ഒരു ദിവസം പോലും മുടങ്ങാതെ മൈലുകൾ താണ്ടി അവർ വരും; കപ്പലണ്ടി കൊറിക്കാൻ...

Mail This Article
പുത്തൂർ ∙ ആറ്റുവാശേരി കള്ളാട്ട് മുക്കിലെ പ്രഭാതക്കാഴ്ചയിൽ പീലിച്ചന്തം വിടർത്തുകയാണ് സമീപത്തെ പലചരക്കു കടയിലെ പുലർകാല സന്ദർശകരായ ഒരു പറ്റം മയിലുകൾ..! വല്ലാറ്റൂർ വീട്ടിൽ ജി.നന്ദകുമാറിന്റെ പലചരക്കു കടയിലാണ് ഒരു ദിവസം പോലും മുടങ്ങാതെ മയിലുകൾ കൂട്ടത്തോടെ എത്തുന്നത്. ഇവിടെയാണ് അവയുടെ പ്രഭാതഭക്ഷണം, ഇഷ്ട വിഭവം കപ്പലണ്ടി. രാവിലെ 5.30ന് നന്ദകുമാർ കട തുറക്കും. പാൽ വിൽപനയുടെ തിരക്ക് ഒന്നൊഴിയുമ്പോഴേക്കും മയിൽക്കൂട്ടം ഹാജരുണ്ടാകും.
ചിലപ്പോൾ പത്തെണ്ണം വരെ കാണും. കടയുടെ മുന്നിലെത്തിയാൽ ഉള്ളിലേക്കു നോക്കി നിൽപാണ്. ഇരുകയ്യിലും നിറയെ കപ്പലണ്ടിയുമായി നന്ദകുമാർ പുറത്തേക്കു വരുന്നതു വരെ നിൽപ് തുടരും. കപ്പലണ്ടി വിതറിയാൽ പിന്നെ ഉഷാറോടെ കൊത്തിപ്പെറുക്കും. പതിവു പടി കഴിഞ്ഞാൽ പല ഭാഗത്തേക്കു മടക്കം. 35 വർഷത്തിലേറെയായി നന്ദകുമാർ ഇവിടെ കട നടത്തുന്നു. മുൻപ് പ്രാവിൻകൂട്ടമായിരുന്നു നിത്യസന്ദർശകർ. അരിമണിയും ധാന്യങ്ങളും കൊത്തിപ്പെറുക്കാൻ കൂട്ടമായി അവയെത്തുമായിരുന്നു.
പക്ഷേ മയിലുകൾ രംഗം കയ്യടക്കിയതോടെ പ്രാവുകൾ കളത്തിനു പുറത്തായി. കഴിഞ്ഞ കുറെ വർഷങ്ങളായി ആറ്റുവാശേരിയിൽ മയിലുകളുടെ എണ്ണം പലമടങ്ങു വർധിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. കാഴ്ചയ്ക്കു കൗതുകമാണെങ്കിലും കൃഷി നശിപ്പിക്കുന്നതിൽ ഇവ അത്ര മോശമല്ലെന്നാണു പ്രദേശവാസികളും കർഷകരുമായ തങ്കപ്പൻ പിള്ളയും രവീന്ദ്രൻ പിള്ളയും പറയുന്നത്. ധാന്യവർഗങ്ങൾ കൃഷി ചെയ്താൽ മുള വരുമ്പോൾ തന്നെ കൊത്തിയൊടിച്ചു കളയും.