രോഗങ്ങളും ദുരിതവും: തളർന്ന് ഈ കുടുംബം
![kollam-santhosh-house സന്തോഷിന്റെ വീട്](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2020/5/21/kollam-santhosh-house.jpg?w=1120&h=583)
Mail This Article
കൊട്ടാരക്കര∙ ദുരിതങ്ങൾ ഓരോന്നായി പാഞ്ഞടുക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഭിന്നശേഷിക്കാരനായ സന്തോഷും രോഗബാധിതരായ കുടുംബാംഗങ്ങളും. കഴിഞ്ഞ ദിവസം ഉണ്ടായ മിന്നലിൽ പരിസരത്തെ തെങ്ങിനൊപ്പം കൂരയുടെ ഒരു ഭാഗവും കത്തിനശിച്ചു. ഇതോടെ വീട്ടിലേക്ക് വെള്ളം കയറുന്നു. പോരാത്തതിന് നാല് വശവും വെള്ളക്കെട്ട് നിറഞ്ഞ വീടിനുള്ളിലാണ് തൃക്കണ്ണമംഗലിന് സമീപം ആയില്ലൂർ റോഡിന് സമീപം സംഗീതയിൽ സന്തോഷിന്റെ കുടുംബം. രോഗങ്ങൾ ഓരോരുത്തരിലേക്ക് പിടിമുറുക്കി.
ഭാര്യ ബേബി ക്ഷയരോഗിയാണ്. 14 കാരനായ മകൻ വിനോദ് കുടൽസംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. മകൾ സംഗീതയ്ക്ക്(9) ശ്വാസ തടസ്സമുണ്ട്. എല്ലാവരും നിത്യരോഗികൾ. രോഗം വക വയ്ക്കാതെ തൊഴിലുറപ്പ് ജോലികൾ ചെയ്താണ് ബേബി കുടുംബം പോറ്റുന്നത്. വീടും വസ്തുവിനുമായി പട്ടികജാതി വകുപ്പുകൾ നാലര ലക്ഷം രൂപ നൽകി. സെന്റിന് 50000 രൂപയാണ് വസ്തുവിന് അനുവദിച്ചത്. ഈ തുകയ്ക്ക് വസ്തു ലഭിക്കാതെ വന്നതോടെ നികത്തിയ വയൽ വാങ്ങേണ്ടി വന്നു. മഴക്കാലമായാൽ വീടിന് പുറത്തേക്കിറങ്ങാനാകില്ല. ദുരിതങ്ങളിൽ കര കയറാൻ ജനങ്ങളുടെയും സർക്കാരിന്റെയും സഹായം വേണം. രോഗങ്ങളിൽ നിന്നും മുക്തിനേടാനാകാതെ നിത്യച്ചെലവിന് പണം കണ്ടെത്താനാകാതെ ദുരിതങ്ങളിലാണ് കുടുംബം.