മന്ത്രി ഇടപെട്ടു; ശുചിമുറിയിൽ നിന്ന് യുവാവിനെ ഗാന്ധിഭവനിലേക്ക് മാറ്റി

Mail This Article
ചേർത്തല ∙ പരസഹായം ലഭിക്കാതെ, ശുചിമുറിയിൽ കഴിഞ്ഞിരുന്ന യുവാവിനെ മന്ത്രി പി. പ്രസാദ് ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റി. ചേർത്തല നഗരസഭ 30–ാം വാർഡ് മരോട്ടിക്കൽ ശ്യാം (33) ആണ് ദയനീയാവസ്ഥയിൽ കഴിഞ്ഞിരുന്നത്. അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ അമ്മയെ സഹോദരിയുടെ വീട്ടിലേക്കു കൊണ്ടുപോയി.
വാടക വീട്ടിലാണ് ശ്യാം കഴിഞ്ഞിരുന്നത്. ഡ്രൈവർ ആയിരുന്ന ശ്യാമിന് എറണാകുളത്തു വച്ചുണ്ടായ അപകടത്തെ തുടർന്ന് കാലുകളും വാരിയെല്ലുകളും ഒടിഞ്ഞു. പ്ലാസ്റ്റർ ഇട്ട ശേഷം സുഹൃത്തുക്കളാണ് കഴിഞ്ഞ 20ന് വീട്ടിലെത്തിച്ചത്. പരസഹായം ആവശ്യമായതിനാൽ ശുചിമുറിയിലാണ് ഇയാൾ കിടന്നിരുന്നത്. പ്രദേശവാസികൾ മന്ത്രി പി. പ്രസാദിനെ അറിയിക്കുകയും പ്രസാദ് പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെടുകയുമായിരുന്നു.
ഇന്നലെ രാത്രി ഗാന്ധിഭവൻ സ്നഹവീട് ഡയറക്ടർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ എത്തിയാണ് ഏറ്റെടുത്തത്. ഗാന്ധിഭവനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.