ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ

Mail This Article
ആലപ്പുഴ ∙ ജനറൽ ആശുപത്രിയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. തിരുവനന്തപുരം പട്ടം കേശവദാസപുരം മോസ്ക് ലൈനിൽ ഹൗസ് നമ്പർ 70ൽ അനിൽകുമാറിനെയാണ് (55) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് .ആലപ്പുഴ കൈനകരി തോട്ടുവാത്തല സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ സമാനരീതിയിൽ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പരാതികൾ കൂടി ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജനറൽ ആശുപത്രി പുതിയ ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണയായി യുവതിയിൽ നിന്ന് 2,45,180 രൂപ കൈപ്പറ്റി. ഒറിജിനൽ രേഖകളുമായി ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ എത്താനും നിർദേശിച്ചു. ഇതനുസരിച്ച് എത്തിയ യുവതിയെ പുറത്തു നിർത്തി നിയമന ഉത്തരവ് കാണിച്ച് സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യണമെന്നു പറഞ്ഞ് അകത്തേക്ക് പോയി. തിരികെയെത്തിയ ശേഷം ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ജോലി ലഭിക്കുമെന്ന് ഉറപ്പു നൽകി നിയമന ഉത്തരവും ഒറിജിനൽ സർട്ടിഫിക്കറ്റുകളും മടക്കി നൽകി. ഇതിനു ശേഷവും അക്കൗണ്ട് വഴി തുക കൈമാറി.
ഫോൺ വിളിച്ച് എടുക്കാതായതോടെ സൂപ്രണ്ടിന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിലും ഇയാൾ ജോലി വാഗ്ദാനം ചെയ്തു സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു വിവരം. തൃപ്പൂണിത്തുറ ആർട്സ് കോളജ് റോഡിലുള്ള മാനാട്ടു ഹൗസിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് അനിൽകുമാർ പിടിയിലായത്.
സൗത്ത് ഇൻസ്‌പെക്ടർ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അനിൽകുമാറിന്റെ ഫോൺ കോളുകളും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. എസ്ഐമാരായ യു. ഉദയകുമാർ, വിജയപ്പൻ, മോഹൻ കുമാർ, സിപിഒമാരായ വിപിൻദാസ്, ആർ.ശ്യാം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.