കടയ്ക്കൽ ഫെസ്റ്റിൽ താരങ്ങളായി ബാലരമയിലെ കഥാപാത്രങ്ങളും

Mail This Article
കടയ്ക്കൽ ∙ ഓണത്തോടനുബന്ധിച്ച് തുടങ്ങിയ കടയ്ക്കൽ ഫെസ്റ്റിൽ ബാലരമയിലെ കഥാപാത്രങ്ങളും. ഫെസ്റ്റിന്റെ കവാടത്തിൽ ആണ് മായാവിയും കൂട്ടൂസനും ഡാകിനിയും എല്ലാം ചിത്രങ്ങളിൽ അണിനിരന്നിരിക്കുന്നത്. ഇതു കടന്നാണ് പ്രദർശനം കാണാൻ ആളുകൾ എത്തുന്നത്. വിവിധ കാർഷിക ഉപകരണങ്ങൾ ഉൾപ്പെടെ മേളയിൽ ഒരുക്കിയിട്ടുണ്ട്. കടയ്ക്കൽ പഞ്ചായത്തും സാംസ്കാരിക സമിതിയും ചേർന്നാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
സുന്ദരേശൻ മെമ്മോറിയിൽ പ്രഫഷനൽ നാടകമത്സരമാണ് പ്രധാനം. പുസ്തകോത്സവം, വടം വലി, കുടുംബശ്രീ ഫെസ്റ്റ്, ഗോത്ര വർഗക്കാരുടെ കലാപരിപാടികൾ, മന്ത്രിയോടൊപ്പം ഒരു ദിവസം, റീൽസ് ഫെസ്റ്റിവൽ, മെഗാ തിരുവാതിര, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക് എന്നിവ ഫെസ്റ്റിൽ ഉണ്ട്. ഇന്ന് ഫെസ്റ്റിന്റെ ഉദ്ഘാടനം വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിക്കും. സെപ്റ്റംബർ മൂന്നിന് സമാപിക്കും.
കടയ്ക്കൽ ടൗണിൽ ഗതാഗത നിയന്ത്രണം
ഓണത്തിരക്കും കടയ്ക്കൽ ഫെസ്റ്റും കണക്കിലെടുത്ത് കടയ്ക്കൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽ പാർക്കിങ് നിയന്ത്രണം കർശനമാക്കി. റോഡിന്റെ ഇടതു വശത്ത് ഫോർവീലറുകളും വലത് വശത്ത് ഇരു ചക്ര വാഹനങ്ങളും പാർക്ക് ചെയ്യണം. അപകടം ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകും. ബസ് സ്റ്റാൻഡിനകത്ത് വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്. ടാക്സി സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വൺവേ സംവിധാനം കർശനമായി പാലിക്കണം.