ADVERTISEMENT

ലോകത്ത് ഏറ്റവുമധികം സ്വർണം ഉൽപാദിപ്പിക്കുന്ന രാജ്യം ഏതാണെന്ന് കൂട്ടുകാർക്കറിയാമോ? അതു ചൈനയാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉൽപാദിപ്പിക്കുന്ന ആദ്യ 10 രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. വജ്രഖനികൾക്കും പ്രശസ്തമാണ് ഈ രാജ്യം. ഭൂമിയുടെ അഗാധതയില്‍ ഒളിച്ചിരിക്കുന്ന സ്വർണവും വജ്രവും പോലുള്ള ധാതുക്കൾ ഖനികൾ വഴിയാണു കുഴിച്ചെടുക്കുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ചിലയിടത്ത് ഇതു മുകളിലേക്കുയര്‍ന്നു വന്നിട്ടുണ്ട്. അതിനു കാരണമായതാകട്ടെ ഭൂമിയിലേക്കു വന്നിടിച്ച ഒരു ഛിന്നഗ്രഹവും. ഇന്നോ ഇന്നലെയോ ഒന്നുമല്ല ഏകദേശം 200 കോടി വർഷം മുന്‍പാണ് ഈ ഛിന്നഗ്രഹം (Asteroid) ദക്ഷിണാഫ്രിക്കയിൽ വന്നു വീണത്. അതുവഴി രൂപപ്പെട്ടതാകട്ടെ ഒരു വമ്പൻ ഗർത്തവും. ഛിന്നഗ്രഹം കൊണ്ടുണ്ടായ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഗർത്തങ്ങളിലൊന്നായിരുന്നു അത്- പേര് റെഡഫർട് ക്രേറ്റർ. 

ഭൂമിയിലെ ക്രെറ്റേഷ്യസ് യുഗത്തെ ഇല്ലാതാക്കിയ ചിക്സുലൂബ് ക്രേറ്റർ ഉണ്ടാകാനുള്ള കാരണവും ഒരു ഛിന്നഗ്രഹം വന്നുവീണതായിരുന്നു. എന്നാൽ ഇതിന്റെ രണ്ടിരട്ടിയുണ്ട് റെഡഫർട് വിള്ളലിന്റെ വലുപ്പം. ഏകദേശം 10–15 കിലോമീറ്റർ വരെ വീതിയുള്ള ഛിന്നഗ്രഹമായിരുന്നു റെഡഫർട്ടിന്റെ രൂപീകരണത്തിനുലേക്കു നയിച്ചത്. രൂപപ്പെട്ട സമയത്ത് ഏകദേശം 300 കിലോമീറ്റര്‍ വീതിയുണ്ടായിരുന്നു ഇതിന്. പക്ഷേ ഇന്നിവടെ ചെന്നു നോക്കിയാൽ ഗർത്തമൊന്നും കാണാനാകില്ല. വർഷങ്ങൾ കൊണ്ട് പ്രകൃതി കൊണ്ടുവന്ന മാറ്റങ്ങളായിരുന്നു കാരണം. മിക്കയിടവും കൃഷിഭൂമിയായും മാറിക്കഴിഞ്ഞു. എങ്കിലും പലയിടത്തും പാറക്കൂട്ടവും അൽപം ആഴത്തിലുള്ള കുഴികളും ഇന്നും കാണാം. അതാകട്ടെ ജിയോളജിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടതും. 

ആകാശത്തു നിന്നു വന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും റെഡഫർട്ട് വിള്ളലിലെ പല ഭാഗങ്ങളിലുമുണ്ട്. ബഹിരാകാശത്തേക്കു പോകാതെ തന്നെ ഛിന്നഗ്രഹത്തെപ്പറ്റി പഠിക്കാനുള്ള അപൂർവ അവസരമായിരിക്കുകയാണ് ഈ വിള്ളൽ. എന്തായാലും പഠനത്തിനിടെ ഭൗമശാസ്ത്രവുമായി ബന്ധപ്പെട്ടതല്ലാത്ത ചില കാര്യങ്ങളും ഗവേഷകർ പഠിച്ചു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് റെഡഫർട്ടിന്റെ പരിസരത്തു ജീവിച്ചിരുന്നവർക്ക് ഈ വിള്ളൽ ഒരു പരിശുദ്ധ പ്രദേശമായിരുന്നുവെന്നതായിരുന്നു അത്. പാറക്കൂട്ടങ്ങളിലും ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളിലും വരച്ചിട്ടിരിക്കുന്ന വിവിധ ചിത്രങ്ങളാണ് അത്തരമൊരു നിഗമനത്തിലെത്തിച്ചത്. പാറകളുടെ ഘടനയും പ്രദേശത്തിന്റെ ‘ദൈവികത’ കൂട്ടാൻ കാരണമായി. 

