ലൈഫ് ഇൻഷുറൻസ്: പോളിസിയുടമ മരിച്ചാൽ അനന്തരാവകാശിക്ക് കിട്ടുന്ന തുകയ്ക്ക് ആദായ നികുതി അടയ്ക്കണോ?

Mail This Article
അടയ്ക്കുന്ന പ്രീമിയം, ലഭിക്കുന്ന ബോണസ്, വട്ടമെത്തുമ്പോഴത്തെ വരുമാനം തുടങ്ങി 3 തലത്തിലും ആദായനികുതി ഇളവുകൾ ലഭിച്ചിരുന്ന സാമ്പത്തിക സേവനങ്ങളായിരുന്നു ലൈഫ് ഇൻഷുറൻസ് പോളിസികൾ.
ഒന്നൊന്നായി നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പാക്കി ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതിയിളവുകൾ ഭാഗികമാക്കപ്പെട്ടു. നികുതിയിളവ്, നിക്ഷേപം, പരിരക്ഷ എന്നിവ വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളാണെന്നും അവ കൂട്ടിക്കലർത്തി ആശയക്കുഴപ്പം ഒഴിവാക്കേണ്ടതാണെന്നുമാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റിലെ വിശദീകരണങ്ങളിലൂടെ വ്യക്തമാക്കുന്നത്. പരമ്പരാഗത- യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പോളിസികൾ വാങ്ങുമ്പോൾ പരിരക്ഷയോടൊപ്പം തന്നെ ആദായനികുതി ബാധ്യതകളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
അപ്രസക്തമായി പ്രീമിയത്തിന്റെ നികുതിയിളവ്
പഴയ നികുതി ക്രമം തിരഞ്ഞെടുത്തവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസികളിൽ പ്രീമിയമായി അടയ്ക്കുന്ന തുകയ്ക്ക് മറ്റ് നിക്ഷേപാവസരങ്ങളോടൊപ്പം ഒന്നര ലക്ഷം രൂപ വരെ 80C പ്രകാരം നികുതിയിളവിന് 2 പ്രധാന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. 2012 ഏപ്രിൽ1നു മുൻപ് എടുത്തിട്ടുള്ള പോളിസികളിൽ പ്രീമിയം തുക പരിരക്ഷയുടെ 20ശതമാനത്തിലും അതിനു ശേഷം എടുത്തിട്ടുള്ള പോളിസികളിൽ 10ശതമാനത്തിലും കൂടാതെയുമിരുന്നാൽ മാത്രമേ പ്രീമിയം തുകയ്ക്ക് ഇളവുകൾ ലഭിക്കൂ.

പരമ്പരാഗത പോളിസികളിലും യൂണിറ്റ് ലിങ്ക്ഡ് പോളിസികളിലും പ്രീമിയമായി അടയ്ക്കുന്ന ആകെത്തുക യഥാക്രമം 5 ലക്ഷം, രണ്ടര ലക്ഷം എന്നിങ്ങനെ പരിമിതിപ്പെടുത്തിയിട്ടുമുണ്ട്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ പേരിൽ എടുത്തിട്ടുള്ള പോളിസികളിൽ 80U പ്രകാരവും പ്രത്യേക അസുഖങ്ങൾ ബാധിച്ചവർക്ക് 80DDB പ്രകാരവും 2013 ഏപ്രിലിനു ശേഷം എടുത്ത പോളിസികളിൽ ഇളവുകൾ ലഭിക്കാൻ പ്രീമിയവും പരിരക്ഷയും തമ്മിലുള്ള അനുപാതം 15 ശതമാനത്തിൽ അധികരിക്കാനും പാടില്ല.
കിഴിവുകളും ഒഴിവാക്കലുകളും ഇല്ലാതെ ലളിതമാക്കിയ പുതിയ നികുതി ക്രമത്തിൽ 2025 ഏപ്രിൽ മുതൽ 12ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ബാധ്യത ഒഴിവാക്കിയതോടെ പ്രീമിയത്തിന് ലഭിച്ചിരുന്ന നികുതിയിളവ് അപ്രസക്തമായി. ലൈഫ് ഇൻഷുറൻസ് പോളിസികളെ മുൻഗണനാ നിക്ഷേപാവസരമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നത് സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വരുമാനത്തിനും ഇളവുകൾ ഭാഗികം
പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികളിൽ വട്ടമെത്തുമ്പോൾ ബോണസ് ഉൾപ്പെടെ തിരികെ ലഭിക്കുന്ന തുകയ്ക്കു നേരത്തെ നിലനിന്നിരുന്ന പൂർണ നികുതിയിളവിനും നിബന്ധനകൾ ബാധകമാക്കി. 2023ലെ ബജറ്റ് പ്രകാരം പരമ്പരാഗത പോളിസികളിൽ മൊത്തം പ്രീമിയമായി അടയ്ക്കേണ്ടുന്ന തുക 5 ലക്ഷം രൂപയിൽ കൂടുതലായാൽ വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി നൽകണം.

