ആക്രമിക്കുമെന്ന ഭീതി? വ്യോമ പാതകൾ തുറക്കാതെ പാക്കിസ്ഥാൻ, നഷ്ടം എയർ ഇന്ത്യക്ക്
Mail This Article
ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് പാക്കിസ്ഥാന്‍ വ്യോമപാതകൾ അടച്ചിട്ട് ആഭ്യാന്തര, രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവ് പൂര്‍ണ്ണമായും നിർത്തലാക്കിയത്. കൃത്യം രണ്ടു മാസം കഴിഞ്ഞിട്ടും പാക്കിസ്ഥാൻ വ്യോമപാതകൾ തുറക്കാൻ തയാറായിട്ടില്ല. വ്യോമ പാതകള്‍ തുറന്നിട്ടാൽ ഇന്ത്യ ആക്രമിക്കുമെന്ന ഭയമാണോ ഇതിനു പിന്നിലെന്ന് വ്യക്തമല്ല. ഇന്ത്യയിലേക്കുള്ള എല്ലാ വ്യോമ വഴികളും കഴിഞ്ഞ രണ്ടു മാസമായി പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് വ്യോമപാതകൾ അടച്ചിടുന്നത് എന്നതിന് പാക്കിസ്ഥാൻ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഇതിന്റെ നഷ്ടം നേരിടുന്നത് എയർ ഇന്ത്യ പോലുള്ള വിമാന സര്‍വീസുകൾക്കാണ്.
ബാലാക്കോട്ട് ജെഇഎം ക്യാംപിനു നേര്‍ക്കു നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് എന്തു ചെയ്യണമെന്നറിയില്ലാത്ത അവസ്ഥയാണ് ഇപ്പോഴും. വ്യാമപാത അടച്ചിട്ടാൽ പ്രതിരോധം തീർക്കാമെന്നാണ് പാക്ക് വ്യോമസേന കരുതുന്നത്. എന്നാല്‍, ആക്രമണം കഴിഞ്ഞ് രണ്ടു മാസമായിട്ടും വ്യോമപാതകൾ പൂര്‍ണ്ണമായും തുറക്കാന്‍ പാക്കിസ്ഥാന്‍ മടികാണിക്കുന്നത് എന്തിനാണെന്നതാണ് നിരീക്ഷകരെ ജിജ്ഞാസുക്കളാക്കുന്നത്. പാക്കിസ്ഥാനിലെ എയര്‍സ്‌പെയ്‌സ് കുറച്ചു മാത്രമാണ് ഇതുവരെ തുറന്നിരിക്കുന്നത്, അതും ഘട്ടംഘട്ടമായി മാത്രം. ആക്രമണം കഴിഞ്ഞ് രണ്ടു മാസത്തോളമായിട്ടും എന്തുകൊണ്ട് പാക്കിസ്ഥാന്റെ വ്യോമ ഗതാഗതം പൂര്‍വ്വദശ പ്രാപിച്ചില്ലെന്നത് രാജ്യാന്തര നിരീക്ഷകരിലും സംശയമുണര്‍ത്തുന്നുണ്ട്.
ഏപ്രില്‍ 9 ന് വ്യോമഗതാഗത നിരോധനം നീട്ടാനാണ് പാക്കിസ്ഥാന്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു. എന്ത് അപായബോധത്തിന്റെ മുകളിലാണ് വ്യോമഗതാഗതം നിയന്ത്രിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പിന്നീട് ഏപ്രില്‍ 24 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇന്നും പാക്ക് വ്യോമപാതകൾ അടഞ്ഞു തന്നെ കിടക്കുകയാണ്.
അതേസമയം, ആക്രമണം കഴിഞ്ഞ് 28 ദിവസം പൂര്‍ണ്ണമായി അടച്ചിട്ട ശേഷം മാര്‍ച്ച് 26ന് പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പിഐഎയ്ക്കു വേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറന്നിരുന്നു. രാജ്യാന്തര വിമാനങ്ങളും അനുവദിച്ചിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ ഇടത്താവളമാക്കുന്ന രാജ്യാന്തര ഫ്‌ളൈറ്റുകളെ സ്വാഗതം ചെയ്തിരുന്നില്ല. ഇതെല്ലാം പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു.
ഒരു പക്ഷേ, ഇന്ത്യക്കായിരിക്കാം പാക്കിസ്ഥാനെക്കാള്‍ കൂടുതല്‍ നഷ്ടമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാര്‍ച്ച് 16 വരെ എയര്‍ ഇന്ത്യയുടെ നഷ്ടം 60 കോടി രൂപയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ കാരണങ്ങളില്‍ ഒന്ന് പാക്കിസ്ഥാന്റെ വ്യോമപാത അടച്ചില്‍ മൂലമായിരിക്കാമെന്നാണ് കരുതുന്നത്. ആഴ്ചയില്‍ 66 ഫ്‌ളൈറ്റുകള്‍ എയര്‍ ഇന്ത്യ യൂറോപ്പിലേക്കും, 33 എണ്ണം അമേരിക്കയിലേക്കും നടത്തുന്നുണ്ട്. ഇവയില്‍ മിക്കതും പാക്കിസ്ഥാന്റെ വ്യോമപരിധിയിലൂടെ കടന്നാണ് പോകുന്നത്. ഇതൊഴിവാക്കാനായി വിമാനങ്ങള്‍ അറേബ്യന്‍ സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുന്നു. ഇതിലൂടെ സമയ നഷ്ടവും ധന നഷ്ടവും സംഭവിക്കുന്നു. അഫ്ഗാനിസ്ഥാന്റെ കാര്യവും കഷ്ടമാണ്. തങ്ങളുടെ തലയ്ക്കു മീതി വ്യോമഗതാഗതം വേണ്ടെന്നു പാക്കിസ്ഥാന്‍ തീരുമാനിച്ചു കഴിഞ്ഞ് അഫ്ഗാനിസ്ഥാന്റെ ഒരു മാസത്തെ നഷ്ടം 8 ദശലക്ഷം ഡോളറാണെന്നു പറയുന്നു. അവര്‍ ഇറാന്റെ എയര്‍സ്‌പെയ്‌സ് ആണു പകരം ഉപയോഗിക്കുന്നത്. യാത്രക്കൂലി കൂടി എന്നതു കൂടാതെ വിമാനക്കമ്പനികള്‍ക്ക് നഷ്ടവും പെരുകുന്നതായി കാണാം. അഫ്ഗാനിസ്ഥാന്റെ വ്യോമ ഗതാഗത അതോറിറ്റിയുടെ ചെയര്‍മാന്‍ പറയുന്നത് 250 ഫ്‌ളൈറ്റുകള്‍ പാക്കിസ്ഥാനിലൂടെ എല്ലാ ദിവസവും കടന്നു പോയിരുന്നു. ഇപ്പോള്‍ അത് 9 എണ്ണം മാത്രമാണെന്നാണ്.