ADVERTISEMENT

ലോലനെയും ജോർജിനെയും ഷിബുവിനെയും ശംഭുവിനെയുമൊക്കെ സ്വന്തം ആളുകളായി കാണുന്ന ലക്ഷക്കണക്കിനു മലയാളികളുണ്ട്. കരിക്കിന്റെ പുതിയ ‘തേരാപാരാ’ എപ്പിസോഡ് ഇറങ്ങാൻ മൊബൈലിൽ കുത്തി കാത്തിരിക്കുന്നവർ. അത്രയേറെ ജനകീയമാണു കരിക്ക് പ്ലാറ്റ്ഫോമിൽ നിന്ന് ഇറങ്ങുന്ന മിനി വെബ് സീരീസുകളെല്ലാം. കഴിഞ്ഞ ഏപ്രിൽ മാസം ആരംഭിച്ച വെബ് സീരീസ് കാണാനായി ‘കരിക്ക്’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 

ഷോർട്ട്ഫിലിമുകളിൽ നിന്നു വ്യത്യസ്തമായി ചെറിയ എപ്പിസോഡുകളായി, കട്ടത്തമാശ കൈകാര്യം ചെയ്യുന്ന വെബ് സീരീസുകൾ ഇറക്കുന്ന കരിക്കിനു പിന്നിൽ നിഖിൽ പ്രസാദ് എന്ന ചെറുപ്പക്കാരനാണ്. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് വെബ് സീരീസായ തേരാപാരയെ വൈറൽ എന്നു വിശേഷിപ്പിച്ചാൽ മതിയാകില്ല. വരിക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞപ്പോൾ യൂട്യൂബ് ‘സിൽവർ പ്ലേറ്റ്’ അവാർഡ് നൽകി കരിക്ക് ടീമിനെ അഭിനന്ദിച്ചു. ഗോൾഡൻ പ്ലേറ്റ് പുരസ്കാരത്തിലേക്കു ദിവസങ്ങളുടെ ദൂരം മത്രമേ ഇപ്പോൾ കരിക്കിനുള്ളു. ദിവസം ശരാശരി 6000–7000 വരിക്കാരെ പുതുതായി കിട്ടുന്നുണ്ടെന്ന് നിഖിൽ പറയുന്നു.

കട്ട കോമഡി, നോ വെറുപ്പിക്കൽസ്

രണ്ടുവർഷം മുൻപാണ് നിഖിൽ വെബ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഷോർട്ട് വിഡിയോകൾ ചെയ്തു തുടങ്ങിയത്. ആദ്യം അറിവു പകരുന്ന ചെറു വിഡിയോകളായിരുന്നു. പിന്നീടാണ് മിനി വെബ് സീരീസ് എന്ന ആശയത്തിലേക്ക് എത്തുന്നത്. മലയാളത്തിൽ ഇത്തരം വെബ് സീരീസുകളില്ലായിരുന്നു. മറ്റു ഭാഷകളിൽ നിന്നുള്ള വെബ് സീരീസുകൾ കണ്ടും ഈ മേഖലയിൽ കൃത്യമായ ഗവേഷണം നടത്തിയുമാണ് കരിക്ക് പ്ലാറ്റ്ഫോമിൽ നിന്ന് തേരാപാര എന്ന സീരീസ് തുടങ്ങുന്നത്. 

അഭിനേതാക്കളെ ഓഡിഷൻ നടത്തി കണ്ടെത്തി. ഓരോരുത്തരുടെയും കഴിവുകളും എത്രത്തോളം കോമഡി വഴങ്ങുമെന്നും എല്ലാം കൃത്യമായി പരിശോധിച്ചായിരുന്നു കാസ്റ്റിങ്. തേരാപാരയ്ക്കു മുൻപ് 2018 ലെ ലോകകപ്പിനോട് അനുബന്ധിച്ച് നിഖിൽ ചെറു വിഡിയോകൾ ചെയ്തിരുന്നു. ഇതിലാണു ലോലനും ശംഭുവും ഷിബുവും ജോർജുമെല്ലാം പിറന്നത്. ഈ കഥാപാത്രങ്ങൾക്കു കുറച്ചുകൂടി വ്യക്തത നൽകുകയാണ് തേരാപാരായിൽ ചെയ്തത്. 

