51 കുഞ്ഞുണ്ണി കവിതകൾ 22 മിനിറ്റിൽ ചൊല്ലി ആറുവയസുകാരി; സ്വന്തമാക്കിയത് റെക്കോർഡ്

Mail This Article
കുഞ്ഞുണ്ണിമാഷിന്റെ അന്‍പത്തിയൊന്ന് കവിതകള്‍ ഇരുപത്തിരണ്ട് മിനിറ്റില്‍ ചൊല്ലി ആറുവയസുകാരിയുടെ ലോക റെക്കോര്‍ഡ്. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനി തീര്‍ഥ വിവേകിന്റേതാണ് നേട്ടം. ഒരുവര്‍ഷത്തിലധികമായി തുടരുന്ന ഒാണ്‍ലൈന്‍ ക്ലാസിനിടയില്‍ അച്ഛന്റെ ശിക്ഷണത്തിലാണ് തീര്‍ഥ കവിതകള്‍ പഠിച്ചത്. കാണാത്ത കവിയെ തീർഥ അറിഞ്ഞത് അച്ഛൻ ചൊല്ലിക്കൊടുത്ത വരികളിലൂടെയാണ്. ഏറ്റുചൊല്ലിയ വരികൾ ഹൃദ്യസ്ഥമായി, കവിയോടുള്ള ഇഷ്ടവും കൂടി.
അങ്ങനെയാണ് കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകൾ 22 മിനിറ്റിൽ ചൊല്ലി ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിലേയ്ക്കും ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിലേയ്ക്കും തീർഥ എത്തിയത്. തൃപ്പൂണിത്തറ എൻ എസ് എസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ് തീർഥ. കോവിഡ് കാലത്തെ ആദ്യ ലോക്ഡൗണിൽ തുടങ്ങിയ യുട്യൂബ് ചാനൽ വഴി ഇതിനകം തീർഥ സുപരിചിതയാണ്. ഗൂഗിൾ ക്ലാസ് റൂമിലെ കൂട്ടുകാരിൽ പലർക്കും കുഞ്ഞുണ്ണി കവിതകൾ പരിചയപ്പെടുത്തിയതും തീർഥയാണ്.
English summary : Little girl reciting poems of Kunjunni bags records