ടൗണിൽ റോബോട്ടുകൾ ഇറങ്ങും, പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍, അപകടകരമാകാമെന്ന് മുന്നറിയിപ്പ്
Mail This Article
അടുത്തിടെ കേരളത്തിലെ ഒരു നഗരത്തില്‍ മൂന്നര വയസുള്ള കുട്ടിയെ, ഇതുവരെ സംസാരിക്കാന്‍ പഠിച്ചില്ലെന്നു പറഞ്ഞ് മാതാപിതാക്കള്‍ ഡോക്ടര്‍മാരുടെ അടുത്തെത്തിച്ചു. തുടര്‍ന്ന് വിവിധ ഡോക്ടര്‍മാര്‍ മാതാപിതാക്കളെ സുദീര്‍ഘമായി വിസ്തരിച്ചതില്‍ നിന്നു വ്യക്തമായത് ഞെട്ടിക്കുന്ന വിവരമാണ് - കുട്ടിയോട് മാതാപിതാക്കള്‍ സംസാരിക്കുന്നില്ല. മതാപിതാക്കള്‍ സദാസമയം മൊബൈല്‍ ഫോണില്‍. ശല്യമൊഴിവാക്കാനായി കുട്ടിക്കും ഒരു ഫോണ്‍ നല്‍കിയിരിക്കുന്നു. കുട്ടിയോട് ആരും സംസാരിക്കാത്തതിനാലാണ് കുട്ടി സംസാരിക്കാത്തത് എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇത്തരം കേസുകള്‍ ഇനി വര്‍ധിച്ചു വന്നേക്കാം.
∙ വരുന്നു സോഫിയ
ഒരിക്കലും മാതാപിതാക്കളുടെ സ്‌നേഹത്തിനോ സാമീപ്യത്തിനോ പകരമാകില്ലെങ്കിലും ഇത്തരം മാതാപിതാക്കള്‍ക്ക് അല്‍പം ആശ്വാസം പകരുന്ന പേരാണ് 'ലിറ്റിൽ സോഫിയ'. കുട്ടികളെ പരിശീലിപ്പിക്കാന്‍ ഹാന്‍സണ്‍ റോബോട്ടിക്‌സ് ഇറക്കിയ ലിറ്റിൽ സോഫിയ ഇപ്പോള്‍ത്തന്നെ കുട്ടികള്‍ക്കൊപ്പം കളിക്കാനും അവരെ പഠിപ്പിക്കാനും അവര്‍ക്കൊരു റോബോട്ട് കൂട്ടുകാരിയാകാനും കഴിവ് നേടിയിരിക്കുന്നു.
∙ കളരിയും നേഴ്‌സറിയും ഇല്ലാതാകുമോ ?
ഇതിനൊക്കെ പുറമെ കോഡിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ശാസ്ത്രം, ടെക്‌നോളജി, എൻജിനീയറിങ്, ഗണിത ശാസ്ത്രം തുടങ്ങിയവ സുരക്ഷിതമായി തന്നെ കുട്ടിയുമായി ആശയവിനിമയം നടത്തി പഠിപ്പിക്കാന്‍ സോഫിയയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് വളരാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. പക്ഷേ, ഇതൊക്കെ തുടക്കം മാത്രം.
∙ അതിര്‍ത്തി കാക്കാനും യന്തിരന്മാര്‍
അതിര്‍ത്തി കാക്കുന്നതും നഗരങ്ങള്‍ വൃത്തിയാക്കുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും മുതല്‍ ഭീകര പ്രവര്‍ത്തനങ്ങൾക്ക് വരെ ഉപയോഗിക്കാവുന്ന റോബോട്ടുകള്‍ ലോകമെമ്പാടും പലരും പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എത്തിയേക്കാമെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഏകദേശം 2030തോടു കൂടി 24.4 കോടിയിലേറെ റോബോട്ടുകളായിരിക്കും ലോകമെമ്പാടുമായി പ്രവര്‍ത്തിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. റോബോട്ടുകള്‍ ഭരണം പിടിച്ചെടുക്കും തുടങ്ങിയ സയന്‍സ് ഫിക്ഷന്‍ ഭാവനകള്‍ ഇപ്പോള്‍ ഭയപ്പെടേണ്ടെങ്കില്‍ പോലും വരും വര്‍ഷങ്ങളില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞ് സജ്ജരായിരിക്കണം.
