കാര്യത്തിൽ പൊതുസമൂഹത്തിനു മുന്നിൽ വിശദീകരണം തരാൻ താൽപര്യപ്പെടുന്നില്ല എന്നും ഈ പ്രതികൂല അവസ്ഥ ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാൻ തയാറാണെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഗൗരവും വ്യക്തമാക്കി. പുരുഷന്മാരെ വളരെ വേഗത്തിൽ വില്ലന്മാരായി ചിത്രീകരിക്കാൻ സാധിക്കുമെന്നും പോസ്റ്റിൽ ഗൗരവ് പറഞ്ഞിരുന്നു.
ഈ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നതിനിടെയാണ് കുഞ്ഞുങ്ങൾ ജനിച്ച ശേഷം ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കന്മാരെ പറ്റി ഗൗരവ് സംസാരിക്കുന്ന പഴയ വിഡിയോ വീണ്ടും വൈറലാകുന്നത്. ഭാര്യ കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞാൽ അവരെ വഞ്ചിക്കുന്നവരാണ് 80 ശതമാനം പുരുഷന്മാരും എന്ന് വിഡിയോയിൽ ഗൗരവ് പറയുന്നുണ്ട്. ജീവിതത്തിലേയ്ക്ക് കുഞ്ഞു വരുന്നതോടെ ഭർത്താക്കന്മാരെ പിന്തള്ളി ഭാര്യയുടെ മുഴുവൻ ശ്രദ്ധയും കുഞ്ഞിലേയ്ക്കു മാത്രമായി തീരും. കുഞ്ഞിന്റെ ജനനത്തോടെ ഭാര്യാഭർതൃ ബന്ധം കൂടുതൽ ദൃഢമാകുമെന്നാണ് പൊതുധാരണയെങ്കിലും യഥാർഥത്തിൽ ഇക്കാലയളവിലാണ് 80 മുതൽ 82 ശതമാനം വരെ പുരുഷന്മാരും ഭാര്യമാരെ വഞ്ചിക്കുന്നതെന്നും ഗൗരവ് പറഞ്ഞിരുന്നു.
വിവാഹേതര ബന്ധത്തെ ഗൗരവ് മുൻപു തന്നെ ന്യായീകരിച്ചിരുന്നു എന്നതിന്റെ ഉദാഹരണം എന്ന നിലയിലാണ് ഇപ്പോൾ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ഗൗരവിനെതിരെയുള്ള വഞ്ചനാരോപണത്തെ കുറിച്ചോ ബന്ധത്തിലെ തകർച്ചയെക്കുറിച്ചോ ഇതുവരെ ഗൗരവും ഋതുവും തുറന്നു സമ്മതിച്ചിട്ടില്ല. പഴയ വിഡിയോ വീണ്ടും പ്രചരിക്കുന്നതോടെ ഗൗരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. തഴയപ്പെട്ടതായി അനുഭവപ്പെടുന്നത് പുരുഷന്മാർക്കു മാത്രമല്ല എന്നും സമാനമായ സാഹചര്യങ്ങളിൽ ഒരു സ്ത്രീ ഭർത്താവിനെ വഞ്ചിക്കാൻ മുതിർന്നാൽ അത് അംഗീകരിക്കുമോ എന്നുമുള്ള ചോദ്യമാണ് കൂടുതൽ ആളുകളും ഉയർത്തുന്നത്. അതേസമയം പഴയ വിഡിയോയെ നിലവിലെ സാഹചര്യങ്ങളുമായി കൂട്ടിക്കെട്ടി തന്റെ ചെയ്തികളെ ഗൗരവ് ന്യായീകരിക്കുകയായിരുന്നു എന്ന് വിലയിരുത്തുന്നത് ശരിയല്ല എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.