സർക്കാരിന് തിരിച്ചടി; വെബ് ഓട്ടോ സർവീസ് ചാർജ് 5 ശതമാനമാക്കിയ നടപടി തടഞ്ഞ് ഹൈക്കോടതി

Mail This Article
ബെംഗളൂരു∙ വെബ് ഓട്ടോ സർവീസുകളിൽ സർവീസ് ചാർജ് 5 ശതമാനമാക്കി പുതുക്കി നിശ്ചയിച്ച ഗതാഗതവകുപ്പ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. മോട്ടർ വാഹന നിയമ പ്രകാരം സർവീസ് ചാർജ് നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനില്ലെന്ന ഓല, ഊബർ കമ്പനികളുടെ വാദമാണ് ജസ്റ്റിസ് സി.എം. പൂനച്ച അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചത്. അമിതക്കൂലി ഈടാക്കുന്ന വെബ് ടാക്സി കമ്പനികൾക്കു കടിഞ്ഞാണിടാനുള്ള സർക്കാർ നടപടികൾക്കു തിരിച്ചടിയാണ് കോടതി വിധി. കേസിൽ 12ന് കോടതി വീണ്ടും വാദം കേൾക്കും.
നവംബർ 25നാണ് വെബ് ഓട്ടോ സർവീസുകളിൽ മിനിമം നിരക്ക് 30 രൂപയ്ക്കു പുറമേ 5 ശതമാനമേ സർവീസ് ചാർജ് ഈടാക്കാവൂ എന്ന് ഗതാഗത വകുപ്പ് ഉത്തരവിട്ടത്. പിന്നാലെ ഉത്തരവിനെതിരെ പ്രതിഷേധവുമായി കമ്പനികൾ രംഗത്തെത്തുകയായിരുന്നു. സർവീസ് ചാർജ് 25 ശതമാനം കൂട്ടണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. കൂടാതെ മിനിമം നിരക്ക് മഴ സമയങ്ങളിൽ 30ൽ നിന്നും 60 ആയി ഉയർത്തണമെന്നും ആവശ്യപ്പെടുന്നു. അമിതകൂലി ഈടാക്കിയതിന് ഈ ആപ്പുകളിലെ ഓട്ടോ സർവീസുകൾ നിരോധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.