ഇന്ത്യ തിരിച്ചടിക്കാൻ കാത്തിരുന്നു, അന്ന് പൊട്ടിച്ചിതറിയത് പാക്ക് സൈനിക വിമാനം

Mail This Article
കാർഗിൽ യുദ്ധത്തിനു ശേഷവും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം നിലനിന്നു. കാർഗിൽ യുദ്ധം അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം 1999 ഓഗസ്റ്റ് 10ന് വലിയൊരു സംഭവമുണ്ടായി. സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേവലം അഞ്ചു ദിവസം ശേഷിക്കെ ആയിരുന്നു ആ സംഭവം. കാർഗിൽ യുദ്ധത്തിനിടെ ഇന്ത്യൻ വ്യോമസേനക്ക് നഷ്ടപ്പെട്ടതിനു എല്ലാമുള്ള തിരിച്ചടി കൂടിയായിരുന്നുവത്. അതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്റെ വിമാനം ഇന്ത്യ മിസൈലിട്ടു തകർക്കുകയായിരുന്നു.
1999 ഓഗസ്റ്റ് 10ന്, പാക്കിസ്ഥാൻ നേവൽ എയർ ആർമിന്റെ ബ്രെഗറ്റ് അറ്റ്ലാന്റിക് മാരിടൈം പട്രോളിംഗ് വിമാനമാണ് തകർത്തത്. ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 പോർവിമാനം ഉപയോഗിച്ചായിരുന്നു ആക്രമണം. അതിർത്തിയിൽ റാൻ ഓഫ് കച്ചിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വെടിവച്ചിട്ടത്. പാക്കിസ്ഥാന്റെ അറ്റ്ലാന്റിക്–91 വിമാനത്തിലുണ്ടായിരുന്ന 16 പേരും കൊല്ലപ്പെട്ടു. കാർഗിൽ യുദ്ധത്തിന് ഒരു മാസത്തിനു ശേഷമാണ് ഈ സംഭവം നടന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വീണ്ടും വഷളായി.
അന്ന് സംഭവിച്ചതെന്ത്?
കാർഗിൽ യുദ്ധം അവസാനിച്ചതിനു ശേഷം അതിർത്തി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഓഗസ്റ്റ് 10ന് ഗുജറാത്തിലെ കച്ചിന് സമീപം നാലിയ ഇന്ത്യൻ എയർ ബേസിലെ റഡാറുകൾ ശത്രുവിമാനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി. പാക്ക് വിമാനം ഇന്ത്യൻ അതിർത്തിയിലേക്ക് വരുന്നതിന്റെ സൂചനയായിരുന്നുവത്. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ 45 സ്കോഡ്രൺ വിഭാഗത്തിലെ രണ്ട് മിഗ് 21 എഫ്എൽ പോർവിമാനങ്ങൾ സജ്ജമാക്കി.
ഈ രണ്ടു വിമാനങ്ങൾ ഉപയോഗിച്ച് പാക്ക് വിമാനവുമായി എൻഗേജ് ചെയ്യാനും മുകളിൽ നിന്ന് ഉത്തരവ് കിട്ടി. സ്കോഡ്രൺ ലീഡർ പി.കെ. ബുന്ദേല, ഫ്ലയിങ് ഓഫിസർ എസ്.നാരായണൻ എന്നിവരായിരുന്നു മിഗ് വിമാനങ്ങൾ പറത്തിയിരുന്നത്. വിങ് കമാൻഡർ വി.കെ. ശർമയാണ് പാക്ക് വിമാനത്തെ ട്രാക്ക് ചെയ്തു ഇന്ത്യൻ പൈലറ്റുമാർക്ക് സന്ദേശം അയച്ചിരുന്നത്. അറ്റ്ലാന്റിക് 91 അതിർത്തി കടന്നു പത്തു കിലോമീറ്ററോളം ഇന്ത്യയിലേക്ക് പ്രവേശിച്ചു. ഇതോടെയാണ് പി.കെ. ബുന്ദേലയുടെ മിഗ്–21 അറ്റ്ലാന്റിക് 91 വിമാനത്തെ ആക്രമിക്കാൻ തീരുമാനിച്ചത്.
മിഗ് 21ൽ സജ്ജമാക്കിയിരുന്ന ആർ-60 ഇൻഫ്രാറെഡ് മിസൈൽ തൊടുത്തു. നിമിഷങ്ങൾക്കുള്ളിൽ അറ്റ്ലാന്റിക് വിമാനം പൊട്ടിച്ചിതറി. ലക്ഷ്യം പൂർത്തിയാക്കി ഇന്ത്യൻ പോർവിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്തു. ദുരന്തത്തിൽ 16 പേർ മരിച്ചതോടെ പാക്കിസ്ഥാനിൽ സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നു. അറ്റ്ലാന്റിക്കിൽ ആയുധങ്ങൾ ഇല്ലായിരുന്നു, നിരീക്ഷണ വിമാനം ആയിരുന്നു, ഇന്ത്യൻ അതിർത്തി കടന്നിരുന്നില്ല തുടങ്ങി വാദങ്ങളുമായി പാക്കിസ്ഥാൻ രാജ്യാന്തര കോടതിയെ സമീപിച്ചെങ്കിലും കേസ് വിജയിച്ചില്ല.
വിമാനത്തിന്റെ അവശിഷ്ടങ്ങൾ റാൻ ഓഫ് കച്ചിൽ ഇന്ത്യയുടെ മണ്ണിൽ തന്നെയാണ് വീണത്. വ്യോമസേനയുടെ പൈലറ്റുമാരായ പങ്കജ് ബിഷ്‌ണോയി, പി.കെ ബുണ്ഡേല, വി കെ ശർമ്മ എന്നിവർക്കു കേന്ദ്ര സർക്കാർ മെഡൽ നൽകി ആദരിച്ചിരുന്നു.