നിങ്ങളുടെ ജീവിതത്തിലെ ഒരു മണിക്കൂര്‍ സമയത്തിന് ഒരാളുടെയോ ചിലപ്പോള്‍ മൂന്ന് പേരുടെയോ തന്നെ ജീവന്റെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. സംഗതി സത്യമാണ്. ഇതാണ് രക്തദാനമെന്ന മഹാപുണ്യത്തിന്റെ ശക്തി. ഓരോ വര്‍ഷവും ലക്ഷണക്കണക്കിന് മനുഷ്യരുടെ ജീവനാണ് രക്തദാനത്തെ ആശ്രയിച്ചിരിക്കുന്നത്. അത് ചിലപ്പോള്‍ അപകടത്തില്‍ പരുക്കേറ്റവരാകാം, അര്‍ബുദ രോഗികളാകാം, ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന രോഗികളാകാം. ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ രക്തദാനം സഹായിക്കും. ഇത്രയും മഹത്തരമായ ഒന്നായിട്ടും പലരും ഇന്നും രക്തദാനത്തിന് മടി കാണിക്കാറുണ്ട്. ചിലതരം ഭയങ്ങളും ആശയക്കുഴപ്പവും പൊതുവായ ചില മിഥ്യാധാരണകളുമാണ് ഈ മടിയുടെ പിന്നില്‍. രക്തദാനം കൊണ്ട് ശരീരത്തിനും ആരോഗ്യത്തിനും ഉണ്ടാകുന്ന ചില ഗുണങ്ങള്‍ ആദ്യം പരിശോധിക്കാം.
ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്‌ക്കും
ലഭിക്കുന്നയാളിന് മാത്രമല്ല രക്തം കൊടുക്കുന്നയാളിനും നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് രക്തദാനം. ശരീരത്തിലെ അയണിന്റെ അമിതമായ അളവ് കുറയ്‌ക്കാനും ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകള്‍ കുറയ്‌ക്കാനും ഭാരനിയന്ത്രണത്തിനുമെല്ലാം രക്തദാനം സഹായിക്കും. ഹൃദ്രോഗവുമായി പലപ്പോഴും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് രക്തത്തിലെ ഉയര്‍ന്ന അയണ്‍ തോത്. രക്തദാനത്തിന് മുന്‍പ് നിങ്ങളുടെ രക്തസമ്മര്‍ദ്ധവും ഹീമോഗ്ലോബിന്‍ തോതും ആകമാന ആരോഗ്യനിലയുമെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ട്. ഇത് ഒരു മിനി ഹെല്‍ത്ത് ചെക്കപ്പിനുള്ള അവസരവും നിങ്ങള്‍ക്ക് ഒരുക്കി നല്‍കുന്നതാണ്.
സംതൃപ്‌തിയും ജീവിത്തിന് ഒരു ഉദ്ദേശ്യവും
നിങ്ങളുടെ ഒരു ചെറിയ പ്രവൃത്തി കൊണ്ട് മറ്റൊരാളുടെ ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന തിരിച്ചറിവ് ജീവിതത്തിന് നല്‍കുന്ന സംതൃപ്‌തി ഒന്ന് വേറെ തന്നെയാണ്. ഈയൊരു സംതൃപ്‌തി അനുഭവിച്ചറിയാന്‍ രക്തദാനം സഹായിക്കും. ജീവിത്തിന് ഒരു ഉദ്ദേശ്യ ലക്ഷ്യമുണ്ടായെന്ന ബോധ്യവും ചുറ്റുമുള്ള സമൂഹവുമായി ഒരു ബന്ധവും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്ന ഇത്തരം സദ്‌കര്‍മ്മങ്ങള്‍ ശരീരത്തിലെ ഫീല്‍ ഗുഡ് ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകളെ ഉത്‌പാദിപ്പിക്കും. ഇത് നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ധം കുറയ്‌ക്കുകയും ചെയ്യും. വൈകാരികമായ സംതൃപ്‌തിയും നിങ്ങള്‍ക്ക് ഉണ്ടാക്കും.

