ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി ഇന്ത്യയുടെ അഭിമാന തേജസ്
![ins-vikranth ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ റൺവേയിലേക്കു രാജ്യത്തിന്റെ തദ്ദേശനിർമിത യുദ്ധവിമാനമായ തേജസ് (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്)
പറന്നിറങ്ങുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2023/2/7/ins-vikranth.jpg?w=1120&h=583)
Mail This Article
കൊച്ചി∙ ഐഎൻഎസ് വിക്രാന്തിൽ തേജസ് യുദ്ധവിമാനത്തിന്റെ ചരിത്ര ലാൻഡിങ്. തൊട്ടു പിന്നാലെ പറന്നിറങ്ങി മിഗ്–29 യുദ്ധവിമാനം. കഴിഞ്ഞ സെപ്റ്റംബറിൽ കമ്മിഷൻ ചെയ്ത രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനിയായ വിക്രാന്തിൽ ആദ്യമായാണു ഫിക്സഡ് വിങ് യുദ്ധവിമാനങ്ങൾ ഇറങ്ങുന്നത്.
ഇന്ത്യയുടെ തദ്ദേശ നിർമിത യുദ്ധവിമാനമായ എൽസിഎ (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്) തേജസാണ് ഈ ചരിത്ര നേട്ടം ആദ്യം കൈവരിച്ചതെന്നതു രാജ്യത്തിന്റെ അഭിമാനമേറ്റുന്നു. തുടർന്നു രണ്ടു യുദ്ധവിമാനങ്ങളും ടേക്ക് ഓഫ് ചെയ്തുള്ള പരീക്ഷണങ്ങളും നാവികസേന വിജയകരമായി പൂർത്തിയാക്കി.
വിക്രാന്തിൽ യുദ്ധവിമാനമിറക്കിയുള്ള പരീക്ഷണങ്ങൾക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും ആറു മാസത്തിനുള്ളിൽ ഇതു സാധ്യമായതു നാവികസേനയ്ക്കും വൻ നേട്ടമാണ്. വിക്രാന്തിന്റെ റൺവേ വിമാനങ്ങൾ ഇറങ്ങുന്നതിനായി പരുക്കനാക്കാനുള്ള നടപടികൾ ശരവേഗത്തിലാണു നാവികസേന പൂർത്തിയാക്കിയത്.
Also read: റോഡിലെ ഓയിലിൽ തെന്നി ഇരുചക്ര വാഹനക്കാർക്ക് പരുക്ക്
ഫിക്സഡ് വിങ് യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനുമായി പുതുതലമുറ സ്റ്റോബാർ (ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറെസ്റ്റഡ് റിക്കവറി) സംവിധാനമാണ് വിക്രാന്തിലുള്ളത്. പറന്നിറങ്ങുന്ന വിമാനങ്ങളെ കൊളുത്തിപ്പിടിച്ചു നിർത്താനുള്ള 3 അറസ്റ്റർ വയറുകളുൾപ്പെടെയുള്ള സംവിധാനമാണിത്.
ആദ്യ ലാൻഡിങ്ങിൽത്തന്നെ ഇവയുടെ പ്രവർത്തനം തൃപ്തികരമായിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, എവിടെയാണു വിമാനമിറക്കിയുള്ള പരീക്ഷണം നടത്തിയതെന്നോ വിക്രാന്ത് നിലവിൽ ഏതു സമുദ്രമേഖലയിലാണുള്ളതെന്നോ നാവികസേന വെളിപ്പെടുത്തിയിട്ടില്ല. ചരിത്രനേട്ടം പുറത്തുവിട്ടു നാവികസേനാ വക്താവ് ട്വീറ്റ് ചെയ്യുക മാത്രമാണുണ്ടായത്.
നാവികസേന നടത്തുന്ന ഏറ്റവും വലിയ യുദ്ധാഭ്യാസമായ ട്രോപെക്സ്–23 ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പുരോഗമിക്കുകയാണ്. കരസേനയും വ്യോമസേനയും കോസ്റ്റ് ഗാർഡും പങ്കാളികളാകുന്ന ഈ അഭ്യാസപ്രകടനങ്ങൾ മാർച്ച് വരെ നീളും. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് നാവികസേന പൈലറ്റുമാർ ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങിയത് ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്.തദ്ദേശീയമായി വിമാനവാഹിനിയും യുദ്ധവിമാനവും രൂപകൽപന ചെയ്തു നിർമിക്കാനുള്ള ഇന്ത്യയുടെ ശേഷിയുടെ പ്രകടനമാണിത്.’’
∙നാവികസേന വക്താവ് ട്വിറ്ററിൽ കുറിച്ചത്