ഇടുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി

Mail This Article
മൂന്നാർ ∙ പള്ളിവാസലിൽ വനിതകൾക്കു വേണ്ടി മാത്രമായി നിർമിച്ച ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് 1.25 കോടി രൂപ ചെലവിട്ട് ഷീ ലോഡ്ജ് നിർമിച്ചിരിക്കുന്നത്. അവസാനവട്ട പണികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ സഞ്ചാരികൾക്കായി തുറന്നു നൽകും. രണ്ടാം മൈലിലെ പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്തുള്ള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന് സമീപമാണ് ഷീ ലോഡ്ജ്. പഞ്ചായത്തിന്റെ തനതു പദ്ധതി വിഹിതങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചത്.
മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളായ വനിതകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കുന്നതിന് പ്രയോജനപ്പെടുത്താം. 8 മുറികൾ, 16 പേർക്കു താമസിക്കാവുന്ന ഡോർമിറ്ററി, ഭക്ഷണശാല, അടുക്കള, ഡ്രൈവർമാർക്കുളള താമസ സൗകര്യം, പാർക്കിങ് എന്നിവ അടങ്ങിയതാണ് ലോഡ്ജ്. 2022 മാർച്ച് 14–നാണ് നിർമാണമാരംഭിച്ചത്. ചിത്തിരപുരം, രണ്ടാം മൈൽ എന്നിവിടങ്ങളിലെ പ്രകൃതി ഭംഗി മുറികളിലുമിരുന്ന് കാണാൻ കഴിയുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിർമാണം. സംസ്ഥാന തലത്തിൽ പഞ്ചായത്ത് നിർമിക്കുന്ന ആദ്യത്തെ ഷീ ലോഡ്ജാണ് പള്ളി വാസലിൽ നിർമിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.പ്രതീഷ് കുമാർ പറഞ്ഞു.