ചരിത്രത്തിലെ ഏറ്റവും ധീരമായ ചെറുത്തുനിൽപിന് 2500ാം വാർഷികം

Mail This Article
അലക്സാണ്ടറുടെ പടയോട്ടങ്ങളെക്കുറിച്ച് ചരിത്രപാഠത്തിൽ അറിഞ്ഞിട്ടുണ്ടാകുമല്ലോ. അതിനെക്കാൾ മുൻപ് ഗ്രീസിൽ നടന്ന ഒരു പ്രശസ്ത യുദ്ധത്തിന്റെ കഥ..
തെർമോപ്പിലി
ലക്ഷക്കണക്കിനു വരുന്ന പേർഷ്യൻ സൈന്യത്തെ അതിധീരമായി നേരിട്ട 300 സ്പാർട്ടക്കാർ. ചരിത്രത്തിലെ ഏറ്റവും ധീരമായ ചെറുത്തുനിൽപിന് 2500ാം വാർഷികം
480 ബിസി, പ്രാചീന ഗ്രീസ്
അന്നു ഗ്രീസ് ഇന്നത്തേതു പോലെ ഒറ്റ രാജ്യമല്ല, ഗ്രീക്ക് സംസ്കൃതി പിന്തുടരുന്ന ഒട്ടേറെ രാജ്യങ്ങളുണ്ടായിരുന്നു മേഖലയിൽ. അവയിലൊന്നായിരുന്നു സ്പാർട്ട. ഗ്രീസിലെ എണ്ണം പറഞ്ഞ സൈനിക ശക്തി. സങ്കീർണമായ ഭരണവ്യവസ്ഥയായിരുന്നു സ്പാർട്ടയിൽ.
പേർഷ്യ
പ്രാചീന ലോകത്തിന്റെ അനിഷേധ്യ സാമ്രാജ്യത്വ ശക്തി. ഡാരിയസ് എന്ന വിശ്വവിഖ്യാതനായ ചക്രവർത്തിയുടെ കീഴിൽ പേർഷ്യ വൻ സാമ്രാജ്യമായി വളർന്നു. കീഴടങ്ങാനാവശ്യപ്പെട്ട് ദൂതുമായി പേർഷ്യക്കാർ സ്പാർട്ടയിലും ആതൻസിലുമെത്തിയെങ്കിലും അവർ കൂട്ടാക്കിയില്ല. ദൂതു ചെന്നവർ പൊട്ടക്കിണറുകളിലേക്ക് എറിയപ്പെട്ടു.

സെർക്സീസ്
ഡാരിയസിന്റെ കാലം കഴിഞ്ഞു. മകൻ സെർക്സീസ് ഒന്നാമൻ പുതിയ ചക്രവർത്തിയായി. പിതാവിന്റെ ലക്ഷ്യം സെർക്സീസ് ആവർത്തിച്ചു. ഗ്രീസിലെ മറ്റു പല നാട്ടുരാജ്യങ്ങളും അദ്ദേഹത്തിനു കീഴടങ്ങി സാമന്തൻമാരായി. എന്നാൽ സ്പാർട്ടയും ആതൻസും ഉൾപ്പെടെ ചില രാജ്യങ്ങൾ സെർക്സീസിനെ അംഗീകരിച്ചില്ല. പേർഷ്യയ്ക്കെതിരായ പ്രതിരോധത്തിന്റെ നേതൃസ്ഥാനം സ്പാർട്ട ഏറ്റെടുത്തു.
പടയോട്ടം
സ്പാർട്ടയെയും ആതൻസിനെയും ലക്ഷ്യം വച്ചുള്ള പടയോട്ടം സെർക്സീസ് തുടങ്ങി. വടക്കൻ ഗ്രീസ് പിടിച്ചടക്കിക്കൊണ്ട് പേർഷ്യൻ സൈന്യം തെക്കോട്ട് നീങ്ങി. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ആളുകൾ ആ വൻപടയിലുണ്ടായിരുന്നെന്നു കരുതപ്പെടുന്നു. പടയാളികൾക്കു പിന്തുണയുമായി ചുറ്റുമുള്ള ഇജീയൻ കടലിൽ കരുത്തുറ്റ പേർഷ്യൻ നാവികസേനയും
നിലയുറപ്പിച്ചു. ലിയോണിഡസിന്റെ സംയുക്ത ഗ്രീക്ക് പടയിൽ 7000 പേരുണ്ടായിരുന്നു. 300 സ്പാർട്ടൻ സൈനികർ ഉൾപ്പെടെ.

