ആദായ നികുതി ആസൂത്രണം അവസാനിക്കുകയാണോ? ഇനി എന്ത് ചെയ്യും?

Mail This Article
ആദായ നികുതി ആസൂത്രണ യുഗം ഏറെക്കുറെ ഈ സാമ്പത്തിക വര്‍ഷത്തോടെ അവസാനിക്കുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്‌സ് പ്ലാനിങ് നടത്തുമ്പോള്‍ എല്ലാവരും ഇക്കാര്യം മനസില്‍ വയ്ക്കുന്നത് നല്ലതാണ്. ഇതേവരെ ലഭ്യമായിക്കൊണ്ടിരുന്ന ആദായ നികുതി ഇളവുകളും കിഴിവുകളും അനുവദിക്കാത്ത ന്യൂ ടാക്‌സ് റെജിം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വളരെ ആകര്‍ഷകമാക്കിയിരിക്കുകയാണ് സർക്കാർ.
നിക്ഷേപത്തിനും ചിലവുകള്‍ക്കും വായ്പകള്‍ക്കും ആദായ നികുതി ഇളവ് നല്‍കുന്ന ഓള്‍ഡ് ടാക്‌സ് റെജിം ഇപ്പോഴും നിലവിലുണ്ടെങ്കിലും 72 ശതമാനം ആദായ നികുതിദായകരും അതിനെ കയ്യൊഴിഞ്ഞ് ന്യൂ റെജിമാണ് കഴിഞ്ഞവര്‍ഷം സ്വീകരിച്ചത്. അടുത്ത വര്‍ഷമാകുമ്പോഴേക്ക് ഓള്‍ഡ് റെജിം ആരും സ്വീകരിക്കാത്ത സ്ഥിതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്‌സ് പ്ലാനിങിനെ സമീപിക്കേണ്ടത്.

ഓള്‍ഡ് റെജിം അനുസരിച്ചും ന്യൂ റെജിം അനുസരിച്ചും നികുതി എത്രവരുമെന്ന് കണക്കാക്കിവേണം ഇക്കുറി ഏത് റെജിം വേണമെന്ന് നിശ്ചയിക്കാന്‍. ഇതിനായി അനായാസം ഉപയോഗിക്കാവുന്ന ഇന്‍കംടാക്‌സ് കാല്‍ക്കുലേറ്റര്‍ ആദായ നികുതി വകുപ്പ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് നികുതി കണക്കാക്കാം. നടപ്പുസാമ്പത്തിക വര്‍ഷം ഓള്‍ഡ് ടാക്‌സ് റെജിം സ്വീകരിക്കുന്നവര്‍ ഇളവുകളും കിഴിവുകളും പൂര്‍ണമായി ലഭിക്കാന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി അതിന് അവശേഷിക്കുന്നത് ഏതാണ്ട് 40 ഓളം ദിവസങ്ങള്‍ മാത്രമാണ്. ഈ ചുരുങ്ങിയ ദിവസങ്ങള്‍ ഫലപ്രദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം നടപ്പുസാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകളും സ്ലാബുകളും പരിശോധിച്ച് അതിനനുസരിച്ച് വേണം ആസൂത്രണം ആരംഭിക്കേണ്ടത്.
ന്യൂ ടാക്‌സ് റെജിം നിരക്കുകളും സ്ലാബുകളും
മൂന്നുലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിന് നികുതിയില്ല. മൂന്നുമുതല്‍ ഏഴ് ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിന് 5 ശതമാനമാണ് നികുതി. ഏഴു മുതല്‍ 10 ലക്ഷം വരെ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ഏഴു ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിന് റിബേറ്റിലുടെ പൂര്‍ണ നികുതിയിളവ് നല്‍കിയിട്ടുണ്ട്. അതായത് 7 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല.
ന്യൂ ടാക്‌സ് റെജിം സ്വീകരിക്കുന്നവര്‍ക്കുള്ള ഇളവുകള്‍
മൊത്ത വരുമാനത്തില്‍ നിന്ന് 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പ്രകാരം കുറയ്കാം. ന്യൂ പെന്‍ഷന്‍ സ്‌കീമിലേക്ക് തൊഴിലാളിയുടെ പേരില്‍ തൊഴിലുടമ അടയ്ക്കുന്ന വിഹിതവും വരുമാനത്തില്‍ നിന്ന് കുറയ്ക്കാം.
ഓള്‍ഡ് ടാക്‌സ് റെജിം നിരക്കുകളും സ്ലാബുകളും
2.5 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിന് നികുതിയില്ല. 2.5 മുതല്‍ 5 ലക്ഷംവരെ 5 ശതമാനവും അഞ്ച് മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മേല്‍ 30 ശതമാനവുമാണ് നികുതി നിരക്ക്. വിവിധ വകുപ്പുകളിലായി നിരവധി കിഴിവുകളും ഇളവുകളും ഓള്‍ഡ് റെജിം സ്വീകരിക്കുന്നവര്‍ക്ക് ഉണ്ട്. അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8 @gmail.com)