ഇന്ന് പൂന്താനം ദിനം; ഗുരുവായൂരപ്പനെ ഇങ്ങനെ പ്രാർഥിച്ചാൽ

Mail This Article
ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂരിലെ വിശേഷദിനങ്ങളിലൊന്നാണ് പൂന്താനദിനം. ഗുരുവായൂരപ്പന്റെ പരമഭക്തനും മഹാപണ്ഡിതനുമായിരുന്ന പൂന്താനം നമ്പൂതിരിയുടെ സ്മരണാർഥമാണ് പൂന്താനദിനം ആചരിക്കുന്നത്.
കുംഭ മാസത്തിലെ അശ്വതി നാളിലാണ് പൂന്താനദിനം. ഇക്കൊല്ലം ഫെബ്രുവരി 24 വെള്ളിയാഴ്ചയാണ് ഈ വിശേഷദിനം വരുന്നത്. ഈ ദിവസം ഗുരുവായൂരമ്പലത്തിൽ ദർശനം നടത്തിയാൽ ഗുരുവായൂരും മൂകാംബികയിലും ഒരുമിച്ചു തൊഴുതാലുള്ള ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
പാതാളാഞ്ജന ശിലായാലും സ്ഥലനാമത്താലും (ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂർ എന്ന നാമം ലഭിച്ചു ) പ്രതിഷ്ഠാമാഹാത്മ്യത്താലും ശ്രേഷ്ഠമായ മഹാപുണ്യഭൂമിയാണിത്. വസുദേവരും ദേവകിയും ദ്വാരകയിൽ വച്ച് പൂജിച്ച വിഗ്രഹമാണിവിടുള്ളത്. ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു ഭാവങ്ങളാണ് ഗുരുവായൂരപ്പന്.
ഗുരുവായൂര്‍ ക്ഷേത്രനടയിൽ ഒരു ദിവസമെങ്കിലും ഭജനമിരിക്കുവാൻ സാധിക്കുന്നവർ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. അത് ഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണെങ്കിൽ അത്യുത്തമം. ഐഹിക സുഖങ്ങളുടെ അർഥശൂന്യതയും ഭഗൽഭക്തിയുടെ പ്രാധാന്യവും മനസ്സിലാക്കി തരുന്ന പൂന്താനത്തിന്റെ കൃതിയായ ജ്ഞാനപ്പാന അന്നേദിവസം ഒരു തവണ എങ്കിലും പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ശ്രേഷ്ഠമാണ്.
Content Summary : Significance of Poonthanam Day