മാത്രമല്ല, ഒരു പോളിസി വർഷം അടയ്ക്കുന്ന പ്രീമിയം തുക പോളിസിയിലെ ക്യാപ്പിറ്റൽ സം അഷ്വേഡ് തുകയുടെ 10 ശതമാനത്തിൽ അധികരിച്ചാലും നികുതിയിളവില്ല. നേരത്തെ തന്നെ പരിഷ്കരിച്ചിരുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികളിൽ മൊത്തം പ്രീമിയം തുക രണ്ടര ലക്ഷത്തിന് മുകളിലായാൽ നികുതി ആനുകൂല്യം പിൻവലിച്ചിരുന്നു.
നികുതി ബാധ്യത കണക്കാക്കുന്ന രീതി
പരമ്പരാഗത പോളിസികൾ വട്ടെമെത്തുമ്പോൾ ലഭിക്കുന്ന നികുതി ബാധ്യതയുള്ള തുക ഉടമയുടെ ‘മറ്റു സ്രോതസ്സുകളിലെ വരുമാനം’ എന്നു കണക്കാക്കും. ഓരോരുത്തരുടെയും സ്ലാബ് അടിസ്ഥാനമാക്കി ഈ തുകയ്ക്കു നികുതി ചുമത്തും. യൂണിറ്റ് ലിങ്ക്ഡ് പോളിസികളിലാകട്ടെ മൂലധന നേട്ടമെന്ന് കണക്കാക്കിയാണു നികുതി അടയ്ക്കേണ്ടത്. ഇത്തരത്തിൽ പ്രത്യേക വകുപ്പുകളിൽ നികുതി ബാധ്യത കണക്കാക്കുന്നതിനാൽ പോളിസിയിൽ നിന്നുള്ള വരുമാനത്തിന് റിബേറ്റ്, മാർജിനൽ നികുതി ആശ്വാസം തുടങ്ങിയവ ലഭിക്കില്ല.
സ്രോതസ്സിൽ നികുതി
നികുതിയിളവില്ലാതെ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ പണം കൈപ്പറ്റുമ്പോൾ സ്രോതസ്സിൽ നികുതി കിഴിവ് ചെയ്യും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകൾക്ക് 5ശതമാനമാണ് ടിഡിഎസ്. ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള തുകകൾക്ക് ടിഡിഎസ് കിഴിവ് ചെയ്തില്ലെന്ന് കരുതി റിട്ടേണുകളിൽ ഉൾപ്പെടുത്താതിരിക്കുന്നതും നികുതി നൽകാൻ വിട്ടുപോകുന്നതും കുറ്റകരമാണ്.
പരിരക്ഷ പ്രധാനം
കുടുംബങ്ങൾക്ക് ഒഴിവാക്കാനാകാത്ത പരിരക്ഷയാണ് ലൈഫ് ഇൻഷുറൻസ് പോളിസികൾ നൽകുന്നത്. പോളിസിയുടമ മരണമടയുമ്പോൾ അനന്തരാവകാശികൾക്ക് ലഭിക്കുന്ന പരിരക്ഷാ തുകയ്ക്ക് ആദായനികുതി ബാധകമല്ല.
.jpg)
എന്നാൽ ക്ലെയിം ഉണ്ടാകാതെ തുടരാൻ സാധിച്ച പരമ്പരാഗത പോളിസികളിലും യൂണിറ്റ് ലിങ്ക്ഡ് പോളിസികളിലും വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്കാണ് ആദായനികുതി നൽകേണ്ടത്. നികുതി ഒഴിവാകുന്നത്രയും പരിധികളുള്ള പോളിസികൾ തിരഞ്ഞെടുക്കണം. അതിനു മുകളിൽ പരിരക്ഷ വേണ്ടവർ ഒരു നിക്ഷേപമെന്ന ആശയം മാറ്റിവച്ച്,
ഓരോ കുടുംബത്തിനും ആവശ്യമായത്ര പരിരക്ഷ ലഭിക്കത്തക്ക രീതിയിൽ ടേം പോളിസികൾ എടുക്കുന്നതിലൂടെ ആദായനികുതിയുടെ പൊല്ലാപ്പുകളില്ലാതെ കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ നേടാം.