സവിധാനവും രചനയും ആശയവുമെല്ലാം നിഖിലിന്റേതു തന്നെ. പക്ഷേ, കൃത്യമായൊരു സ്ക്രിപ്റ്റ് ഇല്ലാതെയാണ് തേരാപാര ചെയ്യുന്നത്. ആശയം കൃത്യമായി അഭിനേതാക്കളോടു പറഞ്ഞുകൊടുക്കും. ഒരു ശതമാനം പോലും കൃത്രിമത്വം ഡയലോഗിൽ ഉണ്ടാകരുതെന്ന നിർബന്ധ ബുദ്ധികൊണ്ടാണ് സ്ക്രിപ്റ്റ് വേണ്ടെന്നുവച്ചത്. പ്രിയദർശനൊക്കെ പണ്ട് കോമഡി സീനുകൾ ഇങ്ങനെ ചെയ്തിരുന്നു. 

കോമഡി പറഞ്ഞ് മലയാളികളെ ചിരിപ്പിക്കുക അത്ര എളുപ്പമല്ലെന്നു നിഖിലിനു നന്നായി അറിയാം. അതുകൊണ്ടു സിനിമാ ക്ലീഷേകൾ ഒഴിവാക്കി. ദ്വയാർഥ പ്രയോഗങ്ങളും രാഷ്ട്രീയവും മതവുമെല്ലാം പൂർണമായി ഒഴിവാക്കി. തമാശകൾക്കു നിത്യജീവിതത്തിൽ നിന്നുള്ള സന്ദർഭങ്ങൾ മാത്രം നൽകി. ഓരോ എപ്പിസോഡ് കാണുമ്പോഴും ആളുകൾ ചിരിച്ചു മറിയുന്നതിന്റെയും അടുത്തതിനായി അക്ഷമയോടെ കാത്തിരിക്കുന്നതിന്റെയും കാരണങ്ങൾ ഇതാണ്. 

കരിക്കിനു പിന്നിൽ

മിനിവെബ് സീരീസ് തുടങ്ങാനുള്ള ഡിജിറ്റൽ ചാനലിനെക്കുറിച്ച് ആലോചിച്ചപ്പോൾത്തന്നെ മനസിലുണ്ടായ ചിന്ത ഇത് കാണുമ്പോൾ ആളുകൾ ഫ്രഷാകണം എന്നതായിരുന്നു. കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിൽ. കുലുക്കി സർബത്ത് എന്ന പേര് ആദ്യം മനസിലുണ്ടായിരുന്നെങ്കിലും തേരാപാരയിലെ ശിബുവിന്റെ കഥാപാത്രത്തിനോട് ഈ പേരിനു കൂടുതൽ അടുപ്പമുണ്ടാകുമെന്ന കാരണത്താൽ വേണ്ടെന്നുവച്ചു.

nikhi-prasad
നിഖിൽ പ്രസാദ്

തുറക്കുന്നു, അവസരങ്ങളുടെ വാതിൽ

തേരാപാരയിലെ 4 കഥാപാത്രങ്ങളും ഇതിനോടകം സിനിമകളിൽ അഭിനയിച്ചു. സ്വഭാവികമായി തമാശ കൈകാര്യം ചെയ്യാനുള്ള അഭിനേതാക്കളുടെ കഴിവാണു തേരാപാരയുടെ വിജയത്തിനു പിന്നിൽ. ബിടെക് കഴിഞ്ഞിട്ടും ജോലിയില്ലാതെ വെറുതെയിരിക്കുന്ന മൂന്നുപേരും ജോലിയുള്ള പ്ലസ്ടുക്കാരനുമാണ് തേരാപായിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ബാച്ചിലർ ലൈഫിന്റെ രസങ്ങളാണ് ഓരോ എപ്പിസോഡും. 

തേരാപാരെയെ കൂടാതെ ‘വെൻ ഗേൾസ് ബിഹേവ് ലൈക് ബാഡ് ബോയ്സ്’ തുടങ്ങിയ സീരീസുകളും ചെയ്തു. ഇതിൽ പെൺകുട്ടികളായിരുന്നു പ്രധാന അഭിനേതാക്കൾ. അടുത്ത പ്രോജക്ട് പണിപ്പുരയിലാണ്. 

പരസ്യങ്ങളാണ് കരിക്കിന്റെ പ്രധാന വരുമാന മാർഗം.  ഫെയ്സ്‌ബുക്കിൽ നിന്നും യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനവുമുണ്ട്. കൊച്ചി  രവിപുരത്താണ് കരിക്കിന്റെ ഓഫിസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com