വെളിച്ചെണ്ണയ്ക്ക് വൻ വിലക്കയറ്റം; കുരുമുളകിന് കനത്ത ഇടിവ്, റബറിനും ക്ഷീണം, അങ്ങാടി വില ഇങ്ങനെ
Mail This Article
കർഷകർക്ക് വീണ്ടും നിരാശയുമായി റബർ വില തുടർച്ചയായി ഇടിയുന്നു. ആർഎസ്എസ്-4ന് വില കിലോയ്ക്ക് 188 രൂപയായി കുറഞ്ഞെന്ന് റബർ ബോർഡ് വ്യക്തമാക്കി. 180 രൂപയ്ക്കാണ് വ്യാപാരികൾ ചരക്കെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള താങ്ങുവിലയും 180 രൂപയാണ്. വിപണിവില ഇതിലും താഴെയായാലേ കർഷകന് സബ്സിഡി ലഭിക്കൂ.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ ടാപ്പിങ്ങും ഉഷാറായിട്ടുണ്ട്. രാജ്യാന്തരതലത്തിൽ മാന്ദ്യം നിലനിൽക്കുന്നത് റബറിന് ക്ഷീണമാകുകയാണ്. ബാങ്കോക്കിൽ വില കിലോയ്ക്ക് 196 രൂപയിലേക്ക് കൂപ്പുകുത്തി. തുടർച്ചയായ ഇടിവിലാണ് കൊച്ചി വിപണിയിൽ കുരുമുളക് വില. 500 രൂപ താഴ്ന്ന് വില 63,300 രൂപയായി. നിലവാരം കുറഞ്ഞ വിദേശയിനങ്ങളുടെ വൻതോതിലെ ഇറക്കുമതിയാണ് കുരുമുളക് വിലയെ വീഴ്ത്തുന്നത്. ക്രിസ്മസ്കാല ഡിമാൻഡ് ഏറിയതോടെ വെളിച്ചെണ്ണ വില കൂടിത്തുടങ്ങി. കൊച്ചിയിൽ 200 രൂപ കൂടി ഉയർന്നു.
കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വില വർധിച്ചു. കൊക്കോയ്ക്ക് 10 രൂപ കൂടി 150 രൂപയും ഉണക്കയ്ക്കും 10 രൂപ ഉയർന്ന് 710 രൂപയുമായി. കൽപ്പറ്റ വിപണിയിൽ ഇഞ്ചിവില 100 രൂപ കുറഞ്ഞു. കാപ്പിക്കുരു വിലയിൽ മാറ്റമില്ല. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business