അതിശൈത്യത്തിനു മുന്നോടിയായി മഞ്ഞുവീഴ്ച, സുന്ദരകാഴ്ചകളൊരുക്കി ഉൗട്ടി
Mail This Article
സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഉൗട്ടി. അവധിയായാൽ മിക്കവരും യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നതും ഉൗട്ടിയിലെ കാഴ്ചകളാണ്. എത്ര പോയാലും മതി വരില്ല മലയാളിക്ക് ഊട്ടി. സ്കൂളിലെ വിനോദയാത്ര മുതൽ തുടങ്ങിയതാണ് ഈ ഇഷ്ടം. ഇപ്പോഴും അവധിക്കാലം വന്നാൽ ഊട്ടി നിറഞ്ഞു കവിയും. അതിലേറെയും മലയാളികളാണ്.
കൊറോണയെ തുടർന്ന് അടച്ചുപൂട്ടിയ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നതോടെ ഉൗട്ടിയും സഞ്ചാരികൾക്കായി ഒരുങ്ങികഴിഞ്ഞു. വിനോദസഞ്ചാരത്തിനു വരുന്നവർക്ക് ഇ പാസ് വേണം. ടൂറിസത്തിനായി പ്രത്യേക ഇ പാസാണു വേണ്ടത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ സന്ദർശകർക്കു ബാധകമാണ്.
മഞ്ഞ് ആസ്വദിക്കാം
വരാൻ പോകുന്ന അതിശൈത്യത്തിനു മുന്നോടിയായി ഊട്ടിയിലും സമീപപ്രദേശങ്ങളിലും സീസണിലെ ആദ്യ മഞ്ഞുവീഴ്ച. സസ്യോദ്യാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, എച്ച്പിഎഫ്, തലക്കുന്ത തുടങ്ങിയ സ്ഥലങ്ങളിലാണു പരക്കെ മഞ്ഞു വീണത്.
നവംബർ 15 മുതൽ ജനുവരി കഴിയും വരെ മഞ്ഞുവീഴ്ച പതിവാണ്. കഴിഞ്ഞ വർഷം ഈ സമയത്തു പൂജ്യം ഡിഗ്രിയും ചില സ്ഥലങ്ങളിൽ അതിനു താഴെയും താപനില എത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങാൻ കാത്തിരിക്കുകയാണു സഞ്ചാരികൾ.