രക്തം അമൂല്യമായ ഒരു സംഗതിയാണ്. നിങ്ങളുടെ രക്തദാനം അടിയന്തിര സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് അത് നല്‍കാനുള്ള ആവശ്യമായ സപ്ലൈ ആശുപത്രികളില്‍ ഉറപ്പാക്കുന്നു. കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറായാല്‍ പ്രകൃതി ദുരന്തം മുതല്‍ അപകടം വരെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാന്‍ ആരോഗ്യപരിചരണ സംവിധാനവും കൂടുതല്‍ തയ്യാറാകുന്നു.
രക്തദാനത്തെ കുറിച്ചുള്ള ഈ മിഥ്യാ ധാരണകള്‍ ഒഴിവാക്കാം.
രക്തദാനം വേദനാജനകമാണ്
സൂചിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരും ഭയക്കാറുണ്ട്. പക്ഷേ, പലരും കരുതുന്നത് പോലെ വേദനാജനകമായ ഒന്നല്ല രക്തദാനം. തങ്ങള്‍ക്ക് രക്തദാനം ചെയ്യാനുള്ള ആരോഗ്യമില്ലെന്ന് കരുതിയും പലരും പിന്മാറാറുണ്ട്. എന്നാല്‍ 18നും 65നും ഇടയില്‍ പ്രായമുള്ള(ആദ്യമായിട്ടാണെങ്കില്‍ 60 വയസ്സ്) കുറഞ്ഞത് 45 കിലോയുള്ള വ്യക്തികള്‍ മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ രക്തദാനം ചെയ്യാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അടുത്തുള്ള രക്തദാന കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാവുന്നതാണ്.
ഈ ദീര്‍ഘമായ പ്രക്രിയ ക്ഷീണമുണ്ടാക്കും
ഇതും പൊതുവായ ഒരു തെറ്റിദ്ധാരണയാണ്. നിങ്ങളുടെ രജിസ്‌ട്രേഷനും രക്തപരിശോധനയും രക്തദാനവുമെല്ലാം കൂടി ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ തീരും. രക്തം എടുക്കുന്ന പ്രക്രിയ പരമാവധി എട്ട് മുതല്‍ 10 മിനിട്ട് വരെ മാത്രമേ നീണ്ട് നില്‍ക്കാറുള്ളൂ. ഇത് കഴിഞ്ഞ് ദാതാക്കള്‍ക്ക് എന്തെങ്കിലും ജ്യൂസോ സ്‌നാക്‌സോ നല്‍കി അവിടെ തന്നെ കുറച്ച് നേരം ഇരുന്ന് വിശ്രമിക്കാന്‍ ആവശ്യപ്പെടും. രക്തദാനം കഴിഞ്ഞാല്‍ പിന്നെ ശരീരം ക്ഷീണിക്കുമെന്നതും മിഥ്യാധാരണയാണ്. കൊടുത്ത രക്തത്തെ ശരീരം ഏതാനും മണിക്കൂറുകള്‍ക്ക് അകം തന്നെ പഴയ പടിയാക്കും. ഇത് തികച്ചും സ്വാഭാവികവും സുരക്ഷിതവുമായ പ്രക്രിയയാണ്. ഏതാനും മിനിട്ട് നേരത്തെ താത്‌ക്കാലികമായ ക്ഷീണം മാത്രമേ രക്തദാനം കൊണ്ട് ഉണ്ടാകുകയുള്ളൂ.
ചിലതരം അപൂര്‍വ രക്തഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്കാണ് രക്തദാനം
ചിലതരം അപൂര്‍വ രക്തഗ്രൂപ്പുകള്‍ ഉള്ളവര്‍ മാത്രമാണ് രക്തദാനം ചെയ്യാറുള്ളതെന്നതും മിഥ്യാധാരണയാണ്. ഓരോ രക്തഗ്രൂപ്പും അമൂല്യമാണ്. അതിന് ഒരു ജീവന്റെ വിലയുണ്ട്. ഒ നെഗറ്റീവ് ഗ്രൂപ്പ് യൂണിവേഴ്‌സല്‍ ഡോണര്‍ എന്നറിയപ്പെടുന്നു. പക്ഷേ, വിവിധ രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി എല്ലാത്തരം രക്തഗ്രൂപ്പുകളും പ്രധാനപ്പെട്ടതാണ്.