അതിശക്തമായാണ് റെഡഫർട്ടിൽ ഛിന്നഗ്രഹം വന്നുവീണത്. ആ തീയിൽ ഉരുകിയൊലിച്ച പാറയിൽ ഭൂമിക്കടിയിൽ നിന്നുള്ള അമൂല്യധാതുക്കൾ ഇഴുകിച്ചേർന്നു. ഒപ്പം ഛിന്നഗ്രഹത്തിൽ നിന്നുള്ള ധാതുക്കളും. അങ്ങനെ പാറകള്‍ക്കെല്ലാം പ്രത്യേകതരം നിറവും ഡിസൈനുമൊക്കെ ലഭിച്ചു. ഗ്രാനോഫയ ഡൈക്ക്, ഫെൽസ്പാർ, ക്വാർട്സ് തുടങ്ങിയ ധാതുക്കളെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതും കോടിക്കണക്കിനു വർഷം പഴക്കമുള്ളവ. ഛിന്നഗ്രഹം വന്നിടിച്ചില്ലായിരുന്നെങ്കിൽ ഇവയൊക്കെ തേഞ്ഞ് ഇല്ലാതാകേണ്ടതായിരുന്നു. പാറയിലേക്ക് ഉരുകിച്ചേർന്നതോടെ കോടിക്കണക്കിനു വര്‍ഷങ്ങൾക്കു മുൻപത്തെ പാറകളുടെ ഘടന ഇന്നു പഠിക്കാനുള്ള അവസരവും ഗവേഷകർക്കു ലഭിച്ചു. 

ഇന്നു വടക്കൻ ദക്ഷിണാഫ്രിക്കയുടെ ഭാഗമായിരിക്കുന്ന റെഡഫർട് പ്രദേശത്ത് ആയിരക്കണക്കിനു വർഷം മുൻപ് ഖോയ്–സാൻ എന്ന വിഭാഗം ആളുകളാണു ജീവിച്ചിരുന്നത്. തങ്ങളുടെ ആചാരപരമായ പല ചടങ്ങുകളും അവർ ഇവിടെ വച്ചു നടത്തിയിരുന്നു. മേഖലയിൽ നിറയെ കാണപ്പെട്ടിരുന്ന കാണ്ടാമൃഗം, ഹിപ്പൊപൊട്ടാമസ്, കുതിര തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങളായിരുന്നു വിള്ളലിലെ പാറകളിൽ വരച്ചിട്ടിരുന്നത്. വിള്ളലിനു ചുറ്റും പലതരം കരകൗശല വസ്തുക്കളും ചിതറിക്കിടപ്പുണ്ടായിരുന്നു. അവയിൽ പലതും ഖോയ്–സാൻ വിഭാഗക്കാർ നിർമിച്ചതുമായിരുന്നു. എല്ലാറ്റിനും ഏകദേശം 8000 വർഷത്തെ പഴക്കവും. പലതരം നിറത്തിലുള്ള പാറകൾ നിറഞ്ഞ വിള്ളൽ കിലോമീറ്ററുകളോളം നീളത്തിൽ ഇവിടെ കാണാം, പക്ഷേ വിള്ളലിനു വീതി വളരെ കുറവും! ശരിക്കും ഒരു പാമ്പിന്റെ ആകൃതി. ഖോയ്–സാൻ വിഭാഗക്കാരുടെ മഴദൈവത്തിനും പാമ്പിന്റെ ആകൃതിയായിരുന്നു. തങ്ങളുടെ ദൈവത്തിന്റെ ഇടമാണെന്നു കരുതിയാകാം അവർ മഴയ്ക്കു വേണ്ടി അവിടെ പ്രത്യേക പ്രാർഥനകൾ നടത്തിയത്. ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ദ് ഫ്രീ സ്റ്റേറ്റിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്നത്.

 English Summary : Vredefort crater in SouthAfrica

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com