ലിയോണിഡസ്
സ്പാർട്ട ഭരിച്ചിരുന്ന രാജാവ്, യുദ്ധവീരൻ, ധീരൻ. ആയുധം താഴെവയ്ക്കാൻ ആവശ്യപ്പെട്ട സെർക്സീസിന് ലിയോണിഡസ് ഒരു മറുപടി കൊടുത്തു... ‘മോലോൻ ലബേ’... ‘വാ വന്ന് എടുത്തുകൊണ്ട് പോകൂ’ എന്നർഥം. പിൽക്കാലത്ത് ചരിത്രം സ്വർണ ലിപികളിൽ രേഖപ്പെടുത്തിയ മറുപടി.
തെർമോപ്പിലി
ചൂടുകൂടിയ കവാടം എന്നർഥം വരുന്ന തെർമോപ്പിലി വടക്കൻ ഗ്രീസിലെ ഒരു ചുരമാണ്. ഒരുവശത്ത് കടുപ്പൻ മലനിരകളും മറുവശത്തു സമുദ്രവുമുള്ള ഇടുക്ക് ചുരം (ഇന്നു സമുദ്രം ഇവിടെ നിന്നു പിൻവലിഞ്ഞു). ഈ ചുരം കടന്നാൽ മാത്രമേ പേർഷ്യൻ സൈന്യത്തിന് ആതൻസിലേക്കു കടക്കാൻ കഴിയുമായിരുന്നുള്ളു. ഒരു ഫണലിന്റെ വായിലേക്ക് എത്ര കൂടിയ അളവിൽ വെള്ളം ഒഴിച്ചാലും അതിന്റെ ഇടുങ്ങിയ ഭാഗത്തുനിന്ന് കുറച്ചു വെള്ളമല്ലേ വരൂ.അതു പോലെയൊരു ഫണലായിരുന്നു തെർമോപ്പിലി. എത്ര വൻപട വന്നാലും കുറച്ചു പടയാളികൾക്കു മാത്രമായേ ചുരം കടന്നെത്താൻ കഴിയുമായിരുന്നുള്ളൂ.
യുദ്ധം
ഈ ന്യൂനത മുതലെടുത്തായിരുന്നു ലിയോണിഡസിന്റെ യുദ്ധരീതി. ചുരം കടന്നെത്തിയ പതിനായിരത്തോളം പേർഷ്യൻ പടയാളികൾ ഗ്രീക്ക് സൈന്യത്തിന്റെ വാളിനിരയായി. പേർഷ്യൻ പടയിലെ ഏറ്റവും യുദ്ധവീര്യമുള്ള ‘ഇമ്മോർട്ടൽസ്’ എന്ന സേനാവിഭാഗത്തിനു പോലും ഗ്രീക്ക് സൈന്യത്തിന്റെ ചെറുത്തുനിൽപിനു മുന്നിൽ തരിപ്പണമാകാനായിരുന്നു വിധി. അജയ്യരെന്നു സ്വയം കരുതിപ്പോന്ന പേർഷ്യൻ സൈന്യത്തിന്റെ ആത്മവിശ്വാസം ഇടിഞ്ഞു തുടങ്ങി.പിന്തിരിഞ്ഞാലോ എന്നു വരെ സെർക്സീസ് ചിന്തിച്ചു തുടങ്ങി.

കൊടുംചതി
ഇതിനിടയിലാണ് തെർമോപ്പിലിയുടെ ഭൂപ്രകൃതി നന്നായി അറിയാവുന്ന എഫ്യാൽട്ടിസ് എന്ന ഗ്രീക്കുകാരൻ പേർഷ്യൻ പാളയത്തിലെത്തിയത്. ചുരം കടക്കാതെ തന്നെ ഗ്രീക്ക് സൈന്യം തമ്പടിച്ചിരിക്കുന്നിടത്ത് എത്താനുള്ള വഴി എഫ്യാൽട്ടിസ് പേർഷ്യക്കാർക്ക് കാട്ടിക്കൊടുത്തു. ആ വഴിയിലൂടെ പേർഷ്യൻ സൈന്യം ഗ്രീക്ക് യുദ്ധക്യാംപിലെത്തി. യുദ്ധം തുടങ്ങിയിട്ട് ഏഴു ദിവസമായിരുന്നു അപ്പോൾ. 300 സ്പാർട്ടൻ പടയാളികൾ ഒഴിച്ച് മറ്റ് സൈന്യങ്ങൾ തെർമോപ്പിലിയിൽ നിന്നു പിൻവാങ്ങി. തെസ്പിയൻസ് എന്ന ഗ്രീക്ക് പ്രദേശത്തെ 700 പടയാളികൾ കൂടി ലിയോണിഡസിനൊപ്പം നിന്നു.
അന്ത്യം
കീഴടങ്ങാൻ ലിയോണിഡസിന്റെ ആത്മാഭിമാനം അനുവദിച്ചിരുന്നില്ല. അവർ യുദ്ധം തുടരുക തന്നെ ചെയ്തു. ഒടുവിൽ ഒരു പേർഷ്യൻ അസ്ത്രത്തിൽ ലിയോണിഡസ് വീരമൃത്യു വരിച്ചു, താമസിയാതെ 300 സ്പാർട്ടക്കാരും. ദേഷ്യം സഹിക്കാൻ വയ്യാതെ സെർക്സീസ് ലിയോണിഡസിന്റെ മൃതശരീരത്തിന്റെ തലവെട്ടിമാറ്റി. പക്ഷേ ആ യുദ്ധത്തോടെ
ലിയോണിഡസ് ഗ്രീക്കുകാർക്കിടയിൽ ഒരു വികാരമായി മാറി. പിന്നീട് നടന്ന സലാമീസ് യുദ്ധത്തിൽ പേർഷ്യയെ അവർ കീഴടക്കി, അധിനിവേശത്തിന് അന്ത്യം കുറിച്ചു. 2006ൽ തെർമോപ്പിലി യുദ്ധത്തിന്റെ കഥ ‘300 ’എന്ന പേരിൽ സിനിമയായി പുറത്തിറങ്ങി.
വിവരങ്ങൾ : അശ്വിൻ നായർ, രോഹിത് ജോസ്
English Summary : Battle of Thermopylae