ടാറ്റൂ ഉണ്ടെങ്കില്‍ രക്തദാനം ചെയ്യാനാകില്ല
ദേഹത്തെ ടാറ്റൂ വരച്ചവര്‍ക്ക് രക്തദാനം ചെയ്യാനാകില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷേ, ലൈസന്‍സുള്ള സുരക്ഷിതമായ ഇടങ്ങളിലാണ് നിങ്ങള്‍ ടാറ്റൂ ചെയ്‌തതെങ്കില്‍, ടാറ്റൂ ചെയ്‌ത് 12 മാസത്തിന് ശേഷം പ്രശ്‌നങ്ങളൊന്നുമില്ലാതെ നിങ്ങള്‍ക്ക് രക്തദാനം നടത്താം. ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന സൂചിയും ഉപകരണങ്ങളും വൃത്തിയുള്ളതാണോ എന്നതാണ് ഇവിടുത്തെ വിഷയം. എന്തെങ്കിലും മരുന്ന് കഴിക്കുന്നതും നിങ്ങളെ രക്തദാനത്തിന് അയോഗ്യരാക്കുന്നില്ല. ശരിക്കും മരുന്ന് കഴിക്കുന്നതിന് പിന്നിലുള്ള കാരണമാണ് നിങ്ങളുടെ രക്തദാനത്തിനുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നത്. ചിലതരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് അവസാന ഡോസ് കഴിഞ്ഞ് ഒരു കാത്തിരിപ്പ് സമയം രക്തദാനത്തിന് വേണ്ടി വരാറുണ്ട്.
ഒരിക്കല്‍ മാത്രമേ ദാനം ചെയ്യാനാകൂ
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ രക്തം ദാനം ചെയ്യാന്‍ കഴിയൂ എന്നതും വലിയൊരു തെറ്റിദ്ധാരണയാണ്. ആരോഗ്യവാന്മാരായ വ്യക്തികള്‍ക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും രക്തദാനം ചെയ്യാന്‍ സാധിക്കും.
രക്തദാന അനുഭവം എളുപ്പമാക്കാന്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാം
1. ആവശ്യത്തിന് വെള്ളമോ പാനീയങ്ങളോ കുടിക്കണം
2. രക്തദാനത്തിന് മുന്‍പ് പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും വേണം
3. അയഞ്ഞ വസ്‌ത്രങ്ങള്‍ ഇട്ട് പോകുന്നത് കൈകളിലെ വസ്‌ത്രം തെറുത്ത് കയറ്റി വച്ച് സുഗമമായി രക്തദാനം ചെയ്യാന്‍ സഹായിക്കും.
4. നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഡോക്ടറോട് ആദ്യമേ പറയാനും മറക്കരുത്
മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും രക്തദാനമെന്ന മഹാപുണ്യത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാതെ ശ്രദ്ധിക്കണം. പല ജീവനുകള്‍ രക്ഷിക്കാനുള്ള ഈ അപൂര്‍വ അവസരം പാഴാക്കാതെ ഇന്ന് തന്നെ രക്തദാനമെന്ന മഹാദൗത്യത്തില്‍ പങ്കാളിയാകാം. രക്തദാനം ചെയ്‌ത് നിരവധി ജീവനുകള്‍ രക്ഷിച്ച്, നിങ്ങള്‍ ഓരോരുത്തര്‍ക്കും യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്‍ ഹീറോകളാകാന്‍ കഴിയും.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://tinyurl.com/3z7hrxa5
(Disclaimer : എൽജി ഇലക്ട്രോണിക്സിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ലക്ഷ്യമിട്ട് പ്രസിദ്ധീകരിക്കുന്നത്)
(ലേഖിക ന്യൂഡല്‍ഹി എയിംസ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറും കാര്‍ഡിയോ-ന്യൂറോ സെന്ററിലെ ബ്ലഡ് ട്രാന്‍സ്‌ഫ്യൂഷന്‍ സര്‍വീസസ് ഇന്‍ ചാര്‍ജുമാണ്)