വരാപ്പുഴ പള്ളി മൈനർ ബസിലിക്കയായി

Mail This Article
വരാപ്പുഴ ∙ വിശ്വാസനിർഭരമായ പ്രാർഥനകളുടെ നിറവിൽ വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ്സ് പള്ളി, മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഇതുസംബന്ധിച്ച് റോമിൽ നിന്നു പുറപ്പെടുവിച്ച ഡിക്രി വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ പ്രഖ്യാപിച്ചു. ആർച്ച്ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ, കെആർഎൽസിസി അധ്യക്ഷൻ ഡോ.ജോസഫ് കരിയിൽ, കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, കർമലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസ് പ്രൊവിൻഷ്യൽ ഡോ.തോമസ് മരോട്ടിക്കാപറമ്പിൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറയ്ക്കലാണു കുർബാന മധ്യേ റോമിൽ നിന്നുള്ള ഡിക്രി വായിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമായിരുന്നു പള്ളിയിൽ പ്രവേശനം. പുറത്ത് ഒരുക്കിയ കൂറ്റൻ പന്തലിൽ നൂറുകണക്കിനു വിശ്വാസികൾ ചടങ്ങുകൾ വീക്ഷിച്ചു. തുടർന്നു കുർബാനയും ഉണ്ടായിരുന്നു. വരാപ്പുഴ അതിരൂപതയുടെ ആദ്യ ആസ്ഥാനമായിരുന്ന ഈ പള്ളി നിലവിൽ നിഷ്പാദുക കർമലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസിന്റെ കീഴിലാണു പ്രവർത്തിക്കുന്നത്.