വസ്ത്രങ്ങളിൽ ഓലപ്പീപ്പിയും വറുത്ത ഉപ്പേരിയും വരെ; ട്രഡീഷനലും മോഡേണും ഒരുമിച്ചെത്തുന്ന ഓണം ഫാഷൻ
Mail This Article
ഓണം എന്നാൽ മലയാളിക്ക് ഗൃഹാതുരസ്മരണകളുടെ കൂടി കാലമാണ്. ലോകത്തെവിടെയാണെങ്കിലും മലയാളി ഓണം ആഘോഷിക്കും. തിരുവോണനാളിലെങ്കിലും തനിമലയാളിയാകാനുള്ള ശ്രമം നടത്തും. അതിലേറെ പ്രധാനം വസ്ത്രധാരണം തന്നെയാണ്.
കാലത്തിനനുസരിച്ച് ആഘോഷങ്ങളിൽ മാറ്റങ്ങൾ വന്നെങ്കിലും ഓണത്തിന് കേരളത്തനിമയുള്ള വസ്ത്രങ്ങൾ മലയാളിക്ക് നിർബന്ധമാണ്. കസവില്ലാതെ ഓണക്കാലത്തെകുറിച്ച് ചിന്തിക്കാനാകില്ല. പക്ഷേ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കസവ് വസ്ത്രങ്ങളിലും പ്രകടമാണ്. ട്രെഡിഷനും മോഡേണും ഒത്തിണങ്ങിയ വസ്ത്രങ്ങളാണ് ഇത്തവണ ഓണവസ്ത്രവിപണി കീഴടക്കുന്നത്.
ചെടികൾ, പൂക്കൾ, ഓണവിഭവങ്ങൾ, ഗൃഹാതുരത ഉണർത്തുന്ന മറ്റുവസ്തുക്കൾ, ആളുകളുടെ മുഖരൂപങ്ങൾ എല്ലാം കസവു വസ്ത്രങ്ങളിൽ പ്രിന്റായി എത്തുന്നുണ്ട്. സെറ്റുമുണ്ടുകളും സെറ്റുസാരികളും മാത്രമല്ല, വെസ്റ്റേൺ ഔട്ട്ഫിറ്റുകൾ വരെ വസ്ത്രവിപണിയിൽ ഇടംനേടിയിട്ടുണ്ട്.
കസവു വസ്ത്രങ്ങളിൽ സ്ക്രീൻ പ്രിന്റുകളും ബ്ലോക്ക് പ്രിന്റുകളും ഓണം ഫാഷനിൽ ഇടം നേടിയിട്ടുണ്ട്. വാഴയിലയും ഉപ്പേരിയും ഓണത്തപ്പനും ഓലപ്പീപ്പിയും തലപ്പന്തുമെല്ലാം ഔട്ട്ഫിറ്റുകളിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ഓണക്കാലം കഴിഞ്ഞാലും ഉപയോഗിക്കാവുന്ന വസ്ത്രങ്ങളാണ് മിക്കവരും ഡിസൈൻ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റിൽ പിങ്ക്, മഞ്ഞ, ഇൻഡിഗോ നിറങ്ങളിലുള്ള പ്രിന്റുകൾക്ക് ആവശ്യക്കാരേറെയാണ്.
ബാന്ദ്നി ഡിസൈൻ, ഡിജിറ്റൽ പ്രിന്റുകൾ, മ്യൂറൽ പെയ്ന്റിങ് എന്നിവയിലുള്ള സാരികളും വിപണി കീഴടക്കുന്നുണ്ട്. സാരികൾക്ക് മിക്കവരും തിരഞ്ഞെടുക്കുന്നത് കോൺട്രാസ്റ്റ് ബ്ലൗസുകളാണ്. അജ്റഖ്, മിറർവർക്ക്, പോൾക്ക ഡോട്ട്, ബ്രൊക്കെയ്ഡ്, കലംകാരി എന്നിങ്ങനെയുള്ള വർക്കിലുള്ള ബ്ലൗസുകളാണ് ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്.
കസവു ചുരിദാറുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഓഫ്‌വൈറ്റിൽ എംബ്രോയഡറി വർക്കും കസവുമുള്ള വെസ്റ്റേൺ സ്റ്റൈൽ കാഷ്വൽ ഔട്ട്ഫിറ്റ്സും വിപണിയിൽ സജീവമാണ്.