∙ വ്യക്തികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
വ്യക്തികള്‍ക്കൊപ്പം കൂട്ടാവുന്ന റോബോട്ടുകള്‍ മുതല്‍ വിവിധ രൂപത്തിലും തരത്തിലുമുള്ള യന്ത്ര മനുഷ്യരാണ് സജ്ജരായിക്കൊണ്ടിരിക്കുന്നത്. ഇതാകട്ടെ, ഇത്രയുംനാള്‍ നാം കണ്ടുവന്ന രീതികള്‍ മൊത്തം തകിടം മറിച്ചേക്കാം. സർക്കാരുകളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ ഇവയുടെ സേവനം ഉപയോഗിച്ചു തുടങ്ങുമ്പോള്‍ അത് സ്വകാര്യത അടക്കം പലതും പഴങ്കഥയാക്കും. ഇതേക്കുറിച്ചുള്ള അവബോധം എല്ലാവരിലും വളര്‍ത്തേണ്ട നാളുകളാണ് ഇതെന്നാണ് പറയുന്നത്. പുതിയ നഗരങ്ങളം സംവിധാനങ്ങളും എഐ കേന്ദ്രീകൃതമായിരിക്കാം.
∙ എഐ കേന്ദ്രീകരിച്ചുള്ള യന്ത്രവല്‍ക്കരണം
മിക്ക രാജ്യങ്ങളിലും പുതുതായി നിർമിക്കുന്ന നഗരങ്ങളും പഴയ നഗരങ്ങളിലെ പല സംവിധാനങ്ങളും ഇനി എഐ-കേന്ദ്രീകൃതമായിരിക്കും. ഇതിന്റെ ഉദാഹരണങ്ങള്‍ ആഗോള തലത്തില്‍ ഇപ്പോള്‍ തന്നെ കാണാം. അബൂദബിയിലെ മസ്ദാര്‍ സിറ്റിയിലെ പേഴ്‌സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ്, സൗദി നിയോമില്‍ നിര്‍മിക്കുന്ന ദി ലൈന്‍, ദക്ഷിണ കൊറിയയുടെ സൊണ്‍ഗ്‌ഡോ വെയ്‌സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഡെന്‍മാര്‍ക്കിന്റെ ഒഡന്‍സെ സിറ്റി കൊളാബൊറേറ്റീവ് റോബോട്‌സ് അല്ലെങ്കില്‍ കോബോട്‌സ്, ജപ്പാനിലെ ടകെഷിബാ ജില്ലയിലെ ട്രാഫിക് നാവിഗേറ്റിങ് റോബോട്‌സ് തുടങ്ങി ധാരാളം ഉദാഹരണങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇതെല്ലാം നമ്മുടെ നഗരങ്ങളില്‍ നാളെ മുതല്‍ വരില്ല. പക്ഷേ, 2030 ലൊക്കെ പല പ്രദേശങ്ങളും യന്ത്രങ്ങളുടെ നിയന്ത്രണത്തിലായേക്കാം.
∙ മനുഷ്യര്‍ക്ക് വിവിധതരം ഭീഷണികള്‍
വിവിധതരം ധാര്‍മികപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായിരിക്കും റോബോട്ടിക്‌സ് മേഖലയുടെ ഇനിയുള്ള വളര്‍ച്ച. മനുഷ്യരുടെ ബോധമണ്ഡലത്തിനും സമ്പൂര്‍ണ യാന്ത്രിക രീതികളുമുള്ള റോബോട്ട്‌സിനും ഇടയിലുള്ള ജീവിതത്തെക്കുറിച്ചാണ് ഇനി മുതല്‍ അറിഞ്ഞുവയ്‌ക്കേണ്ടത്. പാത്രം കഴുകുന്നതു മുതല്‍ പറമ്പിലെ പുല്ലുവെട്ടുന്നതുവരെ ചെയ്യുന്ന യന്ത്രങ്ങളും താമസിയാതെ മിക്ക വീടുകളിലേക്കും എത്തും. ഈ പതിറ്റാണ്ടിനൊടുവില്‍ തന്നെ മനുഷ്യരാശിക്ക് ഇന്നേവരെ ഉത്തരം കൊടുക്കേണ്ടി വന്നിട്ടില്ലാത്ത ചോദ്യങ്ങള്‍ നേരിടേണ്ടി വരും.
∙ മനുഷ്യസദൃശ്യ റോബോട്ടുകള്‍
മനുഷ്യന്റെ രൂപത്തെയും ഭാവത്തെയും രീതികളെയും അനുകരിക്കുന്ന തരത്തലുള്ള റോബോട്ടുകളെയാണ് ഹ്യൂമനോയിഡ് അഥവാ മനുഷ്യസദൃശ്യ റോബോട്ടുകള്‍. (ആന്‍ഡ്രോയിഡ് എന്ന വാക്കുകൊണ്ടും മനുഷ്യസദൃശ്യമെന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. സ്ത്രീ രൂപമുള്ള റോബോട്ടുകളെ ഗൈനോയിഡ് എന്നും വിളിക്കുന്നു.) പ്രായോഗികമായി എല്ലാ മേഖലയിലേക്കും മനുഷ്യസദൃശ്യ റോബോട്ടുകള്‍ എത്താന്‍ പോകുന്നുവെന്ന കാര്യമാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് - ആരോഗ്യപരിപാലനം, നിര്‍മാണം, ലോജിസ്റ്റിക്‌സ്, ബഹിരാകാശ പര്യവേക്ഷണം, പ്രതിരോധം, വിനോദവ്യവസായം, അതിഥിസല്‍ക്കാരമേഖല എന്നിവ മുതല്‍ വീടുകളിലേക്കു വരെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഇവ എത്തും.
∙ ചില കാര്യങ്ങളില്‍ മനുഷ്യര്‍ക്ക് ഇവ അത്യാവശ്യം
ആവര്‍ത്തന വിരസതയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യര്‍ക്ക് താത്പര്യമില്ല. ആവര്‍ത്തിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യതയോടെയും ഇടതടവില്ലാതെയും ദീര്‍ഘനേരത്തേക്കും റോബോട്ടുകള്‍ക്ക് ചെയ്യാനാകും. വികാര പ്രകടനങ്ങള്‍ അവയ്ക്ക് പ്രശ്‌നമല്ല. തെറിവിളിച്ചാലും പ്രശ്‌നമല്ല. എന്നാല്‍, നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കുന്ന മനുഷ്യസദൃശ്യ റോബോട്ടുകള്‍ക്കു പോലും ടെര്‍മിനേറ്റര്‍ തുടങ്ങിയ സിനിമകളില്‍ ചിത്രീകരിച്ച തരത്തിലുള്ള ഭരണം പിടിച്ചെടുക്കലും മറ്റും സാധ്യമല്ല താനും. അതേസമയം, ശക്തി വേണ്ട ജോലികള്‍ക്കും മറ്റും ഇവയെ ഉപയോഗിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ക്കൊപ്പം പണിയെടുപ്പിക്കാം.
∙ റോബോട്ട് ധര്‍മശാസ്ത്രം
റോബോട്ടുകള്‍ എല്ലാ മേഖലയിലും സര്‍വസാധാരണമാകുമ്പോള്‍ അവയ്‌ക്കൊപ്പം മനുഷ്യര്‍ സഹവാസം തുടങ്ങുമ്പോള്‍ നൈതികമായ നിരവധി വിഷയങ്ങളും കടുന്നുവരുന്നു. ടെക്‌നോളജി ഉത്തരവാദിത്വത്തോടെ വികസിപ്പിച്ചെടുക്കുന്നില്ലെങ്കില്‍ അത് വിപത്താകും എന്നാണ് ഇപ്പോള്‍ വരുന്ന മുന്നറിയിപ്പ്. റോബോട്ടുകളുമൊത്തുള്ള ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ധാര്‍മികമായ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച 2000 ല്‍ തന്നെ തുടങ്ങിയിരുന്നു. ഇവ പ്രധാനമായും സ്വകാര്യത, സുരക്ഷ, സുതാര്യത, അല്‍ഗോറിതങ്ങളുടെ പക്ഷപാതം തുടങ്ങിയവയാണ്.
∙ അഞ്ചു തത്വങ്ങള്‍
ഇവയെ മറികടക്കാനായി ഗവേഷകര്‍ അഞ്ചു ധാര്‍മിക തത്വങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. അവ ഇപ്രകാരമാണ്:
റോബോട്ടുകള്‍ ഉല്‍പന്നങ്ങളാണ്. മറ്റ് ഉല്‍പന്നങ്ങളെപ്പോലെ തന്നെ റോബോട്ടുകളും ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വം ഉണ്ടാവണം. അവ മനുഷ്യരാല്‍ നിര്‍മിക്കപ്പെട്ട വസ്തുക്കളാണ്. ഇവയ്ക്ക് വികാരം പ്രകടിപ്പിക്കാനും മറ്റുമുള്ള അവസരം നല്‍കരുത്. അങ്ങനെ ചെയ്താല്‍ അത് ചില മനുഷര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കാം. ഓരോ റോബോട്ടുകളെയും ഇറക്കുന്നവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകണം. ഇത്തരം റോബോട്ടുകളെ ഉപയോഗിച്ചുള്ള നഗരങ്ങള്‍ ഡിസൈൻ ചെയ്യുന്നവര്‍, അവ കൊണ്ടുവരാവുന്ന നൈകികമായ പ്രത്യാഘാതങ്ങള്‍ പരിഗണിക്കണം. ഇത് രൂപകല്‍പനാസമയത്ത് തന്നെ ഉള്‍ക്കൊള്ളിക്കണം. റോബോട്ടുകള്‍ക്ക് ഓഫ് സ്വിച്ച് വേണം. റോബോട്ടുകളെ നിയന്ത്രിക്കാനായി ആക്ചുവേറ്റര്‍ മെക്കനിസവും അല്‍ഗോറിതവും ഉള്‍ക്കൊള്ളിക്കണം. പ്രശ്‌നം വന്നാല്‍ റോബോട്ടുകൾ ഓട്ടമാറ്റിക് ആയി സ്വിച്ച്-ഓഫ് ആകണം. ഇത്തരത്തിലുള്ള അംഗീകൃത നിയമങ്ങള്‍ ഇല്ലെങ്കില്‍ റോബോട്ടുകള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകും.
∙ ചില പ്രശ്‌നങ്ങള്‍
ഉദാഹരണത്തിന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായതിനാല്‍ ഇവ ഹാക്കു ചെയ്യപ്പെട്ടേക്കാം. അങ്ങനെ നഗരം വൃത്തിയാക്കുന്ന റോബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആളുകളെ ആക്രമിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. മറ്റു പ്രത്യാഘാതങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന് റോബോട്ടുകളെ പ്രവര്‍ത്തിപ്പിക്കാന്‍ വളരെയധികം ഊര്‍ജ്ജം വേണ്ടിവരും. പല ദ്രവ്യങ്ങളും ഇവയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചു തീര്‍ക്കപ്പെട്ടേക്കാം. ക്രമാതീതമായി ഇലക്ട്രോണിക് വെയ്‌സ്റ്റ് ഉണ്ടാക്കപ്പെട്ടേക്കാം.
∙ തീവ്രവാദം
നഗരങ്ങളും നിയമനിര്‍മാതാക്കളും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള തീവ്രവാദ ആക്രമണങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരും. സ്വതന്ത്രമായി പറക്കാവുന്ന ഡ്രോണുകള്‍, റിമോട്ട് ആക്രമണങ്ങള്‍, അതിസൂക്ഷ്മ റോബോട്ടുകള്‍ വഴിയുള്ള രോഗം പകര്‍ത്തല്‍ തുടങ്ങി ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള പല വെല്ലുവിളികളും നേരിടേണ്ടതായി വരും. സംഘടനകളും കമ്പനികളും വ്യക്തികളും ഇത്തരത്തിലുള്ള പല ഭീഷണികളും സമീപ ഭാവിയില്‍ തന്നെ നേരിട്ടേക്കും. ഇതിനെല്ലാമായി പുതിയ നയരൂപീകരണം വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
∙ എന്നാല്‍ പിന്നെ ഇതു വേണ്ടന്നുവച്ചാല്‍ പോരെ
റോബോട്ടുകള്‍ മനുഷ്യ ജീവിതത്തെ മുൻപ് സാധ്യമല്ലാത്ത രീതിയില്‍ മികവുറ്റതാക്കും. ഒരു വശം മാത്രമുള്ള നാണയം ഉണ്ടാക്കാനാവില്ലാത്തതു പോലെ ഇതിന് പ്രത്യാഘാതങ്ങളും ഉണ്ടാകും. ഒരു കമ്പനിയോ രാജ്യമോ ഇത്തരം റോബോട്ടുകളുടെ നിര്‍മാണം വേണ്ടെന്നുവച്ചിട്ടൊന്നും കാര്യമില്ല. മറ്റുള്ളവര്‍ ചെയ്യും. ഇതിനാല്‍ തന്നെ റോബോട്ടുകളെ ഉണ്ടാക്കുക എന്ന പ്രക്രിയ വേണ്ടന്നുവയ്ക്കുക എന്നത് നല്ലതല്ല. പകരം അതിശക്തമായ നിയമങ്ങളും മറ്റും കൊണ്ടുവരികയാണ് ചെയ്യേണ്ടത്.
English Summary: Governing a world of 250 million robots